
ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ കേന്ദ്രത്തിന് സുപ്രീം കോടതി ഒരു മാസത്തെ സമയം അനുവദിച്ചു. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
ഇതേക്കുറിച്ച് ജമ്മു കശ്മീര്‍ സര്‍ക്കാരുമായി കൂടിയാലോചന നടത്തുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്ത കോടതിയെ അറിയിച്ചു. സംസ്ഥാനപദവി തിരികെ നല്‍കുന്നതിനുമുമ്പ് പഹല്‍ഗാം ആക്രമണം പോലുള്ള സംഭവങ്ങളും പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ കേന്ദ്രത്തിന് ഇക്കാര്യത്തില്‍ വലിയ താല്പര്യമില്ലെന്ന സൂചനയാണ് പുറത്തുവന്നത്.
പഹല്‍ഗാം ആക്രമണം കേന്ദ്രത്തിന്റെ നിരീക്ഷണമുള്ളപ്പോഴാണ് നടന്നതെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണന്‍ പറഞ്ഞു. പദവി പുനഃസ്ഥാപിക്കുമെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അത് പാലിക്കുന്നില്ലെങ്കില്‍ എന്ത് ചെയ്യണമെന്നും ചോദിച്ചു. മറുപടി നല്‍കാന്‍ ഓഗസ്റ്റ് 14ന് സുപ്രീം കോടതി കേന്ദ്രത്തിന് രണ്ട് മാസത്തെ സമയം നല്‍കിയിരുന്നെങ്കിലും ഇതുവരെ നല്‍കാത്തതിനെത്തുടര്‍ന്നാണ് പുതിയ ഉത്തരവ്.
സംസ്ഥാനങ്ങളെ കേന്ദ്രഭരണ പ്രദേശമാക്കാന്‍ കേന്ദ്രത്തിന് അനുവാദം നല്‍കുന്നത് ഫെഡറല്‍ സംവിധാനത്തിന് എതിരായ കാര്യമാണെന്നും ഏത് സംസ്ഥാനത്തെയും ലക്ഷ്യംവയ്ക്കാമെന്നും ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ വാദിച്ചു. നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്നെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശിനെ കേന്ദ്രഭരണ പ്രദേശമാക്കാം അല്ലെങ്കില്‍ തമിഴ‍്നാടിനെ മാറ്റാമെന്നും ചൂണ്ടിക്കാട്ടി.
ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരികെ നല്‍കാമെന്ന് കേന്ദ്രം ഉറപ്പുനല്‍കിയതോടെ ഭരണഘടനയുടെ അനുച്ഛേദം മൂന്ന് അനുസരിച്ച് ഒരു സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുന്നത് അനുവദനീയമാണോ എന്ന് തീരുമാനിക്കാനാകില്ലെന്ന് മുമ്പ് കോടതി വ്യക്തമാക്കിയിരുന്നു. സംസ്ഥാന പദവി മടക്കിനല്‍കുന്നത് വൈകിപ്പിക്കുന്നത് ഫെഡറല്‍ ഘടനയുടെ ലംഘനമാണെന്ന് ഹര്‍ജിക്കാരും പറയുന്നു.
2019 ഓഗസ്റ്റില്‍ കശ്മീരിന്റെ പ്രത്യേക പദവിയും സംസ്ഥാന പദവിയും കേന്ദ്രം എടുത്തുകളഞ്ഞിരുന്നു. അനുയോജ്യമായ സമയത്ത് സംസ്ഥാന പദവി തിരികെ നല്‍കുമെന്ന് കേന്ദ്രം ജമ്മു കശ്മീര്‍ ജനതയ്ക്ക് പലതവണ ഉറപ്പ് നല്‍കിയിരുന്നെങ്കിലാം പാലിക്കാത്തതിനെത്തുടര്‍ന്നാണ് പൗരസംഘടനകളടക്കം സുപ്രീം കോടതിയെ സമീപിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.