27 April 2025, Sunday
KSFE Galaxy Chits Banner 2

പുതുവര്‍ഷത്തില്‍ 27 രൂപയ്ക്ക് പഞ്ചസാര ലഭ്യമാക്കും: മന്ത്രി ജി ആര്‍ അനില്‍

സ്വന്തംലേഖിക
തിരുവനന്തപുരം
December 21, 2024 6:08 pm

സംസ്ഥാനത്ത് സപ്ലൈകോ ക്രിസ്മസ് — ന്യൂഇയര്‍ ഫെയര്‍ ആരംഭിച്ചതോടെ ക്രിസ്മസ് വിപണി ഉണര്‍ന്നു. ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന തരത്തില്‍ പൊതുവിപണിയേക്കാള്‍ വമ്പന്‍ വിലക്കുറവിലാണ് സബ്സിഡി ഉല്പന്നങ്ങള്‍ ഇത്തവണ സപ്ലൈകോ എത്തിച്ചിരിക്കുന്നത്. 13 ഇനം അവശ്യസാധനങ്ങള്‍ സബ്സിഡി നിരക്കിലും ശബരി ഉല്പന്നങ്ങള്‍, മറ്റ് ഉല്പന്നങ്ങള്‍ എന്നിവ പത്ത് മുതല്‍ 20 ശതമാനം വരെ വിലക്കുറവിലും ലഭിക്കും. പ്രമുഖ കമ്പനികളുടെ ബ്രാന്‍ഡഡ് ഉല്പന്നങ്ങള്‍ക്ക് ആകര്‍ഷകമായ ഓഫറും ഉണ്ട്. ക്രിസ്മസ് ന്യൂഇയര്‍ ഫെയറുകളിലും സംസ്ഥാനത്തെ എല്ലാ സൂപ്പര്‍മാര്‍ക്കറ്റുകളിലും വിവിധ ബ്രാന്‍ഡഡ് ഉല്പന്നങ്ങള്‍ക്ക് നല്‍കി വരുന്ന വിലക്കുറവിന് പുറമെ പത്തു ശതമാനം വരെ അധിക വിലക്കുറവ് നല്‍കുന്ന ഫ്ലാഷ് സെയില്‍ സ്കീമും ഇത്തവണ ഉണ്ട്. എല്ലാദിവസും ഉച്ചയ്ക്ക് 2.30 മുതല്‍ നാല് വരെയാണ് ഫ്ലാഷ് സെയില്‍. കൂടാതെ വിപണിയില്‍ വില കത്തി നില്‍ക്കുന്ന സവാള, ചെറിയ ഉള്ളി, കിഴങ്ങ്, വെളുത്തുള്ളി എന്നിവയും ജനങ്ങള്‍ക്ക് ആശ്വാസമേകാന്‍ വില കുറച്ച് വില്‍പ്പനയ്ക്കെത്തിച്ചിട്ടുണ്ട്. ഒരു കിലോ സവോള 45 രൂപയ്ക്കും ചെറിയ ഉള്ളി 55 രൂപയ്ക്കും കിഴങ്ങ് 50 രൂപയ്ക്കും, വെളുത്തുള്ളി 250 ഗ്രാം 75 രൂപയ്ക്കും ഫെയറില്‍ ലഭ്യമാണ്.ഈ മാസം 30 വരെയാണ് ഫെയറുകള്‍. 

കേരളത്തിലെ ആറ് ലക്ഷത്തോളമുള്ള എഎവൈ മഞ്ഞ റേഷൻ കാർഡ് ഉടമകൾക്ക് പഞ്ചസാര സബ്സിഡി നിരക്കിൽ ലഭ്യമാക്കുമെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു. സപ്ലൈകോ ക്രിസ്മസ്- ന്യൂ ഇയര്‍ ഫെയറിന്റെ സംസ്ഥാന തല ഉദ്ഘാടനചടങ്ങില്‍ അധ്യക്ഷനാവുകയായിരുന്നു മന്ത്രി. പുതുവർഷം പ്രമാണിച്ച് 45 രൂപയിലധികം വരുന്ന ഒരു കിലോ പഞ്ചസാര കാർഡുടമകൾക്ക് 27 രൂപയ്ക്ക് ലഭ്യമാക്കാനുള്ള നടപടികൾ പൂർത്തിയായി വരികയാണെന്നും മന്ത്രി പറഞ്ഞു. ക്രിസ്മസ് പ്രമാണിച്ച് നിലവിലുള്ള സബ്സിഡി ഉല്പന്നങ്ങൾ വിപണനം നടത്തുന്നതിന് പുറമേ മറ്റുൽപ്പന്നങ്ങൾക്ക് പലവിധത്തിലുള്ള ഓഫറുകളും വിലക്കുറവും നൽകി ജനങ്ങൾക്ക് ആശ്വാസം പകരാൻ കഴയുന്ന തരത്തിലാണ് ഇത്തവണ ക്രിസ്മസ് ഫെയർ സംഘടിപ്പിക്കുന്നത്. കേരളത്തിൽ ഒട്ടാകെ ജില്ലാ ആസ്ഥാനങ്ങളിൽ ഫെയറുകൾ ആരംഭിച്ചിട്ടുണ്ട്. ഔട്ട്‌ലെറ്റുകളിൽ എല്ലാ ഉല്പന്നങ്ങളും എത്തിക്കാനുള്ള നടപടികൾ പൂർത്തിയാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. 

* സബ്സിഡി ഉല്പന്നങ്ങളുടെ വില (രൂപയില്‍) (ബോക്സ് )

1. ചെറുപയര്‍ ( ഒരു കിലോ ) — 90
2. ഉഴുന്ന് — 95
3. വന്‍കടല — 69
4. വന്‍പയര്‍ — 791
5. തുവരപ്പരിപ്പ് — 115
6. മുളക് ( 500 ഗ്രാം ) — 73
7. മല്ലി ( 500 ഗ്രാം) — 39
8. പഞ്ചസാര ( ഒരു കിലോ ) — 33
9. ശബരി വെളിച്ചെണ്ണ ഒരു ലിറ്റര്‍ പാക്കറ്റ് — 167
10. ജയ അരി ( ഒരു കിലോ ) — 33
11. കുറുവ അരി ( ഒരു കിലോ) — 33
12. മട്ട അരി ( ഒരു കിലോ ) — 33
13. പച്ച അരി ( ഒരു കിലോ ) — 29

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.