മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിക്കുന്നവരുടെ ലൈസൻസ് റദ്ദ് ചെയ്യാൻ നടപടി കൈക്കൊള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വർധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗം കണ്ടെത്തുന്നതിന് തയ്യാറാക്കിയ പ്രത്യേക വാഹനങ്ങളുടെ സൗകര്യം പ്രയോജനപ്പെടുത്തി മദ്യം, മയക്കുമരുന്ന് എന്നിവ ഉപയോഗിക്കുന്നവരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണം. ഗതാഗത നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കണം. ഹൈവേ പട്രോളിങ് ശക്തിപ്പെടുത്തണം. ഹോട്ട് സ്പോട്ടുകളിൽ പൊലീസ് സാന്നിധ്യം ഉറപ്പാക്കണം. നിശ്ചിത കാലയളവുകളിൽ പൊലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായി പരിശോധന നടത്താൻ മുഖ്യമന്ത്രി നിർദേശം നല്‍കി.
ബൈക്ക് സ്റ്റണ്ട് തടയുന്നതിന് ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ സൈബർ പെട്രോളിങ് ശക്തിപ്പെടുത്തണം. ഒന്നിലധികം തവണ കുറ്റകൃത്യം ആവർത്തിക്കുന്നവരുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതിന് നടപടിയെടുക്കണം. വേഗപ്പൂട്ട് പരിശോധന കർശനമാക്കണം. നിർദേശാനുസരണമുള്ള വേഗതയിലാണ് വാഹനങ്ങൾ ഓടിക്കുന്നതെന്ന് ഉറപ്പുവരുത്തണം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന കാമറകൾ ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങൾ പ്രയോജനപ്പെടുത്താം. കാമറ സ്ഥാപിക്കുന്നതോടൊപ്പം പ്രവർത്തനക്ഷമത ഉറപ്പാക്കണം.
നമ്പർ പ്ലേറ്റ് തിരിച്ചറിയാൻ സഹായിക്കുന്നതിന് വികസിപ്പിച്ച ഓട്ടോമാറ്റിക് നമ്പർപ്ലേറ്റ് റെക്കഗ്നേഷൻ (എഎൻപിആർ) കാമറകൾ ഇ‑ചലാൻ സംവിധാനവുമായി ബന്ധിപ്പിച്ച് പ്രവർത്തനങ്ങൾ ഊർജിതമാക്കണം. ഹെവി വെഹിക്കിളുകളിൽ ഡാഷ്ബോർഡ് കാമറ സ്ഥാപിക്കുന്നത് സംബന്ധിച്ച് വിശദമായ പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
യോഗത്തിൽ ഗതാഗതമന്ത്രി ആന്റണി രാജു, സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്, ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ, കമ്മിഷണർ എസ് ശ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു.
കാൽനട യാത്രക്കാർ അപകടത്തിൽപ്പെടുന്നത് ഒഴിവാക്കാൻ നടപടി
കാൽനട യാത്രക്കാർ അപകടത്തിൽപ്പെടുന്നത് ഒഴിവാക്കാൻ നടപ്പിലാക്കേണ്ട പ്രവർത്തനങ്ങൾ സംബന്ധിച്ച് രൂപരേഖ തയ്യാറാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ദേശീയ പാതകളിലും സംസ്ഥാന പാതകളിലും പ്രധാനപ്പെട്ട മറ്റ് പാതകളിലും റോഡ് സുരക്ഷാ ഓഡിറ്റ് നടത്തി റോഡപകടങ്ങൾ കുറയ്ക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണം. റോഡ് സുരക്ഷയ്ക്ക് മുഖ്യപരിഗണന നൽകി ട്രാഫിക്ക് എന്‍ജിനീയറിങ് ഡിസൈൻസ് വികസിപ്പിക്കണം.
റോഡ് സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കുന്നത് ഉറപ്പാക്കാൻ മോട്ടോർ വാഹന വകുപ്പും പൊലീസും ചേർന്ന് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിവിളക്ക് സ്ഥാപിക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ നിർവഹിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
English Summary: Steps should be taken to cancel the license of driving under the influence of drugs: Chief Minister
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.