
നെല്ല് സംഭരണത്തിന്റെ കണക്കുകൾ യഥാസമയം കൊടുക്കാത്തതുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ തുക തടഞ്ഞുവച്ചതെന്നത് വ്യാജപ്രചാരണമെന്ന് ഭക്ഷ്യ‑പൊതുവിതരണ മന്ത്രി ജി ആര്‍ അനില്‍. ഇപ്രകാരം കണക്കുകളൊന്നും നൽകാനില്ലെന്ന് മന്ത്രി വ്യക്തമാക്കി. സി സി മുകുന്ദന്‍ ഉന്നയിച്ച ഉപക്ഷേപത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
2017–18 മുതൽ 2024–25 വരെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് 1206 കോടി രൂപ കേന്ദ്രസർക്കാർ തടഞ്ഞുവച്ചിട്ടുണ്ട്. അന്യായമായ വ്യവസ്ഥകളും നിഷ്ക്കർഷകളും ഉന്നയിച്ചുകൊണ്ടാണ് കേന്ദ്ര സർക്കാർ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് നൽകേണ്ട ഭീമമായ തുകകൾ തടഞ്ഞുവച്ചിട്ടുള്ളത്.
ഇത് മൂലം കർഷകർ എടുത്തിട്ടുള്ള പിആർഎസ് വായ്പകൾ തിരിച്ചടവാക്കാൻ സപ്ലൈകോ പ്രയാസപ്പെടുന്നുണ്ട്. വേരിയബിൾ എക്കണോമിക് കോസ്റ്റിന്റെ അഞ്ച് ശതമാനം വരുന്ന തുക പിടിച്ച് വയ്ക്കുകയും നോഡൽ ഏജൻസിയായ സപ്ലൈകോയുടെ കണക്കുകൾ ഓഡിറ്റ് ചെയ്ത് സമർപ്പിച്ചതിന് ശേഷം ഫൈനൽ സെറ്റിൽമെന്റ് ചെയ്യുകയും ചെയ്യുന്നത് ഒരു സാധാരണ രീതിയാണ്. ഇപ്രകാരം പിടിച്ച് വയ്ക്കുന്നത് കേന്ദ്ര സർക്കാരിൽ നിന്നും ആകെ ലഭിക്കാനുള്ള തുകയുടെ കേവലം രണ്ട് ശതമാനത്തോളമേ വരൂ. പെന്റിങ് ഉണ്ടായിരുന്ന ഓഡിറ്റുകൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച് വരികയാണ്. നിലവിൽ 2019–20 വരെയുള്ള ഓഡിറ്റ് പൂർത്തീകരിച്ചിട്ടുണ്ട്.
2024–25 സംഭരണവർഷത്തിൽ 2,071,43 കർഷകരിൽ നിന്നായി ആകെ സംഭരിച്ചത് 5.80 ലക്ഷം മെട്രിക് ടൺ നെല്ലാണ്. ഇതിന്റെ വിലയായ 1645.07 കോടി രൂപയിൽ 1574.57 കോടി രൂപയും 1,96,913 കർഷകർക്കായി ശനിയാഴ്ച വരെ വിതരണം ചെയ്തു കഴിഞ്ഞു. ഇനി 10,230 കർഷകർക്കായി 70.5 കോടി രൂപയാണ് നൽകാൻ ബാക്കിയുള്ളത്. വിതരണം വേഗത്തിൽ നടന്നു വരുന്നതായും മന്ത്രി പറഞ്ഞു.
2025–26 വർഷത്തെ പ്രോത്സാഹന ബോണസ് ഇനത്തിൽ കർഷകർക്ക് നല്കാനായി സംസ്ഥാന സർക്കാർ ബഡ്ജറ്റിൽ വകയിരുത്തിയ തുക മുൻകൂറായി ഉൾപ്പെടെ അനുവദിച്ചതു കൊണ്ടുകൂടിയാണ് കർഷകരിൽ നിന്നും സംഭരിച്ച നെല്ലിന്റെ വില വിതരണം ചെയ്യാൻ കഴിഞ്ഞത്.
കേന്ദ്രസർക്കാരിൽ നിന്നും ഒരു രൂപ പോലും ലഭിച്ചിട്ടില്ലെങ്കിലും സംസ്ഥാന സർക്കാർ മുഴുവൻ കർഷകർക്കും നെല്ലിന്റെ തുക കൊടുത്ത് തീർക്കാൻ നടപടി സ്വീകരിച്ചു. അടുത്ത സംഭരണ വർഷം മുതൽ നെല്ലെടുത്താൽ ഉടൻ തന്നെ കർഷകർക്ക് സംഭരണ വില ലഭ്യമാക്കാൻ ഉതകുന്ന തരത്തിൽ കേരളാ ബാങ്കുമായി സഹകരിച്ച് ഒരു പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കൃഷി — വൈദ്യുതി — സഹകരണം — ഭക്ഷ്യ മന്ത്രിമാരുടെ യോഗത്തിൽ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.