കാർഷിക കരിനിയമങ്ങൾ പാർലമെന്റിൽ പിൻവലിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രഖ്യാപനത്തോടെ രാജ്യത്തെ കർഷക ജനത വിജയിക്കുമ്പോൾ പരാജയപ്പെട്ടത് വലതുപക്ഷ മാധ്യമങ്ങൾ. ലോകം കണ്ട ഏറ്റവും വലിയ സമാധാനപരമായ ജനാധിപത്യ പ്രതിഷേധം വിജയിച്ചത് തുറന്നുപറയാൻ പോലും കഴിയാത്ത അവസ്ഥയിലാണ് കുത്തകമാധ്യമങ്ങൾ. എല്ലാ തട്ടിലുമുള്ള കർഷകരും പുരുഷന്മാരും സ്ത്രീകളും ആദിവാസി, ദളിത് വിഭാഗങ്ങളിൽ നിന്നുള്ളവരും ഉൾപ്പെടെ ഈ സ്വാതന്ത്ര്യസമരത്തിൽ നിർണായക പങ്ക് വഹിച്ചുവെന്നതിനെ തമസ്കരിക്കാനാകാത്ത അവസ്ഥയാണ് ഈ മാധ്യമങ്ങളുടേത്.
പ്രതിഷേധത്തിന്റെ ആദ്യനാളുകൾ മുതൽ, കുത്തക മാധ്യമങ്ങളിൽ നിന്നും ഭരണാനുകൂലികളിൽ നിന്നുമുള്ള ആക്രമണത്തിൽ കർഷകർക്ക് എത്രത്തോളം പിടിച്ചുനിൽക്കാൻ കഴിയുമെന്ന് പൊതുസമൂഹത്തിനു തന്നെ സംശയമുണ്ടായിരുന്നു. എന്നാൽ കോവിഡ് മഹാമാരിയുടെ കാലത്ത് സംഘടിപ്പിച്ച ഏറ്റവും വലിയ സമരം നിര്‍ണായക വിജയം നേടി എന്നതാണ് കുത്തകകളുടെ വിഭ്രാന്തി. അതേസമയം വിസ്മയകരമായ ഈ വിജയം ആദ്യപടിയാണെന്ന് കർഷകർക്ക് അറിയാം. നിയമം അസാധുവാക്കൽ എന്നതിനർത്ഥം ഇപ്പോൾ കഴുത്തിൽ മുറുക്കിയ കെെ കോർപ്പറേറ്റുകൾ കാലിലേക്ക് മാറ്റി എന്നുമാത്രമാണ്. മിനിമം താങ്ങുവില, സംഭരണം, സാമ്പത്തിക നയങ്ങൾ തുടങ്ങിയ വലിയ പ്രശ്നങ്ങൾ ഇപ്പോഴും പരിഹാരം ആവശ്യപ്പെടുന്നു.
നവംബർ 29 ന് ആരംഭിക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ‘എത്ര ശ്രമിച്ചിട്ടും ഒരു വിഭാഗം കർഷകരെ’ അനുനയിപ്പിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് അങ്ങനെ ചെയ്യുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. ചരിത്രസമരത്തിൽ മരണമടഞ്ഞ നൂറുകണക്കിന് കർഷകരെക്കുറിച്ച് ഒരു വാക്കും പ്രഖ്യാപനത്തിലില്ല. ഖലിസ്ഥാനികൾ, ദേശവിരുദ്ധർ, തീവ്രവാദികള്‍, മാവോയിസ്റ്റുകള്‍, ഗുണ്ടകള്‍, സമരജീവികള്‍, കർഷകരുടെ വേഷം കെട്ടിയ വ്യാജ ആക്ടിവിസ്റ്റുകൾ തുടങ്ങിയ പേരിൽ മോഡിഭക്തർ ആക്രമിച്ച കർഷകർ “വിശ്വസിക്കാൻ വിസമ്മതിച്ച ഒരു വിഭാഗം’ ആയി മാറി. തങ്ങളുടെ പരാതികൾ വിശദീകരിക്കാൻ തലസ്ഥാന നഗരിയിലേക്കുള്ള പ്രവേശനം നിഷേധിച്ചതും കിടങ്ങുകളും മുള്ളുകമ്പികളും ഉപയോഗിച്ച് തടഞ്ഞതും ജലപീരങ്കി ഉപയോഗിച്ചു നേരിട്ടതും പ്രഖ്യാപനത്തിൽ മറന്നു.
സമൂഹമാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്തിയും വാഹനങ്ങൾ ഓടിച്ചു കയറ്റി കൊലപ്പെടുത്തിയതും ആയിരുന്നോ അനുനയം എന്ന് സ്തുതിഗീതം പാടുന്ന മാധ്യമങ്ങളും വ്യക്തമാക്കിയിട്ടില്ല. അതിശയകരമായ വെളിപ്പെടുത്തൽ പോലെയുള്ള ഈ പിൻവാങ്ങലിന് അടുത്ത ഫെബ്രുവരിയിൽ അഞ്ച് സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുമായി മാത്രമാണ് ബന്ധം. നവംബർ മൂന്നിന് പ്രഖ്യാപിച്ച 29 അസംബ്ലി, മൂന്ന് പാർലമെന്റ് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലങ്ങളുടെ പ്രാധാന്യം വെളിപ്പെടുത്താനും പലമാധ്യമങ്ങളും മറന്നു. രാജസ്ഥാൻ, ഹിമാചൽ തുടങ്ങിയ സംസ്ഥാനങ്ങളിലെ തിരിച്ചടിയോടൊപ്പം യുപിയും പഞ്ചാബും ഹരിയാനയും മാത്രമാണ് മോഡിയുടെ ചിന്തയിലെന്ന് “തത്തമ്മേ പൂച്ച പൂച്ച” പറയുന്ന ഒരു മാധ്യമത്തിനും കഴിഞ്ഞില്ല എന്ന് മുതിർന്ന മാധ്യമ പ്രവർത്തകനും പീപ്പിൾസ് ആർക്കെെവ് സ്ഥാപക പത്രാധിപരുമായ പി സായിനാഥ് എഴുതുന്നു.
ENGLISH SUMMARY:Success of farmers; The failure of the monopoly media
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.