5 December 2025, Friday

Related news

December 5, 2025
December 3, 2025
December 2, 2025
December 1, 2025
November 30, 2025
November 29, 2025
November 28, 2025
November 27, 2025
November 26, 2025
November 25, 2025

പൊതുസമ്പത്തിന്റെ കൊള്ളയ്ക്ക് ഭരണകൂട ഒത്താശ

Janayugom Webdesk
December 1, 2025 4:25 am

ന്ത്യയുടെ പൊതുമേഖലാ ഇൻഷുറൻസ് സ്ഥാപനമായ എൽഐസി അഡാനി വ്യവസായ സാമ്രാജ്യത്തിലേക്ക് മറ്റൊരു 33,000 കോടി രൂപയുടെ നിക്ഷേപം കൂടി നടത്താൻ തീരുമാനിച്ചതായി വാർത്ത പുറത്തുവന്നത് ഇക്കഴിഞ്ഞ ഒക്ടോബറിലാണ്. യൂണിയൻ ധനമന്ത്രാലയത്തിന്റെയും നിതി ആയോഗിന്റെയും നിർദേശാനുസരണമായിരുന്നു ഇതെന്ന് എൽഐസിയുടെ ആഭ്യന്തര രേഖകൾ ഉദ്ധരിച്ച് യുഎസ് ദിനപത്രമായ വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തിരുന്നു. യുഎസിലെ ബ്രൂക്ലിൻ ഫെഡറൽ കോടതി ഗൗതം അഡാനിയടക്കം അഡാനി ഗ്രീൻ എനർജിയുടെ മുതിർന്ന എക്സിക്യൂട്ടീവുകളെ 250 ദശലക്ഷം ഡോളറിന്റെ അഴിമതി, തട്ടിപ്പ് കേസുകളിൽ പ്രതിചേർത്തതടക്കം അന്താരാഷ്ട്ര മാനങ്ങളുള്ള വിവാദങ്ങളെത്തുടർന്ന് അഡാനി ഗ്രൂപ്പിനുണ്ടായ നിക്ഷേപക വൈമുഖ്യത്തെയും ആശങ്കകളെയും മറികടക്കാനുള്ള മറുമരുന്നായാണ് അഡാനി സാമ്രാജ്യത്തിലേക്ക് കൂടുതൽ പൊതുഫണ്ട് ഒഴുക്കാനുള്ള നീക്കം ആരംഭിച്ചതെന്ന് കരുതപ്പെടുന്നു.

2025ൽ എൽഐസി അഡാനി പോർട്ട് ആന്റ് സ്പെഷ്യൽ ഇക്കണോമിക് സോണിൽ 5,000 കോടി രൂപയുടെ നിക്ഷേപം നടത്തിയിരുന്നു. പിന്നീട് ജൂണിൽ യുഎസ് ആസ്ഥാനമായുള്ള അഥീനി ഇൻഷുറൻസ് അഡാനിയുടെ മുംബൈ ഇന്റർനാഷണൽ എയർപോർട്ടിൽ 6,650 കോടി രൂപയുടെ വായ്പാ നിക്ഷേപത്തിന് മുതിർന്നു. തുടർന്ന് നിരവധി ആഗോള ഇൻഷുറൻസ് കമ്പനികൾ അഡാനി ഗ്രൂപ്പിന്റെ വിവിധ കമ്പനികളിൽ നിക്ഷേപത്തിന് തയ്യാറായി. എൽഐസിയുടെ നിക്ഷേപ സന്നദ്ധത, വിവാദപരമ്പരകളെത്തുടർന്ന് പ്രതിസന്ധിയെ നേരിട്ട അഡാനി കമ്പനികളുടെ വിശ്വാസ്യതയ്ക്കും സ്വീകാര്യതയ്ക്കും കരുത്തായി എന്നാണ് ഇത് തെളിയിക്കുന്നത്. നരേന്ദ്ര മോഡിയെ അധികാരത്തിൽ അവരോധിക്കുന്നതിൽ നിർണായക പങ്കുവഹിച്ച അഡാനി ബിസിനസ് സാമ്രാജ്യത്തെ സംരക്ഷിച്ച് നിലനിർത്താൻ മോഡി ഭരണകൂടവും ആജ്ഞാനുവർത്തികളും ഏതറ്റംവരെയും പോകാൻ മടിക്കില്ലെന്നാണ് ഈ വസ്തുതകൾ വ്യക്തമാക്കുന്നത്. അഡാനി ബിസിനസ് സാമ്രാജ്യത്തിന്റെ അധാർമ്മികവും നിയമവിരുദ്ധവും രാജ്യത്തിന്റെയും ജനങ്ങളുടെയും ഉത്തമതാല്പര്യങ്ങൾക്ക് വിരുദ്ധവുമായ ഇടപാടുകളും നടപടികളും അന്വേഷണവിധേയമാക്കണമെന്ന പ്രതിപക്ഷത്തിന്റെയും പൊതുസമൂഹത്തിന്റെയും ആവശ്യങ്ങൾക്കെതിരെ നിശബ്ദതയുടെ കന്മതിലാണ് മോഡി ഭരണകൂടം ഉയർത്തുന്നത്.

