
ഭരണഘടനാബാധ്യതകൾ നിറവേറ്റുന്ന കാര്യത്തിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ രാജ്യത്തിനാകെ മാതൃകയാണെന്ന് മുൻ ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ് പറഞ്ഞു. കമ്മിഷന്റെ 32ാം സ്ഥാപക ദിനാഘോഷ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സമയബന്ധിതമായി തദ്ദേശ തെരഞ്ഞെടുപ്പ് നടത്തുക, സുതാര്യമായ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പാലിക്കുക, വോട്ടർപട്ടിക കൃത്യമായി പരിഷ്കരിക്കുക തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ രാജ്യത്തെ മറ്റ് തെരഞ്ഞെടുപ്പ് കമ്മിഷനുകൾക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ മാതൃകയാണ്. തദ്ദേശസ്ഥാപന തലത്തിൽ കൂറുമാറ്റനിരോധന നിയമം നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. തദ്ദേശസ്ഥാപനങ്ങളുടെ അധ്യക്ഷന്മാർക്കെതിരെയുള്ള അവിശ്വാസപ്രമേയം പാസാകുമ്പോൾ തന്നെ അത് പ്രാബല്യത്തിലാകുന്ന വിധം നിയമവ്യവസ്ഥയുണ്ടായി. തദ്ദേശ സ്ഥാപനങ്ങളുടെയും അവയുടെ നിയോജക മണ്ഡലങ്ങളുടെയും പുനർവിഭജനത്തിന് സ്വതന്ത്ര സംവിധാനമായ ഡീലിമിറ്റേഷൻ കമ്മിഷൻ രൂപീകരിച്ച സംസ്ഥാനമാണ് കേരളമെന്നും എസ് എം വിജയാനന്ദ് അഭിപ്രായപ്പെട്ടു. ഭരണഘടനാ വ്യവസ്ഥകൾ പാലിച്ച് തെരഞ്ഞെടുപ്പ് സുതാര്യമായി നടത്താൻ കമ്മിഷൻ പ്രതിജ്ഞാബദ്ധമാണെന്ന് അധ്യക്ഷനായ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ എ ഷാജഹാൻ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കമ്മിഷൻ സെക്രട്ടറി ബി എസ് പ്രകാശ്, ജോയിന്റ് സെക്രട്ടറി അനിൽ ജോണി എന്നിവരും സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.