22 January 2026, Thursday

Related news

January 7, 2026
January 6, 2026
December 7, 2025
November 24, 2025
November 11, 2025
November 7, 2025
November 3, 2025
November 3, 2025
November 2, 2025
October 27, 2025

തെരുവുനായ ശല്യം: കണ്ണൂർ നഗരത്തിൽ രണ്ട് ദിവസത്തിനുള്ളിൽ മൂന്ന് ഷെൽട്ടർ ഹോമുകള്‍ സ്ഥാപിക്കും

Janayugom Webdesk
കണ്ണൂര്‍
June 21, 2025 8:51 am

തെരുവുനായ ശല്യം അടിയന്തിരമായി പരിഹരിക്കുന്നതിന് കണ്ണൂർ കോർപറേഷനിൽ രണ്ടും കന്റോൺമെന്റ് പരിധിയിൽ ഒന്നും ഷെൽട്ടർ ഹോമുകൾ സ്ഥാപിക്കുമെന്ന് രജിസ്‌ട്രേഷൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. രണ്ടു ദിവസത്തിനുള്ളിൽ മൂന്ന് ഷെൽട്ടർ ഹോമുകളും സ്ഥാപിച്ച് നഗരത്തിൽ അലഞ്ഞു തിരിയുന്ന നായ്ക്കളെ പിടികൂടി ഇവിടേക്ക് മാറ്റും. ജില്ലയിലെ തെരുവുനായ ആക്രമണവുമായി ബന്ധപ്പെട്ട് മന്ത്രിയുടെ അധ്യക്ഷതയിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിന് ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിൽ തെരുവുനായ ശല്യം രൂക്ഷമാവുകയും നിരവധി പേർക്ക് നായയുടെ കടിയേൽക്കുകയും ചെയ്ത സാഹചര്യത്തിൽ ജില്ലാ പഞ്ചായത്ത്, കോർപ്പറേഷൻ, കന്റോൺമെന്റ് എന്നിവയുമായും പൊലീസ്, മൃഗസംരക്ഷണം, ആരോഗ്യം ഉൾപ്പെടെയുള്ള ബന്ധപ്പെട്ട വകുപ്പുകളുമായും നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് അടിയന്തിരമായി മൂന്ന് ഷെൽട്ടർ ഹോമുകൾ സ്ഥാപിക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു. 

കഴിഞ്ഞ ദിവസം നിരവധിപേരെ കടിച്ച തെരുവുനായ മറ്റ് നായ്ക്കളെയും ആക്രമിച്ചിരുന്നു. രണ്ട് ആഴ്ചക്കുള്ളിൽ ഇവയും രോഗലക്ഷണങ്ങൾ പ്രകടമാക്കാൻ സാധ്യതയുണ്ടെന്ന മൃഗസംരക്ഷണ വകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നഗരത്തിലെ തെരുവ് നായ്ക്കളെ പിടികൂടി ഷെൽട്ടർ ഹോമുകളിൽ മാറ്റാനും പേവിഷ കുത്തിവെപ്പ് നൽകാനും തീരുമാനിച്ചത്. പയ്യാമ്പലത്ത് തെരുവുനായയുടെ കടിയേറ്റ് പ്രതിരോധ കുത്തിവെപ്പ് എടുത്ത കുട്ടി പേവിഷബാധയേറ്റ് ഗുരുതരാവസ്ഥയിലായതിനാൽ അടിയന്തിര സാഹചര്യം നിലനിൽക്കുന്നുവെന്ന് ആരോഗ്യവകുപ്പും റിപ്പോർട്ട് നൽകിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ നായ്ക്കൾക്ക് തെരുവിലും വഴിയോരത്തും മറ്റും ഭക്ഷണം കൊടുക്കുന്ന മൃഗ സ്നേഹികൾക്ക് ഷെൽട്ടർ ഹോമുകളിൽ എത്തി അവയ്ക്ക് ഭക്ഷണം നൽകാവുന്നതാണെന്നും മന്ത്രി പറഞ്ഞു.

തെരുവുനായ്ക്കളെ പിടികൂടുക, ഷെൽട്ടർ ഹോമിലേക്ക് മാറ്റുക, തെരുവുനായ്ക്കളുടെ വന്ധ്യംകരണം, പ്രതിരോധ കുത്തിവെപ്പ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക എന്നിവയ്ക്ക് മൃഗസംരക്ഷണ വകുപ്പിനെ ചുമതലപ്പെടുത്തി. കണ്ണൂർ നഗരസഭയിൽ അടിയന്തിരമായി മൃഗഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്ന് നിർദ്ദേശിച്ചതായും മന്ത്രി പറഞ്ഞു. മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള പടിയൂർ എബിസി കേന്ദ്രത്തിലെ ഡോക്ടർമാരുടെ സേവനം ഇതിനായി ലഭ്യമാക്കും. കേന്ദ്രത്തിനു കീഴിലുള്ള പരിശീലനം ലഭിച്ച പട്ടിപിടുത്തക്കാരെ ഒരാഴ്ച പൂർണമായും നഗരസഭാ പരിധിയിൽ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. കന്റോൺമെന്റ് പരിധിയിൽ വരുന്ന ഭാഗങ്ങളിൽ അലഞ്ഞു തിരിയുന്ന അക്രമകാരികളായ തെരുവ് നായ്ക്കളെ പിടികൂടി അവിടെ സ്ഥാപിക്കുന്ന ഷെൽട്ടർ ഹോമിൽ പാർപ്പിക്കുന്നതിന് കന്റോൺമെന്റ് സിഇഒ ക്ക് നിർദേശം നൽകി. ദുരന്ത നിവാരണ നിയമപ്രകാരം ജില്ലാ കലക്ടർക്കാണ് പ്രവർത്തനങ്ങളുടെ ഏകോപന ചുമതലയെന്നും മന്ത്രി പറഞ്ഞു. കെ വി സുമേഷ് എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ.രത്‌നകുമാരി, ജില്ലാ കലക്ടർ അരുൺ കെ വിജയൻ, സിറ്റി പോലീസ് കമ്മീഷ്ണർ സി നിതിൻരാജ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. 

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.