
വിഴിഞ്ഞത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് സ്കൂൾ വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ കാർ ഡ്രൈവർ അറസ്റ്റിൽ. പൊഴിയൂർ സ്വദേശി ഷാബു(44) ആണ് അറസ്റ്റിലായത്. അഭിഭാഷകനായ ഇയാൾക്കെതിരെ മദ്യലഹരിയിൽ വാഹനമോടിച്ചതനുസരിച്ചുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മനപ്പൂർവമുളള നരഹത്യയ്ക്കാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഞായറാഴ്ച വൈകിട്ട് മുല്ലൂർ ഭദ്രകാളിക്ഷേത്രത്തിനു മുന്നിലാണ് ബൈക്കും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തിൽ വിഴിഞ്ഞം കോട്ടപ്പുറം നിർമലാ ഭവനിൽ ജയിംസ്- മോളി ദമ്പതികളുടെ മകൻ ജെയ്സൻ(17), പുതിയതുറ ഉരിയരിക്കുന്നിൽ ഷാജി-ട്രീസ ദമ്പതികളുടെ മകൾ ടി ഷാനു(16) എന്നിവരാണ് മരിച്ചത്. മറ്റൊരു വിദ്യാർത്ഥിനി പുതിയതുറ സ്വദേശിനി സ്റ്റെഫാനി(16) ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുകയാണ്. വിഴിഞ്ഞം സെന്റ് മേരീസ് എച്ച്എസ്എസിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് ജെയ്സൻ. മരിച്ച ഷാനുവും പരുക്കേറ്റ സ്റ്റെഫാനിയും പ്ലസ് വൺ വിദ്യാർത്ഥിനികളാണ്. വിഴിഞ്ഞത്ത് നിന്ന് പുതിയതുറ ഭാഗത്തേക്ക് പോകുകയായിരുന്ന വിദ്യാർത്ഥികൾ സഞ്ചരിച്ച സ്കൂട്ടറും ചൊവ്വര ഭാഗത്തു നിന്നു വന്ന കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.