പൊതുമേഖലാ ഇൻഷുറൻസ് സ്ഥാപനമായ എൽഐസി രാജ്യത്തെ കുത്തക കോർപറേറ്റുകളായ അഡാനി ഗ്രൂപ്പിനോടും റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിനോടും പക്ഷപാതപരമായ വിധേയത്വമാണ് പുലർത്തുന്നതെന്ന് സാക്ഷ്യപ്പെടുത്തുന്ന വിശകലനങ്ങൾ കഴിഞ്ഞദിവസം പ്രമുഖ ബിസിനസ് വാർത്താ മാധ്യമമായ ലെെവ്മിന്റ് പുറത്തുകൊണ്ടുവന്നിരുന്നു. 2022 ഏപ്രിൽ ഒന്ന് മുതൽ കഴിഞ്ഞ മൂന്ന് വർഷത്തിലേറെയായി ഇരുകമ്പനികളുടെയും ഓഹരി ഉടമകളുടെ പരിഗണനയ്ക്കുവന്ന 9,000 പ്രമേയങ്ങളുടെ വോട്ടെടുപ്പിൽ എൽഐസി ‘സ്ഥിരമായി അനുകൂലമായി വോട്ടുചെയ്യുകയോ നിഷ്പക്ഷത പാലിക്കുകയോ’ ചെയ്തിരുന്നതായി വിശകലനം കണ്ടെത്തി. ഇതേ കാലയളവിൽ ഇതര വൻകിട കമ്പനികളുടെയും സംയുക്ത സംരംഭങ്ങളുടെയും സമാന നിർദേശങ്ങൾ എൽഐസി നിരാകരിച്ചത് പൊതുമേഖലാ സ്ഥാപനത്തിന്റെ പക്ഷപാതപരമായ സമീപനമാണ് തുറന്നുകാട്ടുന്നത്. ഭരണകൂട ചങ്ങാത്തം ആസ്വദിക്കുന്ന പ്രബല വ്യവസായികളോടുള്ള എൽഐസിയുടെയും സർക്കാരിന്റെയും പക്ഷപാതിത്വവും പ്രീണനനയവുമാണ് വോട്ടിങ്ങിൽ പ്രകടമാകുന്ന ഈ പക്ഷപാതിത്വത്തിന് കാരണമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

