26 February 2026, Thursday

Related news

February 26, 2026
February 26, 2026
February 26, 2026
February 26, 2026
February 26, 2026
February 26, 2026
February 26, 2026
February 26, 2026
February 25, 2026
February 25, 2026

സംസ്ഥാനതല പട്ടയ വിതരണമേള അഭിമാന നേട്ടം: മുഖ്യമന്ത്രി

45,731 പട്ടയങ്ങള്‍ വിതരണം ചെയ്തു
ഭൂമിയുടെ അവകാശികളായത് 4,56,689 പേര്‍
Janayugom Webdesk
തൃശൂര്‍
February 26, 2026 9:58 pm

പട്ടയ വിതരണത്തിൽ പുതുചരിത്രം സൃഷ്ടിച്ച് എൽഡിഎഫ് സർക്കാർ. കഴിഞ്ഞ 10 വർഷം കൊണ്ട് നാലര ലക്ഷം കുടുംബങ്ങൾക്ക് പട്ടയ വിതരണം പൂർത്തിയാക്കി നടത്തിയ കുതിപ്പിന്റെ തുടര്‍ച്ചയായി സംസ്ഥാനതല പട്ടയ വിതരണ മേള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
കേരളീയർക്ക് സന്തോഷവും അഭിമാനവും പകരുന്നതാണ് ഈ മേളയെന്നും കുറച്ചുസമയം കൂടി ലഭിച്ചാൽ അഞ്ച് ലക്ഷം പട്ടയം എന്ന പ്രഖ്യാപിതലക്ഷ്യം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും ചടങ്ങ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
2016ലെ സർക്കാരിന്റെ കാലത്ത് 1,77,011 പട്ടയങ്ങളാണ് വിതരണം ചെയ്തത്. തുടർഭരണത്തിന്റെ ആദ്യ ഘട്ടത്തിൽ 54,535 പട്ടയം നല്‍കി. പിന്നീട് വിവിധ ഘട്ടങ്ങളിലായി ആകെ 2,33,947 പട്ടയങ്ങളാണ് വിതരണം ചെയ്തത്. ഇപ്പോള്‍ വിതരണം ചെയ്യുന്ന 45,731 പട്ടയങ്ങളോടെ 4,56,689 പേരാണ് ഭൂമിയുടെ അവകാശികളായത്. ഇത് തുടർഭരണത്തിന്റെ പ്രത്യേകതയാണ്. സ്വന്തമായി ഭൂമി, വീട്, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ സാധ്യമാക്കുന്ന, പാവപ്പെട്ടവർക്ക് സുരക്ഷിതത്വം ഒരുക്കുന്ന സർക്കാരാവാൻ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കേരളം മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വേറിട്ടുനിൽക്കുന്നത് ഇവിടെ വലിയ വികസനം നടക്കുന്നതു കൊണ്ടാണ്. ഇടതുപക്ഷം അധികാരത്തിൽ വരുന്നതിന് മുമ്പ് ഒരു കാലം ഉണ്ടായിരുന്നു. പ്രതിസന്ധികൾ മാത്രം നിറഞ്ഞിരുന്ന യുഡിഎഫ് ഭരണകാലം. യുഡിഎഫ് – എൽഡിഎഫ് എന്നുള്ളതല്ല, നയത്തിന്റെ പ്രശ്നമാണ്. ബിജെപിയും കോൺഗ്രസും ഒരേ നയങ്ങളാണ് വച്ചുപുലർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ കാലങ്ങളായി നിലനിന്നിരുന്ന പട്ടയ പ്രശ്നങ്ങൾക്ക് ഈ സർക്കാരിന്റെ കാലത്ത് ഗണ്യമായ പരിഹാരം കാണാൻ സാധിച്ചതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. തൃശൂർ താലൂക്കിലെ മലയോര മേഖലയിൽ 2011–16 കാലയളവിൽ കേവലം 18 പട്ടയങ്ങൾ മാത്രം വിതരണം ചെയ്ത സ്ഥാനത്ത്, ഇടതു മന്ത്രിസഭയ്ക്ക് 2,634 പട്ടയങ്ങൾ നൽകാൻ സാധിച്ചത് വലിയ നേട്ടമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മികച്ച സേവനം കാഴ്ചവച്ച റവന്യു ഉദ്യോഗസ്ഥരെ ചടങ്ങിൽ മന്ത്രി ആദരിച്ചു.
എംഎല്‍എമാരായ പി ബാലചന്ദ്രൻ, എ സി മൊയ്തീൻ, കെ കെ രാമചന്ദ്രൻ, സനീഷ് കുമാർ ജോസഫ്, എൻ കെ അക്ബർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ലാൻഡ് റവന്യു കമ്മിഷണർ കെ ജീവൻ ബാബു, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ തുടങ്ങിയവര്‍ പങ്കെടുത്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.