
ഇറാനിൽ അയത്തൊള്ള ഖമേനി ഭരണകൂടത്തിനെതിരായ പ്രതിഷേധം മൂന്നാം വാരത്തിലേക്ക് കടക്കുമ്പോൾ, പ്രക്ഷോഭകരുടെ ആശയവിനിമയ മാർഗങ്ങൾ തകർക്കാൻ ഉപഗ്രഹ സിഗ്നലുകളെപ്പോലും തടസ്സപ്പെടുത്താൻ തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ. യുദ്ധകാലത്ത് എതിരാളികളുടെ വ്യോമമേഖലയിൽ ഉപഗ്രഹ സിഗ്നലുകളെ തടസ്സപ്പെടുത്തുന്ന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയാണ് ഇറാൻ പ്രക്ഷോഭകരെ ലോകത്തിന്റെ മറ്റിടങ്ങളിൽനിന്ന് ഒറ്റപ്പെടുത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇറാനിൽ സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് സേവനം ഇത്തരത്തിൽ തടസ്സപ്പെട്ടുവെന്നാണ് വിവരം. ഇന്റർനെറ്റ് വിലക്കിനെ തുടർന്ന് രാജ്യത്ത് ആശയവിനിമയ സൗകര്യങ്ങൾ പരിമിതപ്പെട്ടിരിക്കുന്നതിനിടെയാണ് ഉപഗ്രഹങ്ങളെയും ലക്ഷ്യമിട്ട് നീക്കം തുടങ്ങിയത്.
ഇതുകൂടാതെ, സ്റ്റാർലിങ്ക് ഉപയോഗിക്കുന്നവർക്കെതിരെ ഇറാൻ കർശനമായ നിയമങ്ങളും കൊണ്ടുവന്നിട്ടുണ്ട്. സ്റ്റാർലിങ്ക് ഉപയോഗിക്കുന്നത് ആറ് മാസം മുതൽ രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. ഇത് ചാരപ്രവർത്തനമായി കണക്കാക്കിയാൽ വധശിക്ഷ വരെ ലഭിക്കാമെന്നുമാണ് വിവരങ്ങൾ. പ്രക്ഷോഭകർക്ക് വധശിക്ഷ നൽകാനാണ് ഭരണകൂടം നിലവിൽ തീരുമാനമെടുത്തിരിക്കുന്നതെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.
കഴിഞ്ഞ 18 ദിവസമായി തുടരുന്ന പ്രക്ഷോഭങ്ങളിൽ ഇതിനകം 500-ലധികം ആളുകൾ കൊല്ലപ്പെട്ടതായാണ് വിവരം. സർക്കാർ ഏർപ്പെടുത്തിയ ഇന്റർനെറ്റ് ബ്ലാക്ഔട്ടിനെ മറികടക്കാൻ പ്രക്ഷോഭകർ ആശ്രയിച്ചിരുന്ന ഏക മാർഗം സ്റ്റാർലിങ്ക് ആയിരുന്നു. നിലവിൽ ഇറാനിലെ 40,000 മുതൽ 50,000 വരെ ആളുകൾ സ്റ്റാർലിങ്ക് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. എന്നാൽ, ഭരണകൂടത്തിന്റെ പുതിയ ജാമിംഗ് നീക്കം ഈ സംവിധാനത്തെ പൂർണ്ണമായും തകർത്തിരിക്കുകയാണ്. സ്റ്റാർലിങ്കിന്റെ അപ്ലിങ്ക്, ഡൗൺലിങ്ക് ട്രാഫിക്കുകൾ തുടക്കത്തിൽ 30 ശതമാനവും പിന്നീട് 80 ശതമാനത്തിലധികവും തടസ്സപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.