6 December 2025, Saturday

Related news

November 23, 2025
November 22, 2025
November 21, 2025
November 21, 2025
November 19, 2025
November 9, 2025
October 19, 2025
October 11, 2025
October 11, 2025
October 9, 2025

വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് ഏറ്റവും കുറവ് കേരളത്തില്‍: മന്ത്രി വി ശിവൻകുട്ടി

Janayugom Webdesk
തിരുവനന്തപുരം
November 21, 2025 3:43 pm

മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. രാജ്യത്തെ 20.5 കോടി കുട്ടികൾക്ക് വിദ്യാഭ്യാസം, ആരോഗ്യം, പോഷകാഹാരം തുടങ്ങിയ അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കപ്പെടുന്നു എന്ന യുണിസെഫ് റിപ്പോർട്ട് ദേശീയതലത്തിൽ അതീവ ഗൗരവത്തോടെ കാണേണ്ടതാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

ഈ വെല്ലുവിളി നിറഞ്ഞ ദേശീയ സാഹചര്യത്തിൽ നിന്ന് കേരളം തികച്ചും വ്യത്യസ്തമായ ഒരു മാതൃകയാണ് രാജ്യത്തിന് മുന്നിൽ വയ്ക്കുന്നത്. യുണിസെഫ് റിപ്പോർട്ട് ഉയർത്തിക്കാട്ടുന്ന ദേശീയ പ്രതിസന്ധിക്ക് വിപരീതമായി, കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല കൈവരിച്ച നേട്ടങ്ങൾ അന്താരാഷ്ട്ര ശ്രദ്ധ ആകർഷിക്കുന്നതാണ്. വിദ്യാഭ്യാസ അവകാശം ഇവിടെ പ്രാവർത്തികമാക്കുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്. കുട്ടികൾക്ക് പഠനം തുടരാനുള്ള തടസങ്ങൾ ദേശീയ തലത്തിൽ വലിയ ആശങ്കയുണ്ടാക്കുമ്പോൾ, കേരളത്തിൽ ഒന്നാം ക്ലാസിൽ സ്കൂളിൽ ചേരുന്ന ഏതാണ്ട് എല്ലാ കുട്ടികളും യാതൊരു തടസവും കൂടാതെ 12ാം ക്ലാസ് വരെ വിദ്യാഭ്യാസം വിജയകരമായി പൂർത്തിയാക്കുന്നു. ദേശീയ ശരാശരിയേക്കാൾ വളരെ മുന്നിലാണ് കേരളത്തിന്റെ ഈ സ്ഥിതി. കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിലെ ഈ ഉന്നതമായ നേട്ടം യാദൃശ്ചികമല്ല.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പോലുള്ള ദീർഘവീക്ഷണത്തോടെയുള്ള സർക്കാർ ഇടപെടലുകളും കുട്ടികളുടെ ആരോഗ്യത്തിനും പോഷകാഹാര ലഭ്യതയ്ക്കും വേണ്ടി നടപ്പിലാക്കിയ സമഗ്രമായ പദ്ധതികളുമാണ് ഈ മികച്ച പ്രകടനത്തിന് അടിസ്ഥാനം. അക്കാഡമിക നിലവാരം, അടിസ്ഥാന സൗകര്യങ്ങൾ, ലിംഗസമത്വം തുടങ്ങി എല്ലാ വിദ്യാഭ്യാസ സൂചികകളിലും കേരളം രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണ്. വിദ്യാഭ്യാസം, ആരോഗ്യം, പോഷകാഹാരം എന്നിവ ഉറപ്പാക്കുന്നതിലൂടെ മാത്രമേ രാജ്യത്തിന് സുസ്ഥിരമായ പുരോഗതി കൈവരിക്കാനാവൂ. കേരളം കൈവരിച്ച ഈ നേട്ടങ്ങൾ ദേശീയ നയരൂപീകരണത്തിന് പ്രചോദനമാകുമെന്നും കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.