
ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക കൂറ്റന്‍ ലീഡിലേക്ക്. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 489 റണ്‍സിന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 201 റണ്‍സിന് പുറത്തായി. ഇന്ത്യയെ ഫോളോ ഓണിനയയ്ക്കാതെ 288 റണ്‍സിന്റെ ലീഡുമായി രണ്ടാം ഇന്നിങ്സിനിറങ്ങിയ ദക്ഷിണാഫ്രിക്ക മൂന്നാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 26 റണ്‍സെന്ന നിലയിലാണ്. റയാന്‍ റിക്കിള്‍ട്ടണ്‍ (13), എയ്ഡന്‍ മാര്‍ക്രം (12) എന്നിവരാണ് ക്രീസില്‍.
ആറ് വിക്കറ്റ് നേടിയ മാര്‍ക്കോ യാന്‍സനാണ് ഇന്ത്യന്‍ ബാറ്റിങ് നിരയുടെ നടുവൊടിച്ചത്. വിക്കറ്റ് നഷ്ടമില്ലാതെ ഒമ്പത് റണ്‍സെന്ന നിലയിലാണ് ഇന്ത്യ ഇന്നലെ ബാറ്റിങ്ങിനിറങ്ങിയത്. യശസ്വി ജയ്സ്വാളും കെ എല്‍ രാഹുലും ശ്രദ്ധയോടെയാണ് കളിച്ചത്. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ക്ക് പിടികൊടുക്കാതെ ഇരുവരും ഇന്ത്യന്‍ ഇന്നിങ്സ് അമ്പത് കടത്തി. സ്‌കോര്‍ 65ല്‍ നില്‍ക്കേ രാഹുല്‍ പുറത്തായി. 22 റണ്‍സെടുത്താണ് താരം മടങ്ങിയത്. പിന്നീട് 122 റൺസെടുക്കുന്നതിനിടെ ഇന്ത്യക്ക് ഏഴു വിക്കറ്റുകൾ നഷ്ടമായിരുന്നു. വൈകാതെ യശസ്വി ജയ്‌സ്വാള്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. എന്നാല്‍ അധിക നേരം ക്രീസില്‍ തുടരാന്‍ ജയ്‌സ്വാളിന് (58) സാധിച്ചില്ല. ഹാര്‍മറിന്റെ പന്തില്‍ ഷോര്‍ട്ട് തേര്‍ഡ്മാനില്‍ യാന്‍സണ് ക്യാച്ച് നല്‍കി. മൂന്നാമതായി ക്രീസിലെത്തിയ സായ് സുദര്‍ശന്‍ (15) വീണ്ടും നിരാശപ്പെടുത്തി. ഇത്തവണ ഹാര്‍മറിന്റെ പന്തില്‍ മിഡ് വിക്കറ്റില്‍ റയാന്‍ റിക്കിള്‍ട്ടണ്‍ ക്യാച്ചെടുത്തു. തുടക്കം മുതല്‍ ക്രീസില്‍ ബുദ്ധിമുട്ടിയ ധ്രുവ് ജുറെല്‍ യാന്‍സണിനെതിരെ പുള്‍ ഷോട്ട് കളിക്കുന്നതിനിടെ വിക്കറ്റ് നല്‍കി.
പിന്നാലെ റിഷഭ് പന്ത് (ഏഴ്), രവീന്ദ്ര ജഡേജ (ആറ്), നിതീഷ് കുമാർ റെഡ്ഡി (10) എന്നിവരെ യാന്‍സണ്‍ മടക്കി. 92 പന്തുകൾ നേരിട്ട് 48 റൺസെടുത്ത വാഷിങ്ടണ്‍ സുന്ദറാണ് ജയ്സ്വാളിനെ കൂടാതെ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത മറ്റൊരു ബാറ്റര്‍. എട്ടാം വിക്കറ്റില്‍ വാഷിങ്ടണ്‍ സുന്ദറും കുല്‍ദീപ് യാദവും പുറത്തെടുത്ത ചെറുത്തുനില്പാണ് ഇന്ത്യയെ 200 കടക്കാന്‍ സഹായിച്ചത്. 208 പന്തുകള്‍ ക്രീസില്‍ നിന്ന ഈ സഖ്യം 72 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സുന്ദറിനെ പുറത്താക്കി ഹാര്‍മറാണ് ദക്ഷിണാഫ്രിക്കയ്ക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. സുന്ദറിന് പിന്നാലെ കുല്‍ദീപും കൂടാരം കയറി. യാന്‍സണിന്റെ പന്തില്‍ സ്ലിപ്പില്‍ മാര്‍ക്രമിന് ക്യാച്ച്. തുടര്‍ന്ന് ജസ്പ്രീത് ബുംറയെ കൂടി പുറത്താക്കി യാന്‍സണ്‍ ആറ് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി. യാന്‍സണെ കൂടാതെ സിമോണ്‍ ഹാര്‍മര്‍ മൂന്ന് വിക്കറ്റും കേശവ് മഹാരാജ് ഒരു വിക്കറ്റും നേടി.
