
പിടികിട്ടാപ്പുള്ളിയെന്ന പേരിന് മലയാളത്തിൽ പുതിയ പര്യായം എഴുതിച്ചേർത്ത സുകുമാരക്കുറുപ്പ് ഇന്നും പരിധിക്ക് പുറത്ത്. 1984 ജനുവരി 22ന് ഫിലിം റെപ്രസന്റേറ്റീവ് ചാക്കോയെ കാറിനുള്ളിൽ തീയിട്ടു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് സുകുമാരക്കുറുപ്പ്. കറുത്ത മുടിയും താടിയുമുള്ള ചെറുപ്പക്കാരനെ തേടിയുള്ള പൊലീസിന്റെ അലച്ചിലിന് 39 വർഷത്തെ പഴക്കമുണ്ടെങ്കിലും കേസിന്റെ അന്വേഷണ ഫയൽ ഇപ്പോഴും സജീവം.
ദുരൂഹതകൾ ബാക്കിയാക്കി കുറുപ്പ് അന്തരീക്ഷത്തിൽ മറഞ്ഞപ്പോൾ രാജ്യാന്തര തലത്തിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന 63 കേസിൽ ഒന്നായി ചാക്കോ വധക്കേസ് മാറി. ക്രൈംബ്രാഞ്ചിന്റെ ആവശ്യപ്രകാരം ഇന്റർപോൾ റെഡ് നോട്ടീസ് ഇറക്കിയെങ്കിലും കുറുപ്പ് ജീവിച്ചിരിപ്പുണ്ടോ എന്നത് പോലും പൊലീസിന് ഇന്നും അജ്ഞാതം. കേരളാ പൊലീസിന്റെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലെ ‘ഹോട്ട്നെയിം’ ആയി സുകുമാരക്കുറുപ്പ് മാറി.
ഉത്തരേന്ത്യയിൽ കുറുപ്പ് ഒളിവിലുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഇന്നും ഊർജിതമായി തുടരുന്നു. കുറുപ്പിനെ കണ്ടു എന്ന് പറഞ്ഞ് ലഭിച്ച കത്തുകളുടെ അടിസ്ഥാനത്തിൽ അൻപതോളം പേരെയാണ് പൊലീസ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ചെങ്ങന്നൂർ താണുവേലിൽ ശിവരാമക്കുറുപ്പിന്റെ മകൻ ഗോപാലകൃഷ്ണക്കുറുപ്പ് സുകുമാരക്കുറുപ്പായി മാറിയത് സിനിമയെ വെല്ലുന്ന കഥ. എയർഫോഴ്സിലെ ഉദ്യോഗസ്ഥനായിരുന്ന ഗോപാലകൃഷ്ണക്കുറുപ്പ് ഉദ്യോഗസ്ഥനെ സ്വാധീനിച്ച് അവധിയെടുത്തു. പിന്നീട് ഉദ്യോഗസ്ഥന്റെ സഹായത്തോടെ ഗോപാലകൃഷ്ണക്കുറുപ്പ് മരിച്ചതായി എയർഫോഴ്സ് അധികൃതർക്ക് അറിയിപ്പു നൽകി. അതോടെ ഗോപാലകൃഷ്ണക്കുറുപ്പ് സുകുമാരക്കുറുപ്പായി മാറി. പിന്നീട് അബുദാബിയിലെ സ്വകാര്യ കമ്പനിയിൽ ജോലിക്ക് കയറിയ കുറുപ്പ് സ്ഥാപനത്തിലെ നിലനിൽപ്പ് ഭീഷണിയായപ്പോഴാണ് പണം കണ്ടെത്താൻ പുതുവഴി തേടിയത്.
ജനുവരി 21ന് പകരക്കാരനെ തേടി കുറുപ്പും സംഘവും സഞ്ചരിച്ച വാഹനത്തിന് നേരെ ഫിലിം റെപ്രസന്റേറ്റീവായ ചാക്കോ ദേശീയപാതയിൽ കരുവാറ്റയ്ക്കു സമീപം ലിഫ്റ്റ് അഭ്യർത്ഥിച്ച് കൈകാണിച്ചു. ആലപ്പുഴയിൽ ഇറക്കാം എന്ന് പറഞ്ഞാണ് കാറിൽ കയറ്റിയത്. എന്നാൽ കാർ തോട്ടപ്പള്ളിയിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് പല്ലനഭാഗത്തേക്ക് പോയി. ചാക്കോയെ ഈഥർ കലക്കിയ മദ്യം കഴിപ്പിച്ച ശേഷം കഴുത്തു മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം കയറ്റിയ കാര്‍ വഴിവക്കില്‍ കത്തിച്ച് മരിച്ചത് താനെന്ന് വരുത്തുകയായിരുന്നു കുറുപ്പ്. കള്ളക്കളി പിറ്റേന്നുതന്നെ പൊലീസ് തിരിച്ചറിഞ്ഞെങ്കിലും അതിനകം കുറുപ്പ് മുങ്ങിയിരുന്നു.
English Summary:Sukumarakurup has been hiding for 39 years
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.