
കേരളത്തിന്റെ ജനക്ഷേമ — വികസന ചരിത്രത്തിൽ മുന്നേറ്റത്തിന്റെ പുതിയ അധ്യായം കുറിച്ച സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങൾക്ക് ഇന്ന് തിരുവനന്തപുരത്ത് സമാപനം. പുത്തരിക്കണ്ടം മൈതാനത്ത് വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സർക്കാരിന്റെ കഴിഞ്ഞ നാല് വർഷത്തെ പ്രോഗ്രസ് റിപ്പോർട്ടിന്റെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിക്കും.
റവന്യു മന്ത്രി കെ രാജൻ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻകുട്ടി, എ കെ ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ ബി ഗണേഷ് കുമാർ, വി ശിവൻകുട്ടി, ജി ആർ അനിൽ, മേയർ ആര്യ രാജേന്ദ്രൻ, ആന്റണി രാജു എംഎൽഎ എന്നിവർ ആശംസ അർപ്പിക്കും. ചടങ്ങിൽ മന്ത്രിമാർ, എംപിമാർ, നിയമസഭാ അംഗങ്ങൾ, മറ്റു ജനപ്രതിനിധികൾ, സാമുദായിക‑രാഷ്ട്രീയ‑സാമൂഹ്യ‑കലാ സാംസ്‌കാരിക‑കായിക രംഗത്തെ വിശിഷ്ട വ്യക്തികൾ തുടങ്ങിയവർ പങ്കെടുക്കും. ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് സ്വാഗതവും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സെക്രട്ടറി എസ് ഹരികിഷോർ നന്ദിയും പറയും.
രാവിലെ 10.30 ന് വെള്ളയമ്പലം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ലാതല യോഗത്തിൽ വ്യത്യസ്ത മേഖലകളിലെ വ്യക്തികളുമായി മുഖ്യമന്ത്രി നേരിട്ട് സംവദിക്കും. വാർഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലകളിൽ സംഘടിപ്പിച്ച എന്റെ കേരളം പ്രദർശന — വിപണന മേളയും കലാ-സാംസ്കാരിക പരിപാടികളും വന്‍വിജയമായിരുന്നു എന്ന് മന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സജീവമായ ജനപങ്കാളിത്തം പരിപാടികളിലുണ്ടായിരുന്നു. സർക്കാരിന്റെ ഒമ്പത് വർഷത്തെ വികസന നേട്ടങ്ങളും ക്ഷേമ പ്രവർത്തനങ്ങളും പ്രദർശിപ്പിക്കാൻ കഴിഞ്ഞു. സംഘാടനമികവ് പരിപാടികളിൽ ഉടനീളം കാണാൻ കഴിഞ്ഞതായും സമാപന സമ്മേളനത്തിൽ അമ്പതിനായിരത്തോളം പേർ പങ്കെടുക്കുമെന്നും മന്ത്രി ജി ആർ അനിൽ പറഞ്ഞു.
ഏപ്രിൽ 21 ന് കാസർകോട് ആരംഭിച്ച വാർഷികാഘോഷങ്ങൾ ജനപങ്കാളിത്ത മികവോടെയും വിപുലമായ പരിപാടികളോടെയും വിവിധ ജില്ലകളിൽ പൂർത്തിയായി. പതിനായിരങ്ങൾ ഓരോ ദിവസവും വിവിധയിടങ്ങളിൽ പരിപാടിയുടെ ഭാഗമായി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ജില്ലാതല, മേഖലാതല, സെക്ടറൽ യോഗങ്ങളിൽ ആശയങ്ങളും വികസനചിന്തകളും അഭിപ്രായങ്ങളും ചർച്ചചെയ്യപ്പെട്ടു. സർക്കാർ സേവനങ്ങളുടെ ഗുണഭോക്താക്കൾ, ട്രേഡ് യൂണിയൻ/ തൊഴിലാളി പ്രതിനിധികൾ, യുവജനത, വിദ്യാർത്ഥികൾ, സാംസ്‌കാരിക, കായിക രംഗത്തെ പ്രതിഭകൾ, പ്രൊഫഷണലുകൾ, വ്യവസായികൾ, പ്രവാസികൾ, സാമുദായിക നേതാക്കൾ തുടങ്ങി വ്യത്യസ്ത മേഖലകളിൽ നിന്നുള്ളവർ യോഗത്തിൽ പങ്കെടുത്തു.
വിവിധ സർക്കാർ വകുപ്പുകൾ ജനങ്ങൾക്കു നൽകുന്ന സേവനങ്ങൾ, സമൂഹം അറിയേണ്ടതും ഉപകാരപ്രദവുമായ പദ്ധതികൾ എന്നിവ പ്രദർശന മേളയിൽ ശ്രദ്ധനേടി. ഫുഡ് കോർട്ടുകൾ, കലാപരിപാടികൾ, പുസ്തകമേള, കാർഷിക പ്രദർശനം, വിവിധ വകുപ്പുകളുടെ ഇൻസ്റ്റലഷനുകൾ, മിനി തിയേറ്റർ, പൊലീസിന്റെ ഡോഗ്‌ഷോ, കാരവൻ ടൂറിസം, വിവിധ കലാകാരൻമാരുടെ ലൈവ് ഡെമോൺസ്‌ട്രേഷനുകൾ തുടങ്ങിയ വൈവിധ്യങ്ങളായ പ്രദർശനങ്ങൾ മേളയെ ആകർഷകമാക്കി. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പാണ് പ്രദർശന‑വിപണന മേളയുടെ ഏകോപനം നിർവഹിച്ചത്. അടിസ്ഥാന സൗകര്യം കിഫ്ബി ഒരുക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.