9 December 2025, Tuesday

Related news

October 7, 2025
July 15, 2025
June 10, 2025
June 9, 2025
June 8, 2025
April 29, 2025
April 15, 2025
March 28, 2025
March 2, 2025
February 24, 2025

വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം : രാഷ്ട്രീയ മുതലെടുപ്പിന് പ്രതിപക്ഷം ശ്രമിക്കുന്നതായി മന്ത്രി എ കെ ശശീന്ദ്രന്‍

Janayugom Webdesk
മലപ്പുറം
June 8, 2025 4:06 pm

മലപ്പുറം വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം വേദനാജനകമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. വാര്‍ത്ത കേട്ടയുടന്‍ ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ എന്ന നിലപാട് സ്വീകരിച്ചുകൊണ്ട് പ്രതിപക്ഷത്തുള്ള യുഡിഎഫും ബിജെപിയും രംഗത്തിറങ്ങുന്ന കാഴ്ചയാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വിഷയദാരിദ്ര്യം അനുഭവപ്പെട്ട പ്രതിപക്ഷം ഗവണ്‍മെന്റിനെതിരെ ജനങ്ങളെ ഇളക്കിവിടാന്‍ പറ്റുന്ന ഒരവസരമായി ഇതിനെ ദുരുപയോഗപ്പെടുത്താനാണ് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഇത് രാഷ്ട്രീയ ലാഭം കൊയ്യുന്നതിന് വേണ്ടി നടത്തിയ ഗൂഢാലോചന എന്ന് സംശയിക്കുകയാണ് ഞാനിപ്പോള്‍ ചെയ്യുന്നത്. അവരുടെ പ്രവര്‍ത്തിയും പ്രസ്താവനകളുമെല്ലാം തെളിയിക്കുന്നത് ഇത് വീണുകിട്ടിയ അവസരമായിട്ടല്ല മനപ്പൂര്‍വം ഉണ്ടാക്കിക്കിട്ടിയ അവസരമായാണ് പ്രയോഗിക്കുന്നത് എന്നാണ്. അരമണിക്കൂറിനകം ഇത്തരത്തിലുള്ള പ്രകടനം നടത്താന്‍ അവര്‍ക്ക് കഴിഞ്ഞു. ഇതിന്റെ കുറ്റം വനംവകുപ്പിന്റെ തലയില്‍ ചാര്‍ത്താനുള്ള ശ്രമങ്ങള്‍ പൊളിഞ്ഞുകൊണ്ടിരിക്കുകയാണ്. വനം വകുപ്പ് കേരളത്തില്‍ ഒരിടത്തും വൈദ്യുതി ഉപയോഗിച്ചുള്ള ഫെന്‍സിങ് സ്ഥാപിക്കുന്നില്ല. 

സോളാര്‍ ഉപയോഗിച്ചുള്ള ഫെന്‍സിങ് ആണ് സ്ഥാപിക്കുന്നത്. ഇത് ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സ്വകാര്യ വ്യക്തി അറിയാതെയാണ് സ്ഥാപിച്ചിട്ടുള്ളതെന്ന വിവരമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് കാലഘട്ടമായതുകൊണ്ടുതന്നെ രാഷ്ട്രീയ മുതലെടുപ്പിനുള്ള ഗൂഢാലോചന ഈ കാര്യത്തില്‍ നടന്നിട്ടുണ്ടെന്ന സംശയം ജനങ്ങളിലാകെ ഉയര്‍ന്നു വന്നിട്ടുണ്ട് മന്ത്രി അഭിപ്രായപ്പെട്ടു.അറിഞ്ഞുകൊണ്ട് സംഭവിച്ച പ്രതിഷേധമാണിതിനെ നോക്കിക്കാണാന്‍ സാധിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് യുഡിഎഫ് സ്ഥാനാര്‍ഥി സര്‍ക്കാര്‍ സ്‌പോണ്‍സേഡ് ട്രാജഡി എന്ന് വിശേഷിപ്പിക്കാന്‍ ഇടയായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ഇക്കാര്യത്തില്‍ ഇലക്ട്രിസിറ്റി ബോര്‍ഡോ വനംവകുപ്പോ ഒരു തെറ്റും ചെയ്തതായി ഈ സമയം വരെയുള്ള പരിശോധനയില്‍ കാണാന്‍ സാധിച്ചില്ല. അനധികൃതമായാണ് വൈദ്യുത പോസ്റ്റില്‍ നിന്നും കമ്പി വലിച്ച് ഫെന്‍സിങ്ങിലേക്ക് വൈദ്യുതി പ്രവഹിപ്പിച്ചത് എന്നാണ് പറയുന്നത്. അത് തന്നെ കുറ്റമാണ്. വൈദ്യുതി മോഷ്ടിക്കുക, അത് മരണകാരണത്തിന് വരെ ഇടയാക്കാവുന്ന വിധത്തിലുള്ള ദുരുപയോഗം ചെയ്യുക തുടങ്ങിയ നിരവധി കാര്യങ്ങള്‍ അതില്‍ ഉള്‍ക്കൊണ്ടിട്ടുള്ളത് കൊണ്ടുതന്നെ നരഹത്യയ്ക്ക് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് മന്ത്രി ശശീന്ദ്രന്‍ പറഞ്ഞു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.