9 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

April 7, 2025
April 2, 2025
April 2, 2025
April 1, 2025
April 1, 2025
March 29, 2025
March 28, 2025
March 28, 2025
March 26, 2025
March 23, 2025

ഗുജറാത്തിന്റെ മാതൃകാ സംസ്ഥാന വാദം പൊള്ളയെന്ന് പഠനം

വിദ്യാഭ്യാസ നിരക്ക് വളരെ മോശം
Janayugom Webdesk
ന്യൂഡല്‍ഹി
March 1, 2025 8:59 pm

ഗുജറാത്ത് വികസനം ദേശീയ മാതൃകയാണെന്ന ബിജെപി — മോഡി സംഘത്തിന്റെ വാദം പൊള്ളയാണെന്ന് പഠനം. പോഷകാഹാരക്കുറവ്, ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരുടെ നിരക്ക് തുടങ്ങിയ പല കാര്യങ്ങളിലും ഉയര്‍ന്ന നിരക്കിലാണ് സംസ്ഥാനം. വിദ്യാഭ്യാസ നിരക്കാകട്ടെ വളരെ മോശവും. ദ്രുതഗതിയിലുള്ള വ്യവസായിക വളര്‍ച്ചയിലൂടെ ഉയര്‍ന്ന വളര്‍ച്ച കൈവരിച്ചെങ്കിലും സംസ്ഥാനത്ത് സാമൂഹ്യ‑സാമ്പത്തിക അസമത്വങ്ങള്‍ വര്‍ധിച്ചെന്നാണ് ‘ഇന്ത്യ: ദി ചലഞ്ച് ഓഫ് റീജിയണല്‍ ഡൈനാമിക്സ്’ എന്ന പേരില്‍ ഫ്രഞ്ച് സാമൂഹ്യ ശാസ്ത്രജ്ഞന്‍ ക്രിസ്റ്റഫ് ജാഫ്രലോട്ട്, വിഘ്നേഷ് രാജഹ്മണി, നീല്‍ ഭരദ്വാജ് എന്നിവര്‍ നടത്തിയ പഠനം പറയുന്നു. മനുഷ്യജീവിതത്തിന് അടിസ്ഥാനം വേണ്ട ആരോഗ്യം, വിദ്യാഭ്യാസം, ദാരിദ്ര്യ നിര്‍മ്മാര്‍ജനം എന്നിവയുള്‍പ്പെടെയള്ള പ്രധാന സൂചികകളില്‍ സംസ്ഥാനം ബിഹാറിനോട് അടുത്താണെന്നും പഠനം കണ്ടെത്തി. 

ഇന്ത്യക്കുള്ളിലെ വൈവിധ്യമാര്‍ന്ന സംസ്ഥാനങ്ങളെ കാണാനും വികസന വഴികള്‍ സൃഷ്ടിച്ച സാമൂഹിക, സാമ്പത്തിക, ഭരണ നയങ്ങളിലെ വ്യത്യാസം താരതമ്യം ചെയ്യാനുമാണ് പഠനം നടത്തിയത്. ബിഹാര്‍, ഗുജറാത്ത്, തമിഴ്നാട് സംസ്ഥാനങ്ങളാണ് വിശകലനം ചെയ്തത്. തുടര്‍ച്ചയായി അവികസിതാവസ്ഥയിലാണ് ബിഹാറെന്നും പ്രതീശീര്‍ഷവരുമാനത്തില്‍ ഏറ്റവും സമ്പന്നമായ സംസ്ഥാനമാണ് ഗുജറാത്തെന്നും പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതേസമയം വിദ്യാഭ്യാസ മേഖലയില്‍ നിക്ഷേപം കുറവായതിനാല്‍ ഗുജറാത്തില്‍ അസമത്വങ്ങള്‍ നിലനില്‍ക്കുന്നു. മൂന്ന് സംസ്ഥാനങ്ങിലെ സാമൂഹ്യ ചെലവ് അവരുടെ മുന്‍ഗണനകളെ സൂചിപ്പിക്കുന്നതാണെന്നും പഠനം പറയുന്നു. തുച്ഛമായ വിഭവങ്ങളേ ഉള്ളെങ്കിലും ബിഹാര്‍ സാമൂഹ്യ മേഖലയില്‍ വലിയ നിക്ഷേപം നടത്തുന്നു. തമിഴ്നാടും കൂടുതല്‍ വകയിരുത്തുന്നു. ഗുജറാത്താകട്ടെ വിദ്യാഭ്യാസം, ആരോഗ്യം, പാര്‍പ്പിടം എന്നിവയ്ക്കുള്ള വകയിരുത്തലില്‍ വളരെ പിന്നിലാണ്. 

മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ പോലെ തമിഴ്നാട് സാമൂഹ്യ ക്ഷേമത്തിനാണ് മുന്‍ഗണന നല്‍കുന്നത്. ഗുജറാത്താകട്ടെ അടിസ്ഥാനസൗകര്യ വികസനത്തില്‍ വളരെ പിന്നിലാണ്. ഹിന്ദി ഹൃദയഭൂമിയില്‍ സാമൂഹ്യ നിക്ഷേപങ്ങള്‍ക്ക് ഏറ്റവും മുന്‍ഗണന നല്‍കുന്നത് ബിഹാറാണ്. ഗുജറാത്തില്‍ വളര്‍ച്ചയുണ്ടായെന്നും അത് തൊഴിലവസരങ്ങളുള്ളതാണെന്നും ജാഫ്രലോട്ട് പറയുന്നു. ഇന്ത്യയില്‍ ഒരു മാതൃക എന്ന് പറയാവുന്നത് തമിഴ്നാടാണ്. അവിടെ ദാരിദ്ര്യം ഏറക്കുറെ തുടച്ചുനീക്കപ്പെട്ടു, വ്യവസായത്തില്‍ നിന്ന് സേവനങ്ങള്‍ ലഭിക്കുന്നു. ഇതൊന്നും ഗുജറാത്തില്‍ കാണാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ഒരു ഹിന്ദു ദേശീയ പാര്‍ട്ടി മാത്രമല്ല, വരേണ്യ പാര്‍ട്ടിയാണെന്നും ചൂണ്ടിക്കാണിക്കുന്നു. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് മുന്‍ഗണന നല്‍കേണ്ട സമയത്ത് അതിന് വിരുദ്ധനിലപാടാണ് അവര്‍ സ്വീകരിക്കുന്നതെന്നും ആരോപിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.