22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 20, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

തെരുവുനായ പ്രശ്നം: സുപ്രീം കോടതി ഉത്തരവ് അപ്രായോഗികം

Janayugom Webdesk
ന്യൂഡല്‍ഹി
August 12, 2025 8:25 pm

ദേശീയ തലസ്ഥാന മേഖലയിലെ എല്ലാ തെരുവുനായ്ക്കളെയും പിടികൂടണമെന്ന സുപ്രീം കോടതി ഉത്തരവ് അപ്രായോഗികമെന്ന് വിദഗ്ധര്‍. വിദഗ്ധരുടെ അഭിപ്രായം തേടാതെയാണ് പരമോന്നത കോടതി വിഷയത്തില്‍ ഉത്തരവ് ഇറക്കിയതെന്നും ആരോപണമുയര്‍ന്നു. തെരുവുനായ്ക്കളെ സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്നാണ് സ്വമേധയാ എടുത്ത കേസില്‍ ജസ്റ്റിസ് ജെ ബി പാര്‍ഡിവാല, ആര്‍ മഹാദേവന്‍ എന്നിവര്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടത്. രാജ്യതലസ്ഥാനത്ത് തെരുവുനായയുടെ കടിയേല്‍ക്കുന്ന സംഭവങ്ങളും പേവിഷബാധയും വര്‍ധിച്ചതോടെയാണ് കോടതിയുടെ ഇടപെടല്‍. കേസില്‍ മൃഗസ്നേഹികളുടെയോ, മറ്റ് തല്പരകക്ഷികളുടെയോ ഹര്‍ജി അനുവദിക്കില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. 

തെരുവ് നായ പരിപാലനത്തിനായുള്ള ഇന്ത്യയുടെ നിയമത്തിന്റെ നഗ്നമായ ലംഘനമാണ് കോടതിയുടെ നിർദേശമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 1960ലെ പ്രിവൻഷൻ ഓഫ് ക്രുവൽറ്റി ടു അനിമൽസ് ആക്ടിന് കീഴിൽ രൂപപ്പെടുത്തിയ ആനിമൽ ബർത്ത് കൺട്രോൾ (എബിസി) നിയമം 2023 അനുസരിച്ച് പിടികൂടുക, വന്ധ്യംകരിക്കുക, വാക്സിനേഷന്‍ നല്‍കുക, തിരിച്ചേല്പിക്കുക (സിഎസ്‌വിആര്‍) എന്നാണ് അനുശാസിക്കുന്നത്. ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ പോലുള്ള എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും വ്യവസ്ഥാപിതമായ രീതിയില്‍ സിഎസ്‌വിആര്‍ നടപ്പിലാക്കുന്നതിനുള്ള ഉത്തരവാദിത്തമുണ്ട്.
വന്ധ്യംകരിച്ചതും വാക്സിനേഷൻ നൽകിയതുമായ നായ്ക്കളെ അവയുടെ പ്രദേശങ്ങളിൽ നിന്ന് മാറ്റുന്നതോ നീക്കം ചെയ്യുന്നതോ എബിസി നിയമങ്ങൾ വിലക്കുന്നു. കൂട്ടത്തോടെയും സ്ഥിരമായും നീക്കം ചെയ്യുന്നതിനുള്ള കോടതി ഉത്തരവ് 1960ലെ നിയമം കണക്കിലെടുക്കാതെയാണ് പുറപ്പെടുവിച്ചതെന്നും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ അഭിപ്രായപ്പെട്ടു. 

തെരുവുനായ്ക്കളെ ദത്തെടുക്കാന്‍ അനുവദിക്കണമെന്ന അമിക്കസ് ക്യൂറി ഗൗരവ് അഗര്‍വാളിന്റെ അഭ്യര്‍ത്ഥന ബെഞ്ച് നിരസിച്ചതും ശരിയായതല്ല. വിദേശ രാജ്യങ്ങളില്‍ നായ്ക്കളെ ദത്തെടുത്ത് വളര്‍ത്താന്‍ അനുവദിക്കുന്നുണ്ട്. എട്ട് ആഴ്ച കൊണ്ട് ദേശീയ തലസ്ഥാനത്തെ തെരുവുനായ്ക്കളെ മുഴുവനായി നീക്കം ചെയ്യണമെന്ന ഉത്തരവ് പ്രായോഗിക ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. തെരുവുനായ ശല്യം പരിഹരിക്കാന്‍ ശാസ്ത്രീയ മാര്‍ഗങ്ങള്‍ തേടേണ്ടതിന് പകരം നായ്ക്കളുടെ വംശവര്‍ധനവ് തടയണമെന്ന വാദം അശാസ്ത്രീയമാണെന്നും മൃഗസ്നേഹികള്‍ അഭിപ്രായപ്പെട്ടു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.