പിന്നാക്ക മേഖലയായ കുട്ടമ്പുഴ ട്രൈബല്‍ കേന്ദ്രത്തില്‍ നിന്ന് കണ്ണൂരിന് വേണ്ടി സ്വര്‍ണമണിഞ്ഞ ഗോപിക, കിടപ്പു രോഗിയായ അച്ഛന് വേണ്ടി പൊന്നണിഞ്ഞ ഗീതു, കലാപഭൂമിയായ മണിപ്പൂരില്‍ നിന്നെത്തി പാലക്കാടിന് വേണ്ടി സ്വര്‍ണം വാരിക്കൂട്ടിയ ജഹീര്‍ ഖാനും അര്‍ഷാദ് അലിയും… അങ്ങനെ ഒരിക്കലും വിസ്മരിക്കാനാകാത്ത ഓര്‍മ്മകള്‍ സമ്മാനിച്ച് നാല് ദിനങ്ങളിലായി കുന്നംകുളം ഗവ. വിഎച്ച്എസ്എസ് സ്കൂള്‍ മൈതാനത്ത് നടന്ന 65-ാമത് സംസ്ഥാന കായികോത്സവത്തിന് കൊടി ഇറങ്ങി.
3000ത്തോളം പ്രതിഭകള്‍ അണിനിരന്ന മേളയുടെ നാലാം ദിനത്തിലും അത്ഭുതങ്ങള്‍ സംഭവിച്ചില്ല. പാലക്കാടിന്റെ പോരാട്ടവീര്യത്തിന് മുന്നില്‍ മലപ്പുറം മാറി നിന്നു. കായികോത്സവത്തിലെ ഓവറോള്‍ ചാമ്പ്യന്‍പട്ടം വീണ്ടും പാലക്കാടിന്റെ മണ്ണിലേക്ക്. തുടര്‍ച്ചയായ മൂന്നാംവട്ടമാണ് പാലക്കാട് കിരീടം നേടുന്നത്. 28 സ്വര്‍ണവും 27 വെള്ളിയും 12 വെങ്കലവുമുള്‍പ്പെടെ 266 പോയിന്റാണ് നെല്ലറ നേടിയത്.
ആദ്യദിവസങ്ങളില്‍ വെല്ലുവിളി ഉയര്‍ത്തിയ മലപ്പുറം അവസാനദിവസങ്ങളില്‍ പിന്നോട്ട് പോയി. 13 സ്വര്‍ണവും 22 വെള്ളിയും 20 വെങ്കലവുമുള്‍പ്പെടെ 168 പോയിന്റ് നേടിയ ഏറനാടന്‍ വീര്യം രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. മൂന്നാം സ്ഥാനം കോഴിക്കോടിനാണ്.
സ്‌കൂളുകളില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ഐഡിയല്‍ കടകശേരി ചാമ്പ്യന്‍പട്ടം സ്വന്തമാക്കി. അവസാനം വരെ പോരാടിയ മാര്‍ബേസില്‍ കോതമംഗലത്തിന് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഐഡിയല്‍ 57 പോയിന്റും മാര്‍ബേസിലിന് 46 പോയിന്റുമുണ്ട്.
അവസാന ദിനത്തില്‍ രണ്ട് റെക്കോഡുകളാണ് പിറന്നത്. ആണ്‍കുട്ടികളുടെ സീനിയര്‍ വിഭാഗം ഷോട്പുട്ടില്‍ കാസര്‍കോടിന്റെ കെ സി സര്‍വാനും 800മീറ്റര്‍ ഓട്ടത്തില്‍ പാലക്കാടിന്റെ ജെ ബിജോയിയുമാണ് റെക്കോഡോടെ സ്വര്‍ണം നേടിയത്. ഇതോടെ മീറ്റിലെ റെക്കോഡ് നേടിയവരുടെ എണ്ണം ആറായി. ഇതില്‍ സര്‍വാന്‍ ഡിസ്‌കസ് ത്രോയിലും റെക്കോഡ് തിരുത്തിയ പ്രകടനമാണ് നടത്തിയത്. ഇവര്‍ക്ക് പുറമേ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ കിരണ്‍ കെ യും, സീനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ അനുപ്രിയ വി എസും 400 മീറ്റര്‍ സീനിയര്‍ ബോയ്സ് ഓട്ടത്തില്‍ അഭിരാം പി യും റെക്കോഡ് തിരുത്തി.
സബ‌്ജൂനിയര്‍ വിഭാഗത്തില്‍ മൂന്ന് സ്വര്‍ണം നേടിയ കെ എച്ച് എസ് കുമരംപുത്തൂരിന്റെ അര്‍ഷാദ് അലി മികച്ച കായികതാരമായി. പെണ്‍കുട്ടികളില്‍ ദേവശ്രീ മികച്ച താരമായി. ജൂനിയര്‍ ആണ്‍കുട്ടികളില്‍ അമൃത് എം, പെണ്‍കുട്ടികളില്‍ ആദിത്യ അജി എന്നിവരാണ് മികച്ച താരങ്ങള്‍.
സീനിയര്‍ വിഭാഗത്തില്‍ മൂന്ന് പേര്‍ക്കാണ് മികച്ച താരത്തിനുള്ള പുരസ്കാരം. മൂന്ന് സ്വര്‍ണംവീതം നേടിയ പാലക്കാടിന്റെ ബിജോയിയും അഭിരാമും മലപ്പുറത്തിന്റെ മുഹമ്മദ് മുഹസിനും താരങ്ങളായി. ജ്യോതികയാണ് സീനിയര്‍ പെണ്‍കുട്ടികളിലെ മികച്ചതാരം. സമാപനസമ്മേളനത്തില്‍ മന്ത്രി കെ രാധാകൃഷ്ണന്‍ ട്രോഫികള്‍ വിതരണം ചെയ്തു.
English Summary: State sports festival palakkad wins
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.