ഗവർണറുടെ ഓഫിസിനെ ദുരുപയോഗം ചെയ്തുകൊണ്ട് ഫെഡറലിസത്തെ ഇല്ലാതാക്കാനുള്ള ആർഎസ്‌എസ്-ബിജെപി സംഘത്തിന്റെ വിശാല പദ്ധതിക്കുള്ള ശക്തമായ താക്കീതാണ് തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരായ സുപ്രീം കോടതി വിധിയെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ്. നിയമസഭ പാസാക്കിയ 10 ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ച ഗവർണർ ആർ എൻ രവിയുടെ നടപടി റദ്ദാക്കിയ വിധി സെക്രട്ടേറിയറ്റ് സ്വാഗതം ചെയ്തു.
ബില്ലുകള്‍ക്ക് അംഗീകാരം നല്‍കുന്നത് തടയാനോ അനിശ്ചിതമായി വൈകിപ്പിക്കുന്നതിനോ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്. സമാന സാഹചര്യങ്ങളാണ് കേരളത്തിലുമുള്ളത്. തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളുടെ പരമാധികാരത്തെയും ഫെഡറലിസത്തിന്റെ അടിസ്ഥാന തത്വത്തെയും ഉറപ്പിക്കുന്ന വിധി, ഗവർണർമാരെ കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ ഏജന്റുമാരായി ഉപയോഗിക്കാൻ ശ്രമിക്കുന്ന കൊളോണിയൽ മാനസികാവസ്ഥയെ നിരാകരിക്കുന്നുവെന്നും സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
ആർ എൻ രവിയുടെ നടപടികൾ സത്യസന്ധമല്ലെന്നാണ് കോടതി പ്രഖ്യാപിച്ചിരിക്കുന്നത്. നിയമസഭ പാസാക്കിയ നിയമങ്ങള്‍ക്ക് അനുമതി നല്‍കാതെ മനഃപൂര്‍വം തടസപ്പെടുത്തുന്ന പശ്ചാത്തലത്തിലാണ് വിധിയുണ്ടായത്. ഗവര്‍ണറുടെ നടപടി ഭരണഘടനാ ലംഘനവും ജനാധിപത്യ ഭരണ സംവിധാനത്തെ അപഹസിക്കുന്നതുമാണെന്ന് സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.