25 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 25, 2025
April 24, 2025
April 24, 2025
April 24, 2025
April 24, 2025
April 23, 2025
April 23, 2025
April 23, 2025
April 23, 2025
April 22, 2025

മാനസിക പിരിമുറക്കം‌: ചെറുപ്പക്കാരിൽ ഹൃദയാഘാതം കൂടുന്നു

എവിൻ പോൾ
 കൊച്ചി‌
February 20, 2025 10:30 pm

മാനസിക സമ്മർദം മൂലം ചെറുപ്പക്കാരിൽ ഹൃദയാഘാത കേസുകൾ വര്‍ധിച്ചു വരുന്നു. ഹൃദയാഘാതം വരുന്ന യുവാക്കളിൽ 25 ശതമാനവും 45 വയസിനു താഴെയാണെന്നാണ് കണ്ടെത്തൽ. ഈ സാഹചര്യത്തില്‍ 30 വയസിനു ശേഷം എല്ലാവരും നിര്‍ബന്ധമായി ഹൃദ്രോഗ പരിശോധന നടത്തണമെന്ന് ഹൃദ്രോഗ വിദഗ്ധര്‍ പറയുന്നു.

ജനിതകരപരമായി തന്നെ ഇന്ത്യക്കാര്‍ക്ക് ഹൃദ്രോഗം വരാനുള്ള സാധ്യതകള്‍ കൂടുതലാണ്. ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം പോലുള്ള ജീവിതശൈലീ രോഗങ്ങള്‍ ഇന്ത്യക്കാരില്‍ ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്നതായും ഇന്ത്യൻ അക്കാദമി ഓഫ് എക്കോ കാർഡിയോഗ്രഫി ചെയർമാൻ ഡോക്ടർ ജോർജ് തയ്യിൽ, സെക്രട്ടറി ഡോക്ടർ ഗംഗ വേലായുധൻ എന്നിവർ അഭിപ്രായപ്പെട്ടു.

ഇന്ത്യയില്‍ ഹൃദയസ്തംഭനമുണ്ടാകുന്നവരില്‍ 25 ശതമാനത്തോളം 45 വയസില്‍ താഴെയുള്ളവരും 67 ശതമാനം 55 വയസില്‍ താഴെയുള്ളവരുമാണെന്ന് ആണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദം, അമിതവണ്ണം, പ്രമേഹം, പുകവലി, ജങ്ക് ഫുഡ്, അലസമായ ജീവിതശൈലി എന്നിവയെല്ലാം ഹൃദ്രോഗ കാരണങ്ങളാണ്. സാമൂഹിക, മാനസിക സമ്മര്‍ദ തോത് ഉയര്‍ന്നത് വലിയ രീതിയിൽ പ്രശ്നമുണ്ടാക്കുന്നു. നേരത്തേയുള്ള രോഗനിര്‍ണയം പ്രധാനമാണ്. പ്രാരംഭ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പെടുമ്പോൾ തന്നെ ഹൃദ്രോഗവിദഗ്ധനെ സമീപിക്കണമെന്നും സ്വയം ചികിത്സ അപകടകരമാണെന്നും ഡോക്ടര്‍മാർ ഓർമ്മിപ്പിക്കുന്നു.

നിരന്തരമായ പരിശോധനകളും തുടർ ചികിത്സകളും പ്രധാനമാണ്. യുവാക്കള്‍ക്ക് ബോധവല്‍ക്കരണം നല്‍കി ആരോഗ്യകരമായ ജീവിതശൈലി നയിക്കാന്‍ അവരെ പ്രേരിപ്പിക്കുക മാത്രമാണ് ഈ വലിയ വിപത്തില്‍ നിന്ന് രക്ഷ നേടാനുള്ള മാര്‍ഗമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു. എന്നാല്‍ അശാസ്ത്രീയമായ വ്യായാമ രീതികളും ജോലി സ്ഥലങ്ങളിൽ ഉൾപ്പെടെ അനുഭവപ്പെടുന്ന കടുത്ത മാനസിക സമ്മര്‍ദവും ജീവനെടുത്തേക്കാമെന്ന് കൊച്ചി ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധ ഡോ. ഗംഗാ വേലായുധൻ ജനയുഗത്തോട് പറഞ്ഞു. ശരീരത്തിന് ആവശ്യമായതില്‍ കൂടുതല്‍ വ്യായാമം ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കുക. ഇതേ നാണയത്തിന്റെ മറുപുറമാണ് മാനസിക സമ്മര്‍ദവും. ഇവ പാരമ്പര്യ ഹൃദ്രോഗ സാധ്യതകള്‍ എന്നു പറയുന്ന കാര്യങ്ങള്‍ക്കൊപ്പം വില്ലനാണെന്നും അവർ പറയുന്നു. ജോലി സ്ഥലത്തും വീടിനകത്തും സമൂഹത്തിനകത്തും ഉണ്ടാകുന്ന പലവിധ സമ്മര്‍ദങ്ങള്‍ ഇന്ന് പ്രധാന വില്ലനാണെന്നും അവർ പറഞ്ഞു.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഹൃദ്രോഗ സാധ്യത കേരളത്തില്‍ കൂടുതലാണ്. ഇന്ത്യയില്‍ ഓരോ 33 സെക്കന്റിലും ഒരാള്‍ ഹൃദയാഘാതം മൂലം മരണപ്പെടുന്നുണ്ട്. കേരളത്തില്‍ ഹൃദ്രോഗം മൂലം മരണപ്പെടുന്നവര്‍ 25–30 ശതമാനമാണ്. കാര്യങ്ങള്‍ ഇത്തരത്തിലാണെങ്കിലും പരിശോധനകളുടെ കാര്യത്തിലും കേരളം മുന്നിലാണെന്നും ഡോ. ഗംഗാ വേലായുധൻ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.