
എല്ലാ മേഖലകളിലും സംസ്ഥാനം പുരോഗതയിലേക്ക് നീങ്ങുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണസംവിധാനത്തിന്റെ പരമമായ ഉത്തരവാദിത്തം ജനങ്ങളോടാണെന്നും ഈ തത്വം അക്ഷരാർഥത്തിൽ നടപ്പാക്കേണ്ടതുണ്ടെന്ന ബോധ്യത്തോടെയാണ് എൽഡിഎഫ് സർക്കാർ പത്ത് വർഷത്തോളമായി പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘മുഖ്യമന്ത്രി എന്നോടൊപ്പം’ എന്ന സിറ്റിസൺ കണക്ട് സെന്ററിന്റെ പ്രവർത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളും സര്‍ക്കാരും തമ്മില്‍ ആശയവിനിമയത്തില്‍ വിടവ് ഉണ്ടാവാൻ പാടില്ല. അങ്ങനെ വിടവുണ്ടായാല്‍ അത് തീര്‍ക്കാനുള്ള സംവിധാനമാണ് മുഖ്യമന്ത്രി എന്നോടൊപ്പം എന്ന പരിപാടി. ജനങ്ങളുടെ പ്രശ്നങ്ങളില്‍ സമയബന്ധിതമായി നടപടി എടുക്കുന്ന ഒരു സംവിധാനമായാണ് ഇത് പ്രവര്‍ത്തിക്കുക. ഇങ്ങനെ ഒന്ന് മുമ്പില്ലാത്തതും മറ്റൊരിടത്തും ഇല്ലാത്തതുമാണ്. തങ്ങള്‍ക്ക് നീതി ലഭിച്ചില്ലെന്ന പരാതി ചിലര്‍ക്കുണ്ടാകാം. അത്തരം പരാതികള്‍ ശ്രദ്ധയില്‍പെടുത്താനും ഇത് അവസരമൊരുക്കും. ഒരു പരാതി വിളിച്ചുപറഞ്ഞാല്‍ അത് രേഖപ്പെടുത്തുക മാത്രമല്ല, 48 മണിക്കൂറിനകം പരാതിക്കാരനെ തിരിച്ചുവിളിക്കുകയും സ്വീകരിക്കാൻ കഴിയുന്ന നടപടികള്‍ എത്രത്തോളമാണെന്ന് വിശദീകരിക്കുകയും ചെയ്യും.
സാധ്യമാകാത്തതാണെങ്കില്‍ അതും അറിയിക്കും. തുടര്‍നടപടി സ്വീകരിക്കേണ്ടതാണെങ്കില്‍ പരിഹാരവും കാണും. സദാ ഉണര്‍ന്നിരിക്കുന്ന ഒരു ടീം ഇതിനുണ്ട്. ഉദ്യോഗസ്ഥ തലത്തില്‍ പരിഹരിക്കാനുള്ളവ അങ്ങനെയും മന്ത്രിമാര്‍ ഇടപെടേണ്ടവ ആ വിധത്തിലും കൈകാര്യം ചെയ്യും. ജനങ്ങളെ ഭരണനിര്‍വഹണത്തില്‍ പങ്കാളികളാക്കുന്നതാണിത്. സുതാര്യവും നൂതനവുമായ ഈ സംവിധാനത്തിലൂടെ എല്ലാ വിഭാഗം ജനങ്ങളിലേക്ക് എത്തിച്ചേരാനും എല്ലാവരുടെയും അഭിപ്രായം ഉള്‍ക്കൊള്ളാനും സര്‍ക്കാരിന് കഴിയും.
അതിലൂടെ ജനങ്ങള്‍ വികസനത്തിന്റെ ഗുണഭോക്താക്കള്‍ മാത്രമല്ല, സംസ്ഥാനത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിലെ സജീവ പങ്കാളികളാണെന്ന് കൂടി ഉറപ്പാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി കെ രാജൻ അധ്യക്ഷനായി. മന്ത്രിമാരായ കെ എൻ ബാലഗോപാല്‍, റോഷി അഗസ്റ്റിൻ, ആര്‍ ബിന്ദു, പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ, വി ശിവൻകുട്ടി, കെ കൃഷ്ണൻകുട്ടി, രാമചന്ദ്രൻ കടന്നപ്പള്ളി, മേയര്‍ ആര്യ രാജേന്ദ്രൻ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാര്‍, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, പിആര്‍ഡി ഡയറക്ടര്‍ ടി വി സുഭാഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.