18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 12, 2024
November 29, 2024
November 12, 2024
October 23, 2024
September 6, 2024
August 24, 2024
July 24, 2024
July 21, 2024
July 10, 2024
July 5, 2024

വേണ്ടത് സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ തന്നെയാണ്

പ്രൊഫ. കെ അരവിന്ദാക്ഷൻ
November 17, 2023 4:45 am

ഐക്യരാഷ്ട്രസഭ സാമ്പത്തിക, സാമൂഹ്യകാര്യങ്ങള്‍ക്കായുള്ള വകുപ്പ് (യുഎന്‍ ഡിഇഎസ്എ) ‘വേള്‍ഡ് പോപ്പുലേഷന്‍ പ്രോസ്പെക്ട്സ് 2022’ എന്ന പേരില്‍ വരാനിരിക്കുന്ന പതിറ്റാണ്ടുകളില്‍ ആഗോള ജനസംഖ്യാഘടനയില്‍ പ്രതീക്ഷിക്കുന്ന മാറ്റങ്ങള്‍ എന്തെല്ലാമാണെന്ന രേഖ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതനുസരിച്ച് 2050 ആകുമ്പോള്‍ ലോകജനസംഖ്യയുടെ 16 ശതമാനമെങ്കിലും 65 വയസ് പൂര്‍ത്തിയായവരായിരിക്കും. ജനസംഖ്യയാകട്ടെ 970 കോടിയില്‍ എത്തുകയും ചെയ്യും. ആയുര്‍ദെെര്‍ഘ്യം 1940കള്‍ക്കുശേഷം ഇരട്ടിയായി — 32ല്‍ നിന്നും 70ലേക്ക് ഉയര്‍ന്നിരിക്കുകയാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇതെല്ലാം നേട്ടങ്ങളുടെ പട്ടികയില്‍ത്തന്നെ ഉള്‍പ്പെടുത്താന്‍ കഴിയുമെന്നതില്‍ തര്‍ക്കമില്ല. 2050 ആകുമ്പോഴേക്ക് ഇന്ത്യന്‍ ജനസംഖ്യ 170 കോടിയായി ഉയരുക മാത്രമല്ല, ചെെനയെ രണ്ടാം സ്ഥാനത്താക്കുകയും ചെയ്യുമെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ഇതും പ്രസക്തമാണ്. വൃദ്ധജനങ്ങളുടെ സുരക്ഷിതമായ ഭാവിയും സാര്‍വത്രിക സാമൂഹ്യസുരക്ഷാ പദ്ധതിയും കൂടുതല്‍ പ്രസക്തമാകുന്ന കാലഘട്ടത്തിലൂടെയാണ് കേന്ദ്ര‑സംസ്ഥാന‑പ്രാദേശിക തലങ്ങളിലുള്ള ഭരണകൂടങ്ങളെല്ലാം കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. പ്രായം ചെന്നവര്‍ 2011ല്‍ ജനസംഖ്യയുടെ ഒമ്പത് ശതമാനമായിരുന്നത് 2036ല്‍ 18 ശതമാനത്തിലേക്ക് കുതിച്ചുയരും. അതായത് ഇരട്ടി വര്‍ധന. ഭാരിച്ച ഈ ബാധ്യത ഏറ്റെടുക്കുകയല്ലാതെ രാഷ്ട്രീയ ഭരണകര്‍ത്താക്കള്‍ക്ക് വേറെ വഴിയില്ല. ഒരു ജനാധിപത്യ പരമാധികാര റിപ്പബ്ലിക്ക് എന്ന നിലയില്‍ രാജ്യം ഭരിക്കുന്നവര്‍ ആരായാലും, മുഴുവന്‍ ജീവനക്കാര്‍ക്കും തൊഴിലാളി വിഭാഗങ്ങള്‍ക്കും ശമ്പളവും വേതനവും മാത്രമല്ല, തൊഴില്‍സ്ഥിരതയും പെന്‍ഷനും നല്‍കാന്‍ ബാധ്യസ്ഥമാണ്.

സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ കിട്ടുന്നവര്‍ക്ക് മാത്രമല്ല, നിലവില്‍ ശമ്പളം വാങ്ങി പണിയെടുക്കുന്നവര്‍ക്കും അത് അവകാശപ്പെട്ടതാണ്. 2021–22ലെ പീരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വേയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നത് ശമ്പളക്കാരില്‍ 54 ശതമാനം പേര്‍ക്കും രാജ്യത്ത് ഒരുതരത്തിലുള്ള സാമൂഹ്യ സഹായവും ലഭിക്കുന്നില്ലെന്നാണ്. ഇതിനര്‍ത്ഥം ഇവര്‍ക്ക് പ്രൊവിഡന്റ് ഫണ്ട് പെന്‍ഷന്‍, ആരോഗ്യസുരക്ഷ, ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ തുടങ്ങിയവ കിട്ടുന്നില്ലെന്നു തന്നെയാണ്. ഇത്തരമൊരു പശ്ചാത്തലം നിലവിലിരിക്കെയാണ് കേന്ദ്രസര്‍ക്കാര്‍ നിലവിലുണ്ടായിരുന്ന പെന്‍ഷന്‍ പദ്ധതിക്ക് പകരം പുതിയൊരു പദ്ധതിക്കായി പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ഡെവലപ്മെന്റ് അതോറിട്ടി (പിഎഫ്ആര്‍ഡിഎ) ക്ക് രൂപം നല്‍കുകയും കേരളം അടക്കമുള്ള സംസ്ഥാന സര്‍ക്കാരുകള്‍ അത് അംഗീകരിക്കുകയും ചെയ്തിരിക്കുന്നത്. സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്ക് പകരമാണ് കോണ്‍ട്രിബ്യൂട്ടറി — പങ്കാളിത്ത — പെന്‍ഷന്‍ പദ്ധതി. ഇതോടെ പെന്‍ഷന്‍ എന്ന ആനുകൂല്യത്തിന്റെ അര്‍ത്ഥവും വ്യാപ്തിയും തീര്‍ത്തും നഷ്ടപ്പെടുകയാണ്. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി 2004 മുതലാണ് കേന്ദ്രം നടപ്പാക്കാനാരംഭിച്ചത്. അന്നുവരെ പെന്‍ഷന്‍ ഒരു അവകാശമായിരുന്നു, ഔദാര്യമായിരുന്നില്ല. ബോണസ് എന്നത് മാറ്റിവയ്ക്കപ്പെട്ട വേതനം എന്ന് നിര്‍വചിക്കപ്പെട്ടിരുന്നതുപോലെ പെന്‍ഷനും മാറ്റിവയ്ക്കപ്പെട്ട വേതനമായിത്തന്നെയായിരുന്നു കരുതിയിരുന്നത്.


ഇതുകൂടി വായിക്കൂ:നീതിന്യായ വ്യവസ്ഥയും മനുഷ്യാവകാശ സംരക്ഷണവും


കേരളത്തില്‍ ഈ തൊഴിലാളിവിരുദ്ധ പരിഷ്കാരം നിലവില്‍ വന്നത് യുഡിഎഫ് അധികാരത്തിലിരുന്ന 2013 ഏപ്രില്‍ ഒന്ന് മുതലാണ്. 2016 മുതല്‍ എല്‍ഡിഎഫ് സര്‍ക്കാരാണ് കേരളത്തില്‍ അധികാരത്തിലിരിക്കുന്നത്. ഒരു ജനപക്ഷ സര്‍ക്കാരെന്ന നിലയില്‍ തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ജനവിരുദ്ധ, തൊഴിലാളിവിരുദ്ധ പെന്‍ഷന്‍ നിയമത്തില്‍ നിന്നും പിന്മാറുമെന്ന് പറഞ്ഞിരുന്നെങ്കിലും ഏഴ് വര്‍ഷമായിട്ടും തല്‍സ്ഥിതി തുടരുകയാണ്. കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ പദ്ധതിക്കെതിരായി നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഒന്ന്, പുതിയ പദ്ധതിയില്‍ പെന്‍ഷന്‍ എന്നതിന് കൃത്യമായ നിര്‍വചനമോ ലഭ്യമാകുന്ന തുക സംബന്ധമായ യാതൊരുവിധ ഉറപ്പോ നിയമത്തില്‍ എവിടെയും കാണുന്നില്ല. രണ്ട്, പുതിയ പെന്‍ഷന്‍ പദ്ധതി, ജീവനക്കാരെ ഭിന്നിപ്പിക്കുന്നതിലേക്കാണ് കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നത്. സംസ്ഥാനത്ത് 2013 ഏപ്രില്‍ ഒന്നിന് മുമ്പ് സര്‍വീസില്‍ പ്രവേശിച്ച് പെന്‍ഷന്‍ പറ്റി പിരിയുന്നവര്‍ക്ക് പഴയ പെന്‍ഷന്‍ ആനുകൂല്യങ്ങളും പുതിയ പദ്ധതി പ്രയോഗത്തില്‍ വന്നതിനുശേഷം സേവനത്തില്‍ പ്രവേശിച്ചവര്‍ക്ക് പുതിയ ആനുകൂല്യങ്ങളുമായിരിക്കും കിട്ടുക. തീര്‍ത്തും അശാസ്ത്രീയവും നീതീകരിക്കാന്‍ കഴിയാത്തതുമായതാണ് ഈ വര്‍ഗവിഭജനം. മൂന്ന്, ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യനീതിയും നിയമവാഴ്ചയുടെ തുല്യമായ പ്രയോഗവും പെന്‍ഷന്‍ നയത്തിലൂടെ തീര്‍ത്തും അപ്രത്യക്ഷമായിരിക്കുകയാണ്. ഒരു വിഭാഗത്തിന് കൃത്യമായ തോതില്‍ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ലഭ്യമാകുമ്പോള്‍ മറ്റൊരു വിഭാഗത്തിന് വിപണി ശക്തികളുടെ ദയാദാക്ഷിണ്യങ്ങള്‍ക്ക് വിധേയരാകേണ്ടിവരുന്നു.

