
അടിയും തിരിച്ചടിയുമായി ആഷസ് ആദ്യ ടെസ്റ്റിലെ ആദ്യദിനം ആവേശമായി. ഒന്നാം ഇന്നിങ്സില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 172 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ ആദ്യ ദിനം സ്റ്റമ്പെടുക്കമ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സെന്ന നിലയില്‍ വന്‍ തകര്‍ച്ചയിലാണ്. നതാന്‍ ലിയോണും (മൂന്ന്), റണ്ണൊന്നുമെടുക്കാതെ ബ്രണ്ടന്‍ ഡോഗറ്റുമാണ് ക്രീസില്‍. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് സ്കോറിനൊപ്പമെത്താൻ ഓസ്ട്രേലിയയ്ക്ക് ഇനി 49 റൺസ് കൂടി വേണം. ആറോവറില്‍ 23 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റെടുത്ത ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെന്‍ സ്റ്റോക്സിന്റെ തകര്‍പ്പന്‍ ബൗളിങ്ങാണ് ഓസീസിനെ തകര്‍ത്തത്. ജോഫ്ര ആര്‍ച്ചറും ബ്രൈഡന്‍ കഴ്സും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ 26 റണ്‍സെടുത്ത അലക്സ് ക്യാരിയാണ് ഓസീസിന്റെ ടോപ് സ്കോറര്‍.
സ്കോര്‍ബോര്‍ഡില്‍ റണ്ണെത്തും മുമ്പെ ഓസീസിന്റെ വിക്കറ്റ് ഇംഗ്ലണ്ട് ബൗളര്‍മാര്‍ പിഴുത് തുടങ്ങി. ഏഴ് വിക്കറ്റ് എറിഞ്ഞിട്ട മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ബൗളിങ്ങിന് ഇംഗ്ലണ്ട് കൃത്യമായ മറുപടിയാണ് പിന്നീടങ്ങോട്ട് നല്‍കിയത്. ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ അരങ്ങേറ്റക്കാരന്‍ ജേക്ക് വെതറാള്‍ഡിനെ (0) ജോഫ്ര ആര്‍ച്ചര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. മാര്‍നസ് ലാബുഷെയ്നെ 41 പന്തുകള്‍ ക്രീസില്‍ നേരിട്ടെങ്കിലും ഒമ്പത് റണ്‍സെടുത്ത് മടങ്ങുകയായിരുന്നു. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെ ബ്രൈഡണ്‍ കഴ്സ്, ഹാരി ബ്രൂക്കിന്റെ കൈകളിലെത്തിച്ചു. 17 റണ്‍സാണ് സ്മിത്ത് നേടിയത്. ഉസ്മാന്‍ ഖവാജയ്ക്ക് ആറ് പന്തുകള്‍ മാത്രമാണ് ക്രീസില്‍ നേരിടാനായത്. കഴ്സ് തന്നെ ഖവാജയെയും മടക്കുകയായിരുന്നു. ട്രാവിസ് ഹെഡും കാമറൂണ്‍ ഗ്രീനും ചേര്‍ന്ന് സ്കോര്‍ 76ല്‍ എത്തിച്ചെങ്കിലും ഇരുവരെയും മടക്കിയ ബെന്‍ സ്റ്റോക്സ് ഓസീസിന്റെ നടുവൊടിച്ചു. അലക്സ് ക്യാരിയും (26) മിച്ചല്‍ സ്റ്റാര്‍ക്കും ചേര്‍ന്ന് ഓസീസിനെ 100 കടത്തി. എന്നാല്‍ ഇരുവരെയും മടക്കിയ സ്റ്റോക്സ് വാലറ്റത്തെ അതിവേഗം പുറത്താക്കി അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചു. ഒന്നാം ഇന്നിങ്സില്‍ ലീഡ് നേടാമെന്ന പ്രതീക്ഷയിലാണ് ഇംഗ്ലണ്ട്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനായി അര്‍ധസെഞ്ചുറി നേടിയ ഹാരി ബ്രൂക്കാണ് ടോപ് സ്കോററായത്. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ താരം 61 പന്തില്‍ 52 റണ്‍സെടുത്തു. ഇംഗ്ലണ്ടിന് ആദ്യ ഇന്നിങ്സിൽ 32.5 ഓവർ മാത്രമാണ് പിടിച്ചുനിൽക്കാനായത്. 39 റൺസിനിടെ ഇംഗ്ലണ്ടിന് ആദ്യ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. സാക്ക് ക്രൗളി (പൂജ്യം), ബെന്‍ ഡക്കറ്റ് (21), ജോ റൂട്ട് (പൂജ്യം) മൂന്ന് പേരെയും സ്റ്റാര്‍ക്കാണ് മടക്കിയത്. അര്‍ധസെഞ്ചുറിക്കരികെ കാമറൂണ്‍ ഗ്രീനിന്റെ പന്തില്‍ പോപ്പ് എല്‍ബിഡബ്ല്യുവില്‍ കുരുങ്ങി. 58 പന്തില്‍ 46 റണ്‍സാണ് പോപ്പ് നേടിയത്. ക്യാപ്റ്റന്‍ സ്റ്റോക്സിന് ആറ് റണ്‍സ് മാത്രമേ നേടാനായുള്ളു. ജാമി സ്മിത്താണ് രണ്ടക്കം കണ്ട മറ്റൊരു താരം. സ്മിത്ത് 22 പന്തില്‍ 33 റണ്‍സെടുത്തു. അവസാന അഞ്ച് വിക്കറ്റുകള്‍ 12 റണ്‍സെടുക്കുന്നതിനിടെയാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. സ്റ്റാര്‍ക്കിനെ കൂടാതെ ബ്രെന്റണ്‍ ഡോഗറ്റ് രണ്ട് വിക്കറ്റും ഗ്രീന്‍ ഒരു വിക്കറ്റും വീഴ്ത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.