
ഡൽഹിയിൽ മെട്രോ സ്റ്റേഷനിൽ നിന്ന് ചാടി ജീവനൊടുക്കിയ പത്താംക്ലാസുകാരന്റെ മരണത്തിൽ സ്വകാര്യ സ്കൂളിലെ അധ്യാപകർക്കെതിരെ കുടുംബം രംഗത്ത്. സെൻട്രൽ ഡൽഹിയിലെ പ്രമുഖ സ്കൂളിലെ വിദ്യാർത്ഥിയായ 16 വയസുകാരൻ ശൗര്യ പാട്ടീലാണ് ആത്മഹത്യ ചെയ്തത്. ഒരു വർഷത്തോളമായി അധ്യാപകർ കുട്ടിയെ തുടർച്ചയായി പരിഹസിക്കുകയും മോശമായി പെരുമാറുകയും ചെയ്തതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് മാതാപിതാക്കളുടെ ആരോപണം. കുട്ടിയുടെ സ്കൂൾ ബാഗിൽ നിന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിൽ മൂന്ന് അധ്യാപകരുടെ പേര് പ്രതിപാദിക്കുന്നുണ്ട്.
ഒരു നൃത്തപരിശീലനത്തിനിടെ ശൗര്യ വേദിയിൽ വീണതിനെ തുടർന്ന് അധ്യാപകർ കുട്ടിയെ പരസ്യമായി അപമാനിച്ചതായി പിതാവ് പ്രദീപ് പാട്ടീൽ പറയുന്നു. കുട്ടി കരഞ്ഞപ്പോൾ, ‘എത്ര വേണമെങ്കിലും കരഞ്ഞോ, പക്ഷേ എനിക്ക് അത് പ്രശ്നമല്ല’ എന്നായിരുന്നു ഒരു അധ്യാപകന്റെ പ്രതികരണം. ‘മനപ്പൂർവം വീണതാണെന്ന് പറഞ്ഞ് അധ്യാപകർ അവനെ നൃത്തത്തിൽ നിന്ന് മാറ്റി. നാടകം കളിക്കുകയാണെന്ന് പറഞ്ഞതായും ശൗര്യയുടെ കൂട്ടുകാർ പറഞ്ഞതായി ശൗര്യയുടെ പിതാവ് പ്രദീപ് വെളിപ്പെടുത്തി. സ്കൂൾ പ്രിൻസിപ്പൽ സ്ഥലത്തുണ്ടായിട്ടും ഇടപെട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
മകന് നേരിടേണ്ടിവന്ന മോശം പെരുമാറ്റത്തെക്കുറിച്ച് സ്കൂൾ അധികൃതരോട് പരാതിപ്പെട്ടിരുന്നുവെന്നും പ്രദീപ് പറയുന്നു. “ഓരോ തവണ പരാതിപ്പെടുമ്പോഴും ‘മകനോട് ക്ലാസിൽ ശ്രദ്ധ കേന്ദ്രീകരിക്കണം’ എന്ന് പറഞ്ഞ് അവർ വിഷയം തള്ളിക്കളയും. കണക്കിൽ മാർക്ക് മോശമാണെന്നും പഠനത്തിൽ ശ്രദ്ധിക്കില്ലെന്നും അവർ പറയും,” പ്രദീപ് പറഞ്ഞു. മറ്റൊരിക്കൽ ഒരു അധ്യാപിക തന്റെ മകനെ തള്ളിയിട്ടിരുന്നതായും അദ്ദേഹം ആരോപിച്ചു. “അവൻ ആത്മഹത്യ ചെയ്ത ശേഷം, പ്രിൻസിപ്പൽ എന്നെ വിളിച്ചു. എന്ത് സഹായം വേണമെങ്കിലും ചോദിക്കാമെന്ന് പറഞ്ഞു. എന്റെ മകനെ എനിക്ക് തിരികെ തരണമെന്ന് ഞാൻ അവരോട് ആവശ്യപ്പെട്ടു,” വികാരാധീനനായി പ്രദീപ് പറഞ്ഞു. കൂടുതൽ നിയമനടപടികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.