കേന്ദ്രത്തിലെ ഫാസിസ്റ്റ് ഭരണകൂടത്തിന്റേതിന് സമാനമായ തൊഴിലാളിവിരുദ്ധ നയസമീപനത്തിനെതിരെ ഉരിയാടാന്‍ സര്‍വീസ് സംഘടനകളും യോജിച്ചൊരു പ്രക്ഷോഭത്തിന് തയ്യാറാകുന്നില്ല. നിലവില്‍ ജോയിന്റ് കൗണ്‍സില്‍ മാത്രമാണ് സമരരംഗത്തുള്ളത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 10ന് ആയിരക്കണക്കിന് കേന്ദ്ര‑സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും രാജ്യസുരക്ഷാ ജീവനക്കാരുമടക്കം ഡല്‍ഹി രാംലീലാ മെെതാനത്ത് പഴയ പെന്‍ഷന്‍ പദ്ധതിയിലേക്ക് മടങ്ങിപ്പോകണമെന്ന മുദ്രാവാക്യം മുഴക്കി പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചിരുന്നു. മൊത്തം 60 കേന്ദ്ര യൂണിയനുകളാണ് സംയുക്തവേദി രൂപീകരിച്ചത്. ഇവരെല്ലാം ചേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് നിവേദനം സമര്‍പ്പിക്കുകയും ചെയ്തു. പുതിയ പെന്‍ഷന്‍ പദ്ധതിയുമായി മുന്നോട്ടു പോകാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെങ്കില്‍ 2004 ജനുവരി ഒന്നിനും അതിനുശേഷവും നിയമനം കിട്ടിയ മുഴുവന്‍ ജീവനക്കാരുടെയും ജീവിതം അവതാളത്തിലാകും എന്നാണവര്‍ നിവേദനത്തില്‍ പരാമര്‍ശിച്ചത്. അഖിലേന്ത്യാ സ്റ്റേറ്റ് ഗവണ്‍മെന്റ് എംപ്ലോയീസ് കോണ്‍ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ജീവനക്കാരുടെ ഉജ്വലപ്രകടനവും ദേശീയ തലസ്ഥാനത്ത് നടന്നിരുന്നു. പഴയ പെന്‍ഷന്‍ പദ്ധതിയനുസരിച്ച്, സര്‍വീസില്‍ നിന്നും വിരമിക്കുന്നവര്‍ക്ക് സേവനകാലത്ത് ഏറ്റവുമൊടുവില്‍ ലഭ്യമായ അടിസ്ഥാനശമ്പളത്തിന്റെ 50 ശതമാനം പ്രതിമാസ പെന്‍ഷനായി കിട്ടും. ഈ തുകയ്ക്കുമേല്‍ പണപ്പെരുപ്പ നിരക്കിന്റെ വര്‍ധനവിന് ആനുപാതികമായി വര്‍ഷത്തില്‍ രണ്ടുവട്ടമെങ്കിലും ക്ഷാമബത്ത വര്‍ധനവുകൂടി ലഭിക്കും. കൂടാതെ, സേവന കാലാവധി കണക്കിലെടുത്ത് ഡെത്ത് ആന്റ് റിട്ടയര്‍മെന്റ് ഗ്രാറ്റുവിറ്റി ഓരോ പെന്‍ഷന്‍കാരനും നിശ്ചിത മാനദണ്ഡം അടിസ്ഥാനമാക്കി അനുവദിക്കപ്പെടും. 2022 ജൂലൈ ഒന്നു മുതല്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കയ്യോടെയുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്ക് — മെഡിസെപ് — രൂപം നല്‍കി നടപ്പാക്കി തുടങ്ങിയിരിക്കുകയാണ്.


