
കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റാനുള്ള നീക്കങ്ങള്‍ക്കെതിരെ സമ്മര്‍ദതന്ത്രം ശക്തമാക്കി കെ സുധാകരന്‍. മുതിര്‍ന്ന നേതാവ് എ കെ ആന്റണിയെ ഉള്‍പ്പെടെ കണ്ട് തന്റെ പരാതികള്‍ അറിയിക്കുകയും, അതുവഴി ദേശീയ നേതൃത്വത്തിന് മുന്നില്‍ നിലപാട് കടുപ്പിക്കുകയുമാണ് കെ സുധാകരന്‍ ഇന്നലെ ചെയ്തത്. അതിനിടയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പരസ്യവിമര്‍ശനവും കോണ്‍ഗ്രസിന് തലവേദനയായി. ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ സ്ഥാനം തെറിക്കുമെന്ന് ഉറപ്പായതോടെയാണ്, മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യമായ വെല്ലുവിളികളുമായി സുധാകരന്‍ രംഗത്തെത്തിയത്. തന്നെ പുറത്താക്കാനുള്ള നീക്കമാണ് ചിലര്‍ നടത്തുന്നതെന്നും അപമാനിച്ച് ഇറക്കിവിടാനുള്ള നീക്കത്തിന് നിന്നുതരില്ലെന്നും സുധാകരന്‍ വ്യക്തമാക്കി. അസാധാരണമായ രീതിയില്‍ വിവിധ മാധ്യമങ്ങള്‍ക്ക് പ്രത്യേകം അഭിമുഖം ഉള്‍പ്പെടെ നല്‍കുകയും ചെയ്താണ് സുധാകരന്‍ നിലപാട് കടുപ്പിച്ചത്. തനിക്ക് അനാരോഗ്യമുണ്ടെന്ന് പറയുന്നത് തെറ്റാണെന്നും തന്റെ നേതൃത്വത്തില്‍ കഴിഞ്ഞ കാലങ്ങളില്‍ പാര്‍ട്ടി വലിയ മുന്നേറ്റം നടത്തിയെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ദേശീയ നേതൃത്വത്തിന് മുന്നിലുള്ള സമ്മര്‍ദം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കെ സുധാകരന്‍ ഇന്നലെ മുതിര്‍ന്ന നേതാവ് എ കെ ആന്റണിയെ വീട്ടിലെത്തി കണ്ടത്. അധ്യക്ഷസ്ഥാനത്തുനിന്ന് മാറണമെങ്കില്‍ താന്‍ മാറിത്തരാം, പക്ഷെ പൊതുചര്‍ച്ചകള്‍ നടത്തി തന്നെ അപമാനിക്കുന്നത് നിര്‍ത്തണമെന്ന് കെ സുധാകരന്‍ ആവശ്യപ്പെട്ടുവെന്നാണ് സൂചന. കെ സുധാകരന്റെ അപ്രതീക്ഷിതമായ സമ്മര്‍ദതന്ത്രത്തെ നേരിടാനാകാതെ അന്ധാളിച്ച് നില്‍ക്കുകയാണ് കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വവും സംസ്ഥാനത്തെ മറ്റ് നേതാക്കളും. ഏറ്റവും വേഗത്തില്‍ തന്നെ പുതിയ സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിക്കണമെന്ന തീരുമാനത്തിന് മുന്നിലേക്ക് പരസ്യവെല്ലുവിളിയുമായി കെ സുധാകരന്‍ എത്തിയതോടെ, ഇറക്കാനും തുപ്പാനും കഴിയാത്ത അവസ്ഥയിലാണ് ദേശീയ നേതൃത്വം. കെ സുധാകരനെ വിശ്വാസത്തിലെടുത്ത് മാത്രമെ മാറ്റമുണ്ടാകൂയെന്നാണ് നേതാക്കള്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, താന്‍ മാറേണ്ട യാതൊരു സാഹചര്യവുമില്ലെന്നും തന്നെ മാറ്റാന്‍ കഴിയില്ലെന്നും സുധാകരന്‍ പ്രഖ്യാപിച്ചതോടെ ഒന്നും ചെയ്യാന്‍ കഴിയാത്ത സാഹചര്യമായി. സുധാകരന്റെ അഭിപ്രായം കണക്കിലെടുക്കാതെ മാറ്റിയാല്‍ അത് വലിയൊരു പൊട്ടിത്തെറിയിലേക്ക് നീങ്ങുമെന്ന ആശങ്കയാണ് നേതൃത്വത്തിനുള്ളത്. സമ്മര്‍ദതന്ത്രത്തിന് വഴങ്ങി സുധാകരനെ നിലനിര്‍ത്തിയാല്‍ അത് തങ്ങളുടെ കഴിവുകേടാണെന്ന് വിലയിരുത്തപ്പെടുമെന്നും ദേശീയ നേതാക്കള്‍ മനസിലാക്കുന്നു.
സുധാകരന്റെ കടുത്ത സമ്മര്‍ദത്തില്‍ ത്രിശങ്കുവിലായ കോണ്‍ഗ്രസ് നേതൃത്വത്തിന് നേരെ രൂക്ഷമായ വിമര്‍ശനമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഉന്നയിച്ചത്. വരാനിരിക്കുന്നത് പഞ്ചായത്ത് തെരഞ്ഞെടുപ്പാണ്, അങ്കണവാടി തെരഞ്ഞെടുപ്പല്ല. പാര്‍ട്ടിയുടെ ഹൈക്കമാന്‍ഡിന് കൃത്യമായി ബോധ്യമുള്ള പുനസംഘടനാ വിഷയത്തില്‍ എല്ലാ ദിവസവും ഇത്തരത്തില്‍ വാര്‍ത്തയുണ്ടാക്കുന്നത് ആരോഗ്യകരമല്ല. അനിശ്ചിതത്വം മാറ്റിയില്ലെങ്കില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെയും അധികാര സ്ഥാനങ്ങളിലിരിക്കുന്നവരുടെയും ആത്മവീര്യത്തെ ബാധിക്കുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ചെറുപ്പക്കാര്‍ കാണിക്കുന്ന അച്ചടക്കം മുതിര്‍ന്ന നേതാക്കള്‍ കാണിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസിന്റെ സംസ്ഥാന‑ദേശീയ നേതൃത്വത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ പോലും പരസ്യമായ വിമര്‍ശനത്തിലേക്ക് നീങ്ങുന്നത് പാര്‍ട്ടിയുടെ ചട്ടക്കൂട് പാടെ തകര്‍ന്നതിന്റെ തെളിവാണെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.