2023ൽ മുകേഷ് അംബാനിയെ ആർഐഎൽ മാനേജിങ് ഡയറക്ടറായി പുനർനിയമിക്കുന്നതിനുള്ള പ്രമേയത്തിന് അനുകൂലമായി വോട്ടുചെയ്ത എൽഐസി, ടിവിഎസ് മോട്ടോർ കമ്പനിയുടെ ചെയർമാൻ എമിരറ്റസും മാനേജിങ് ഡയറക്ടറുമായി വേണു ശ്രീനിവാസനെ വീണ്ടും തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച പ്രമേയത്തിന്റെ വോട്ടെടുപ്പിൽനിന്നും വിട്ടുനിന്നു. ‘ആഭ്യന്തര മാർഗനിർദേശ’മാണ് കാരണമായി ചൂണ്ടിക്കാട്ടിയത്. മറ്റുപല കമ്പനികളുടെയും സമാന വിഷയങ്ങളിലും എൽഐസി ഈ പക്ഷപാതപരമായ സമീപനം അവലംബിച്ചതായി മിന്റ് വിശകലനം ഉദാഹരണങ്ങൾ നിരത്തി ചൂണ്ടിക്കാട്ടുന്നു. അഡാനി കമ്പനികളുടെ ഇക്കാലയളവിലെ 368 പ്രമേയങ്ങളിൽ 351ലും എൽഐസി, കമ്പനിക്ക് അനുകൂലമായി വോട്ടുചെയ്തു. ബാക്കിയുള്ളവ വോട്ടിങ്ങിൽ നിന്നും വിട്ടുനിന്നു. ഒരെണ്ണത്തിൽ പോലും എൽഐസി അഡാനിക്ക് എതിരെ വോട്ടുചെയ്യുകയുണ്ടായിട്ടില്ല. അംബാനിയുടെ ആർഐഎൽ, ജിയോ ഫിനാൻഷ്യൽ സർവീസ് എന്നിവയുടെ ഇക്കാലയളവിലെ 63 ഓഹരി ഉടമാ പ്രമേയങ്ങളിലും എൽഐസി അനുകൂല വോട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കെ കെ ബിർളാ കുടുംബം നിയന്ത്രിക്കുന്ന ‘മിന്റാ‘ണ് ഈ വിശകലനം പുറത്തുകൊണ്ടുവന്നതെന്നതും ശ്രദ്ധേയമാണ്.

മുപ്പതുകോടിയില്‍പ്പരം പോളിസി ഉടമകൾ കഠിനാധ്വാനത്തിലൂടെ ആർജിച്ച നിക്ഷേപമാണ് എൽഐസിയെ ലോകത്തിലെതന്നെ മുൻനിര ഇൻഷുറൻസ് കമ്പനികളിൽ ഒന്നായി ഇന്ത്യൻ സമ്പദ്ഘടനയിൽ പ്രതിഷ്ഠിച്ചത്. അഡാനിയെ യുഎസ് ഫെഡറൽ കോടതി കൈക്കൂലിക്കേസിൽ പ്രതിചേർത്ത 2024 സെപ്റ്റംബർ 21ന്, മണിക്കൂറുകൾക്കുള്ളിൽ, ഓഹരിവിപണിയിൽ എൽഐസിക്കുണ്ടായ മൂല്യച്യുതി 7,850 കോടി രൂപയുടേതാണെന്ന് ആഭ്യന്തര രേഖകൾ ഉദ്ധരിച്ച് അന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഭരണകൂട സമ്മർദങ്ങൾക്ക് വഴങ്ങി എൽഐസി പോളിസിയുടമകൾക്കും രാഷ്ട്രത്തിനുതന്നെയും വരുത്തിവച്ചതും വരുത്തിയേക്കാവുന്നതുമായ സാമ്പത്തിക നഷ്ടത്തിന്റെ ആഴം അളക്കണമെങ്കിൽ വിഷയത്തിൽ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം കൂടിയേതീരൂ. ഇതുസംബന്ധിച്ച് സംയുക്ത പാർലമെന്ററി സമിതി അന്വേഷിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തോട് തികച്ചും നിഷേധാത്മകമായ സമീപനമാണ് മോഡി ഭരണകൂടം അവലംബിക്കുന്നത്. പാർലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് ആരംഭിക്കുകയാണ്. ഭരണകൂടവും രാജ്യത്തെ മുൻനിര പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയും പ്രധാനമന്ത്രിയുടെ കോർപറേറ്റ് ചങ്ങാതിമാരും ഉൾപ്പെട്ട ഈ സുപ്രധാന പ്രശ്നം പാർലമെന്റിന്റെ പരിഗണനയ്ക്ക് വരുമോ എന്നാണ് രാഷ്ട്രം ഉറ്റുനോക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.