
കാലവര്‍ഷത്തെ നേരിടാന്‍ സംസ്ഥാനം പൂര്‍ണ സജ്ജമെന്ന് റവന്യു മന്ത്രി കെ രാജന്‍. ജൂൺ രണ്ടോടെ ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻഡിആർഎഫ്) ഏഴ് സംഘങ്ങൾ കൂടി കേരളത്തിലെത്തും. നിലവിൽ രണ്ട് സംഘങ്ങൾ സംസ്ഥാനത്തുണ്ട്. ജൂണോടെ ഇത് ഒമ്പതാകുമെന്നും മന്ത്രി പറഞ്ഞു. പൊലീസ്, ഫയര്‍ഫോഴ്സ്, സിവില്‍ ഡിഫന്‍സ് , ആപ്ത മിത്ര എന്നിവര്‍ സജ്ജമാണ്. ഇതിനു പുറമെ ആര്‍മിയുടെ പതിനൊന്ന് സംഘം, ഇന്റോ ടിബറ്റന്‍ ബറ്റാലിയന്‍ ഫോഴ്സിന്റെ ഒരു യൂണിറ്റ്, സിആര്‍പിഎഫ് നൂറ് പേര്‍, നേവിയുടെയും ആര്‍മിയുടെയും ആവശ്യമായ സംവിധാനങ്ങളെല്ലാം സര്‍വ സജ്ജമാണെന്നും മന്ത്രി പറഞ്ഞു. ഇന്നലെ സംസ്ഥാന ദുരന്തനിവാരണ അതോറിട്ടി ഓഫിസിലെത്തി മന്ത്രി സ്ഥിതിഗതികൾ വിലയിരുത്തി. തുടര്‍ന്ന് ജില്ലാ കളക്ടര്‍മാരുമായി യോഗം ചേര്‍ന്ന് ആവശ്യമായ നിര്‍ദേശങ്ങളും നല്‍കി.
സംസ്ഥാനത്ത് 3950 ക്യാമ്പുകള്‍ ആരംഭിക്കാനുള്ള മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. റവന്യു വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും ഉദ്യോഗസ്ഥര്‍ ക്യാമ്പുകളുടെ പ്രത്യേത ചുമതല വഹിക്കും. ദുരന്തനിവാരണ വകുപ്പിന്റെ കീഴിൽ പഞ്ചായത്തുകൾക്ക് ഒരു ലക്ഷം രൂപ വീതവും മുനിസിപ്പാലിറ്റികൾക്ക് മൂന്ന് ലക്ഷം രൂപ വീതവും കോർപറേഷനുകൾക്ക് അഞ്ച് ലക്ഷം രൂപ വീതവും അനുവദിച്ചു. അടിയന്തര സാഹചര്യത്തിൽ സുരക്ഷാ ഉപകരണങ്ങൾ വാങ്ങാനാണ് ഈ തുക. ക്യാമ്പുകളുടെ ഒരുക്കങ്ങൾക്കായും ഇതേ തുക അനുവദിച്ചിട്ടുണ്ട്. ഇതിനു പുറമേ ജില്ലാ കളക്ടർമാർക്ക് ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ ഒരു കോടി രൂപയും അനുവദിച്ചു. 25 ലക്ഷം രൂപ വരെ ഇപ്പോൾ എടുത്തു ഉപയോഗിക്കുന്നതിനുള്ള അനുമതിയും നൽകി.
റവന്യു ഉദ്യോഗസ്ഥര്‍ ജൂണ്‍ രണ്ട് വരെ അവധി എടുക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. വളരെ അത്യാവശ്യമല്ലാത്ത കാര്യങ്ങളില്‍ ലീവ് എടുത്തിട്ടുള്ള ഉദ്യോഗസ്ഥരുണ്ടെങ്കില്‍ തിരികെ ജോലിയില്‍ പ്രവേശിക്കണം. സമൂഹ മാധ്യമങ്ങള്‍ വഴി തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ മാതൃകാപരമായും കര്‍ശനവുമായിട്ടുള്ള നടപടി എടുക്കാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കളക്ടര്‍മാരുടെ ഫേസ്ബുക്ക് പേജിലൂടെ അതത് മണിക്കൂറുകളില്‍ മുന്നറിയിപ്പുകള്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.
മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതും ശ്രദ്ധിക്കണം. ഒറ്റപ്പെട്ടുപോകുന്ന ഇടങ്ങളില്‍ ഭക്ഷണധാന്യങ്ങള്‍ നേരത്തെ എത്തിക്കാനുള്ള സംവിധാനം ഒരുക്കണം. ഇക്കാര്യത്തില്‍ ഭക്ഷ്യ മന്ത്രിയുമായി കൂടിയാലോചിച്ച് നടപടികള്‍ സ്വീകരിക്കും. നാഷണല്‍ ഹൈവേയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടും ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കരാറുകാരുടെ നേതൃത്വത്തില്‍ അവര്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളില്‍ റാപ്പിഡ് റെസ്പോണ്‍സ് ടീമിനെ നിയമിക്കാനാണ് നിര്‍ദേശം. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ആവശ്യമായ ഉപകരണങ്ങള്‍ അവരുടെ കയ്യില്‍ ഉണ്ടാകണം. ദേശീയ പാതയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പ്രയാസമുണ്ടാകുന്ന സ്ഥലങ്ങളുടെ പട്ടിക സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം ജില്ലാ കളക്ടര്‍മാര്‍ തയ്യാറാക്കിയിട്ടുണ്ട്. ആ സ്ഥലങ്ങളെ കേന്ദ്രീകരിച്ച് സമാന്തര പാത തയ്യാറാക്കാനും യോഗത്തില്‍ തീരുമാനിച്ചു. ദേശീയ പാതയില്‍ ഏതെങ്കിലും തരത്തിലുള്ള സ്തംഭനാവസ്ഥ ഉണ്ടായാല്‍ വാഹനങ്ങള്‍ സമാന്തര പാത വഴി തിരിച്ചു വിടണം. ക്യാമ്പുകള്‍ തുറന്നാല്‍ അവിടെ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ തുടങ്ങണം. വളര്‍ത്തു മൃഗങ്ങളെ ക്യാമ്പിന്റെ ഭാഗമായി മറ്റൊരിടത്ത് അവരെ പാര്‍പ്പിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കണം. കവചം സംവിധാനത്തിലൂടെ കൃത്യമായ മുന്നറിയിപ്പുകൾ നൽകും. സംസ്ഥാനത്ത് നൂറിടങ്ങളില്‍ കവചം പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന്റെ മേല്‍നോട്ടത്തിനായി ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. റവന്യു വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഡാമുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച യോഗം കഴിഞ്ഞ ദിവസംചേര്‍ന്ന് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു.
പ്രവചനങ്ങള്‍ക്ക് എട്ട് ദിവസം മുമ്പ് മണ്‍സൂണ്‍ കേരളത്തിലെത്തി. 2009 നു ശേഷം ഏറ്റവും വേഗത്തില്‍ എത്തുന്ന കാലവര്‍ഷമാണിത്. 1975 നുശേഷം രണ്ട് തവണ മാത്രമേ ഇത്ര വേഗത്തില്‍ കാലവര്‍ഷം എത്തിയിട്ടുള്ളു. കാലവര്‍ഷത്തിന്റെ ആരംഭത്തിന്റെയും അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദത്തിന്റെയും അടിസ്ഥാനത്തില്‍ കേരളത്തില്‍ അതിശക്തമായ മഴയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചൊവ്വാഴ്ചയോടെ മധ്യപടിഞ്ഞാറന്‍ വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി മറ്റൊരു ന്യൂനമര്‍ദം കൂടി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു. ഇപ്പോള്‍ ആരംഭിച്ച മഴ ജൂണ്‍ ഒന്ന് വരെ ഏറിയും കുറഞ്ഞും പ്രദേശങ്ങളിലായി കടന്നു പോകും. അടുത്ത പത്തു ദിവസം ഏതു സാഹചര്യത്തിലും മഴ പ്രതീക്ഷിക്കണം. വെള്ളിയാഴ്ച വൈകിട്ടും ഇന്നലെ രാവിലെയും സംസ്ഥാനത്തെ എല്ലാ ജില്ലകിലും മഴ നല്ല രീതിയില്‍ ലഭിച്ചു. എറണാകുളം , കോട്ടയം ജില്ലകളില്‍ 100 മില്ലീമീറ്റര്‍ മഴ ലഭിച്ചു. എന്നാല്‍ ഒരാഴ്ചയില്‍ ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത് കണ്ണൂര്‍ പിണറായിയില്‍ ആണ്. 232 മില്ലീമീറ്റര്‍ മഴ രേഖപ്പെടുത്തി. മഴ മുന്നറിയിപ്പ് മാത്രമാകാതെ പൊതുവായി ജാഗ്രത ഉണ്ടാകണമെന്നും മഴയോടൊപ്പം എത്തിയിട്ടുള്ള ശക്തമായ കാറ്റ് കനത്ത നാശം വിതച്ചിട്ടുണ്ടെന്നും മന്ത്രി കെ രാജന്‍ കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.