നേരത്തെ സെനുരാന്‍ മുത്തുസാമി (109), മാര്‍കോ യാന്‍സണ്‍ (93) എന്നിവരുടെ ഇന്നിങ്സുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്കോര്‍ നല്‍കിയത്. ഏയ്ഡന്‍ മാര്‍ക്രം (38), റയാന്‍ റിക്കിള്‍ണ്‍ (35), ട്രിസ്റ്റന്‍ സ്റ്റബ്ബ്സ് (49), ക്യാപ്റ്റന്‍ ടെംബ ബവുമ (41), ടോണി ഡിസോര്‍സി (28), വിയാന്‍ മുള്‍ഡര്‍ (13) എന്നിവരാണ് ആദ്യ ദിനത്തില്‍ പുറത്തായവര്‍. ഒന്നാം ദിനം ആറ് വിക്കറ്റ് വീഴ്ത്തിയ ഇന്ത്യക്ക്, ബാക്കി നാല് വിക്കറ്റുകൾ വീഴ്ത്താൻ രണ്ടാം ദിവസത്തിന്റെ മുക്കാൽ ഭാഗത്തോളം വേണ്ടി വന്നു. ആറുവിക്കറ്റിന് 247 റണ്‍സെന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക രണ്ടാംദിനം ബാറ്റിങ് ആരംഭിച്ചത്. സ്‌കോര്‍ 334ല്‍ നില്‍ക്കെ വെറാനെ പുറത്താക്കി ജഡേജ രണ്ടാം ദിനത്തിലെ ആദ്യ വിക്കറ്റ് സ്വന്തമാക്കി. 45 റണ്‍സെടുത്താണ് താരം മടങ്ങിയത്. പിന്നീടൊന്നിച്ച മുത്തുസാമിയും യാന്‍സണും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് പിടികൊടുക്കാതെ സ്കോര്‍ മുന്നോട്ടുനയിച്ചു. മുത്തുസാമിയും നിലയുറപ്പിച്ചതോടെ ഇന്ത്യ അക്ഷരാര്‍ത്ഥത്തില്‍ പ്രതിരോധത്തിലായി. ഇരുവരും ചേര്‍ന്ന് 97 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇതിനിടെ കരിയറിലെ കന്നിസെഞ്ചുറി മുത്തുസാമി നേടി.
സെഞ്ചുറിക്കു ശേഷം അധികം വൈകാതെ മുത്തുസ്വാമിയെ സിറാജ്, യശസ്വി ജയ്‌സ്വാളിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു. പിന്നീട് സിമോൺ ഹാർമറും (5) പുറത്തായപ്പോൾ ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്സ് പെട്ടെന്ന് അവസാനിക്കുമെന്ന് കരുതിയെങ്കിലും 10-ാം വിക്കറ്റിൽ കേശവ് മഹാരാജിനെ (12*) കൂട്ടുപിടിച്ച് മാർക്കോ യാൻസണ്‍ പോരാട്ടം തുടർന്നു. കുല്‍ദീപ് യാദവിന്റെ പന്തില്‍ ബൗള്‍ഡാകുകയായിരുന്നു യാന്‍സണ്‍. ഇന്ത്യക്കായി കുല്‍ദീപ് യാദവ് നാല് വിക്കറ്റ് നേടി. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.