ഡാര്‍വിന്റെ പരിണാമ സിദ്ധന്തവും അനുബന്ധഭാഗങ്ങളുമുള്‍പ്പെടെ നിരവധി പാഠഭാഗങ്ങള്‍ നീക്കം ചെയ്ത നടപടിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം തുടരുന്നതിനിടെ പുതിയ വിദ്യാഭ്യാസ നയം അനുസരിച്ച് പാഠപുസ്തകങ്ങള്‍ പരിഷ്കരിക്കുന്നതിനായി എന്‍സിഇആര്‍ടി പുതിയ സമിതിയെ നിയമിച്ചു. ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സുധാ മൂര്‍ത്തി, സംഗീതജ്ഞന്‍ ശങ്കര്‍ മഹാദേവന്‍ തുടങ്ങി നിരവധിപ്പേരെ ഉള്‍പ്പെടുത്തിയാണ് സമിതി രൂപീകരിച്ചിരിക്കുന്നത്.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജ്യൂക്കേഷണല്‍ പ്ലാനിങ് ആന്റ് അഡ്മിനിസ്ട്രേഷന്‍ (എന്‍ഐഇപിഎ) ചാന്‍സിലര്‍ എം സി പന്തിന്റെ അധ്യക്ഷതയിലാണ് 19 അംഗ നാഷണല്‍ സിലബസ് ആന്റ് ടീച്ചിങ് ലേണിങ് മെറ്റീരിയല്‍ കമ്മിറ്റി (എന്‍എസ്ടിസി) പ്രവര്‍ത്തിക്കുന്നത്. മൂന്ന് മുതല്‍ 12 വരെയുള്ള ക്ലാസുകളിലേക്കുള്ള പാഠപുസ്തകങ്ങള്‍ തയ്യാറാക്കുകയാണ് സമിതിയുടെ ചുമതല. അധ്യാപകരെ പരിശീലിപ്പിക്കുന്നതിനാവശ്യമായ വിവരങ്ങള്‍ നാഷണല്‍ കൗണ്‍സില്‍ ഓഫ് എജൂക്കേഷണല്‍ റിസര്‍ച്ച് ആന്റ് ട്രയിനിങ്ങിന് (എന്‍സിഇആര്‍ടി) തയ്യാറാക്കി നല്‍കുന്നതും സമിതിയുടെ ചുമതലയാണ്.
പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെ ഗണിത പ്രൊഫസര്‍ മഞ്ജുള്‍ ഭാര്‍ഗവാണ് സമിതിയുടെ സഹ അധ്യക്ഷന്‍. ബാഡ്മിന്റണ്‍ താരം യു വിമല്‍ കുമാര്‍, സെന്റര്‍ ഫോര്‍ പോളിസി സ്റ്റഡീസ് ചെയര്‍മാന്‍ എം ഡി ശ്രീനിവാസ്, ഭാരതീയ ഭാഷാ സമിതി ചെയര്‍പേഴ്സണ്‍ ചാമു കൃഷ്ണ ശാസ്ത്രി എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍.
ദുരുദ്ദേശപരമായ വെള്ളപൂശലാണ് പാഠഭാഗങ്ങള്‍ നീക്കുന്നതിലൂടെ ബിജെപി സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ വാദം. എന്നാല്‍ വിദഗ്ധരുടെ അഭിപ്രായത്തെ തുടര്‍ന്നാണ് പാഠഭാഗങ്ങള്‍ നീക്കിയതെന്നും വിശദമായ പഠനത്തിന് ശേഷം ആവശ്യമായ തിരിച്ചെടുക്കുമെന്നും എന്‍സിഇആര്‍ടി പ്രതികരിച്ചിരുന്നു.
English Summary: Sudhamurthy and Shankar Mahadevan for NCERT curriculum reform
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.