കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് കെ സുധാകരനെ മാറ്റാന്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുത്തതോടെ സംസ്ഥാന കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമായി. സംസ്ഥാനത്ത് സംഘടനാ ദൗര്‍ബല്യം രൂക്ഷമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നേതൃമാറ്റത്തിനുള്ള നീക്കം. നാളെ ഡല്‍ഹിയില്‍ നടക്കുന്ന യോഗത്തില്‍ നേതൃമാറ്റം ചര്‍ച്ചയാകും. ടാസ്ക് ഫോഴ്സ് അംഗമായി ഹൈക്കമാന്‍ഡ് ചുമതലയേല്പിച്ച സുനില്‍ കനുഗോലു നല്‍കിയ റിപ്പോര്‍ട്ടിന്റെ പേരിലാണ് നടപടി. ആരോഗ്യപ്രശ്നങ്ങള്‍ കാരണം സുധാകരന് വേണ്ട രീതിയില്‍ ഇടപെടാന്‍ സാധിക്കുന്നില്ലെന്ന എതിര്‍പക്ഷത്തിന്റെ ആക്ഷേപങ്ങളാണ് കനുഗോലുവിന്റെ റിപ്പോര്‍ട്ടിലുമുള്ളതെന്നാണ് സൂചന. പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിക്കുന്നില്ലെങ്കിലും, തന്നെ അപമാനിച്ച് പുറത്താക്കാനുള്ള നീക്കത്തിനെതിരെ സുധാകരന്‍ കടുത്ത രോഷത്തിലാണ്.
അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയാല്‍ കുഴപ്പമൊന്നുമില്ലെന്നും ഹൈക്കമാന്‍ഡിന്റെ ഏത് തീരുമാനവും അംഗീകരിക്കുമെന്നുമാണ് കെ സുധാകരന്‍ ആദ്യം പ്രതികരിച്ചത്. തന്നോട് മാറാന്‍ ആരും പറഞ്ഞിട്ടില്ല. റിപ്പോര്‍ട്ടിനെക്കുറിച്ച് കനുഗോലുവിനോട് ചോദിക്കണമെന്നുമാണ് ആദ്യം പറഞ്ഞത്. എന്നാല്‍, പിന്നീട് ശക്തമായ പ്രതികരണവുമായാണ് സുധാകരന്‍ മാധ്യമങ്ങളെ കണ്ടത്. താന്‍ അധ്യക്ഷസ്ഥാനം ഒഴിയേണ്ടെന്ന് തരൂര്‍ ഉള്‍പ്പെടെ പലര്‍ക്കും അഭിപ്രായമുണ്ടെന്നും ഇനിയും കൂടുതല്‍ പേര്‍ അങ്ങനെ അഭിപ്രായം പറയുമെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി. പാര്‍ട്ടിക്കുവേണ്ടി ജീവന്‍ പണയംവച്ച ആളാണെന്നും അതാണ് തന്റെ യോഗ്യതയെന്നും പറയുമ്പോള്‍, ശക്തമായ പ്രതിരോധത്തിലേക്കാണ് സുധാകരന്‍ നീങ്ങുന്നതെന്ന് വ്യക്തം.
സംസ്ഥാനത്ത് കോണ്‍ഗ്രസില്‍ സമൂലമാറ്റം വേണമെന്ന് ആവശ്യപ്പെടുന്ന റിപ്പോര്‍ട്ടാണ് സുനില്‍ കനുഗോലു ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചിരിക്കുന്നത്. സുധാകരനെ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റണം. എന്നാല്‍, സുധാകരനെ ബോധ്യപ്പെടുത്തി വേണം നടപടിയെടുക്കാന്‍. സംസ്ഥാനത്ത് സംഘടന ദുര്‍ബലമാണ്. നേതാക്കള്‍ക്കിടയിലെ പ്രശ്നങ്ങള്‍ പാര്‍ട്ടിക്ക് ദോഷം ചെയ്യുന്നുവെന്നും കനുഗോലു പറയുന്നു. വയനാട് ഉള്‍പ്പെടെയുള്ള ഭൂരിപക്ഷം ഡിസിസി അധ്യക്ഷന്മാരെ മാറ്റണമെന്നും റിപ്പോര്‍ട്ടിലുണ്ട്. വരാനിരിക്കുന്ന നിര്‍ണായക തെരഞ്ഞെടുപ്പുകളിലേക്ക് പോകുന്നതിന് മുമ്പായി നേതൃമാറ്റം ആവശ്യമാണെന്ന് പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവരാണ് ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടത്. എന്നാല്‍, പ്രതിപക്ഷ നേതാവിന്റെ ധാര്‍ഷ്ട്യവും സംസ്ഥാന സര്‍ക്കാരിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉയര്‍ത്തി ജനങ്ങള്‍ക്കിടയില്‍ വിശ്വാസ്യത നഷ്ടപ്പെടുത്തുന്നതുമെല്ലാം പാര്‍ട്ടിക്ക് തിരിച്ചടിയാകുന്നുണ്ടെന്നും ഇതൊന്നും പരിഗണിക്കാതെ ഏകപക്ഷീയമായ റിപ്പോര്‍ട്ടാണ് കനുഗോലു നല്‍കിയിരിക്കുന്നതെന്നുമാണ് സുധാകരന്‍ അനുകൂലികള്‍ ചൂണ്ടിക്കാട്ടുന്നത്.
സംസ്ഥാനത്തെ നേതൃമാറ്റം സംബന്ധിച്ച് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. വി ഡി സതീശനും ചെന്നിത്തലയും ഉള്‍പ്പെടെയുള്ള നേതാക്കളുമായാണ് ദീപാ ദാസ് രഹസ്യചര്‍ച്ച നടത്തി വിവരങ്ങള്‍ ശേഖരിച്ചത്. ഇതിന്റെ റിപ്പോര്‍ട്ട് ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അതേസമയം കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് സുധാകരനെ മാറ്റരുതെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയംഗം ശശി തരൂര്‍. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഉപതെരഞ്ഞെടുപ്പിലടക്കം വലിയ നേട്ടം ഉണ്ടായിട്ടുണ്ട്. പാര്‍ട്ടിയില്‍ ഐക്യം വേണമെന്നാണ് തന്റെയും ആഗ്രഹം. അതിന് കെപിസിസി അധ്യക്ഷനെ മാറ്റേണ്ടതില്ലെന്നും ശശി തരൂര്‍ ചൂണ്ടിക്കാട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.