
ഹൈക്കോടതി ഉത്തരവിനെ തുടർന്ന് മുനമ്പത്തെ വഖഫ് തർക്കഭൂമിയിലെ താമസക്കാരിൽനിന്ന് വസ്തു നികുതി ഈടാക്കുന്നതിന് പുറമെ പോക്കുവരവ്, കൈവശ സർട്ടിഫിക്കറ്റ് പോലുള്ള മറ്റ് റവന്യു അവകാശങ്ങളും അനുവദിക്കാനുള്ള ജില്ല കളക്ടറുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. എറണാകുളം ജില്ലാ കളക്ടർ ജി പ്രിയങ്ക ഡിസംബർ രണ്ടിന് പുറപ്പെടുവിച്ച ഉത്തരവ് കോടതിയലക്ഷ്യമാണെന്ന് പ്രഥമദൃഷ്ട്യാ നിരീക്ഷിച്ചാണ് ജസ്റ്റിസ് സി ജയചന്ദ്രന്റെ ഉത്തരവ്. ഹർജി ജനുവരി 14ന് വീണ്ടും പരിഗണിക്കും. മുനമ്പം ഭൂമി വഖഫ് സ്വത്തല്ലെന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിന്റെ പശ്ചാത്തലത്തിൽ കുഴിപ്പിള്ളി, പള്ളിപ്പുറം വില്ലേജുകളിലെ തർക്കഭൂമിയിലെ താമസക്കാരിൽനിന്ന് വസ്തു നികുതി ഈടാക്കാൻ നവംബർ 26ന് കോടതി അനുമതി നൽകിയിരുന്നു. എന്നാൽ, ഇതിന് പുറമെ പോക്കുവരവ്, കൈവശ സർട്ടിഫിക്കറ്റ്, ലൊക്കേഷൻ സ്കെച്ച്, ആർഒആർ എന്നിവക്കും അപേക്ഷകൾ ലഭിക്കുന്നതായി വില്ലേജ് ഓഫിസർമാർ കലക്ടർക്ക് കത്തയച്ചു. ഈ കത്തുകളുടേയും നവംബർ 26ലെ കോടതി ഉത്തരവിന്റെയും മറ്റും അടിസ്ഥാനത്തിലാണ് നികുതി ഈടാക്കലിന് പുറമെ മറ്റ് റവന്യു അധികാരങ്ങളും സോപാധികമായി അനുവദിക്കാൻ ഭൂരേഖ തഹസിൽദാർക്കും പള്ളിപ്പുറം, കുഴിപ്പിള്ളി വില്ലേജ് ഓഫിസർമാർക്കും കളക്ടർ നിർദേശം നൽകിയത്. ഹൈക്കോടതി, സുപ്രീം കോടതി വിധികളുടെ അന്തിമ തീർപ്പിന് വിധേയമെന്ന് രേഖപ്പെടുത്തണമെന്നാണ് ഉപാധി. ഇതിന് അനുകൂലമായ നിയമോപദേശം ലഭിച്ചതായും കളക്ടറുടെ ഉത്തരവിലുണ്ട്. എന്നാൽ, ഇത് കോടതിയലക്ഷ്യമാണെന്ന് കാട്ടി കേരള വഖഫ് സംരക്ഷണ വേദി കോടതിയെ സമീപിക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.