ഇതുകൂടി വായിക്കൂ:ജനകീയ സര്‍ക്കാര്‍ ജനങ്ങളിലേക്ക്


മൊത്തം 600 കോടി രൂപ കോര്‍പ്പസ് ഫണ്ട് അടിസ്ഥാനമാക്കിയുള്ള പദ്ധതിയാണിത്. ഇതിലേക്കായി ഓരോ പെന്‍ഷന്‍കാരും മുമ്പ് പണമായി ലഭ്യമായിരുന്ന പ്രതിമാസ ആരോഗ്യ സംരക്ഷണ ഫണ്ടായ 500 രൂപ നിരക്കിലുള്ള തുക മെഡിസെപ്പിലേക്ക് നിക്ഷേപിച്ചിരിക്കണം. ഒരാള്‍ക്കും ഇതില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാനാവില്ല. മെഡിസെപ്പില്‍ ചേര്‍ന്നാലും ഇല്ലെങ്കിലും പണമായി കിട്ടിയിരുന്ന ആരോഗ്യ സംരക്ഷണ തുക ലഭ്യമാകില്ല. എന്നാല്‍ മെഡിസെപ് പദ്ധതിയുമായി സഹകരിക്കാമെന്നേറ്റ സ്വകാര്യ ആശുപത്രികളുടെ പട്ടികയില്‍ പ്രതീക്ഷിച്ചത്ര സ്ഥാപനങ്ങളില്ല എന്ന ആശങ്ക ജീവനക്കാര്‍ പങ്കുവയ്ക്കുന്നു. സന്നദ്ധമായ ആശുപത്രികളില്‍ ഭൂരിഭാഗവും പെന്‍ഷന്‍കാര്‍ ആവശ്യപ്പെടുന്ന ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നില്ലെന്ന പരാതിയുമുണ്ട്. മാത്രമല്ല, പലപ്പോഴും നിര്‍ദേശിക്കപ്പെട്ട മരുന്നുകള്‍ ചികിത്സ നേടുന്ന ആശുപത്രികളില്‍ നിന്നും ന്യായമായ വിലയ്ക്ക് ലഭ്യമല്ലാത്തതിനാല്‍ അവ അധികവില നല്‍കി പുറത്തുനിന്നും വാങ്ങേണ്ട സാഹചര്യവും നേരിടേണ്ടിവരുന്നു. അപകട പരിരക്ഷാ ആനുകൂല്യം വാഹനാപകടങ്ങളില്‍ പെടുന്നവര്‍ക്ക് മാത്രമായും പരിമിതപ്പെടുത്തിയിരിക്കുന്നു. കേരളത്തില്‍ പൂര്‍ണ പെന്‍ഷന് അര്‍ഹത വേണമെങ്കില്‍ 30 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയിരിക്കണം. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ആറാം ശമ്പള കമ്മിഷന്‍ നിര്‍ദേശിച്ച 20 വര്‍ഷ കാലാവധി നടപ്പാക്കിക്കഴിഞ്ഞു. ഇവിടെ വിരമിക്കല്‍ പ്രായം 55–56 വയസായി നിജപ്പെടുത്തിയിരിക്കുന്നു. ജോലിയില്‍ പ്രവേശിക്കുമ്പോള്‍തന്നെ 40–45 വയസ് പ്രായമാകുന്നു. അതായത് പരമാവധി സേവന കാലാവധി 20 വര്‍ഷത്തില്‍ താഴെമാത്രമേ വരുന്നുള്ളു. പെന്‍ഷന്‍ സംവിധാനത്തില്‍ തിരികെപ്പോക്ക് നടക്കുന്നതോടൊപ്പം പെന്‍ഷന്‍ ആനുകൂല്യത്തിനുള്ള സേവന കാലാവധിയിലും പരിഷ്കാരം കൂടിയേ തീരൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.