24 December 2024, Tuesday
KSFE Galaxy Chits Banner 2

ഓർമ്മകൾക്ക് 28 വയസ്സ്: കഥകളുടെ സുൽത്താന് ബേപ്പൂരിൽ സ്മാരകം ഒരുങ്ങുന്നു

Janayugom Webdesk
June 30, 2022 6:12 pm

മലയാള സാഹിത്യത്തിൽ ഇതിഹാസ തുല്യമായ സ്ഥാനം അലങ്കരിക്കുന്ന ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന് ബേപ്പൂരിൽ സ്മാരകമുയരുന്നു. ലളിതവും നർമ്മരസം തുളുമ്പുന്നതുമായ രചനാ രീതിയിലൂടെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച എഴുത്തുകാരന് മരിച്ചിട്ട് 28 വർഷങ്ങൾക്ക് ശേഷമാണ് സ്മാരകം ഉയരുന്നതെങ്കിലും ഏറ്റവും ആദരവ് നിറഞ്ഞ രീതിയിൽ സാഹിത്യ തീർത്ഥാടന കേന്ദ്രം എന്ന നിലയിലാണ് സ്മാരകം ഒരുക്കുന്നത്. 

ബഷീറിന്റെ ഇരുപത്തെട്ടാം ചരമവാർഷികത്തോടനുബന്ധിച്ച് ബേപ്പൂരിൽ ജൂലൈ രണ്ടു മുതൽ അഞ്ചുവരെ നടക്കുന്ന ബഷീർ ഫെസ്റ്റിലാണ് സ്മാരക മന്ദിരത്തിന് തറക്കല്ലിടുക. ആകാശമിഠായി എന്ന പേരിലുള്ള ബഷീർ സ്മാരകം അക്ഷരത്തോട്ടം, കമ്മ്യൂണിറ്റി ഹാൾ, കൾച്ചറൽ സെന്റർ, ഗവേഷണ കേന്ദ്രം, ബഷീർ മ്യൂസിയം, ഗ്രന്ഥാലയം, കുട്ടികളുടെ കളിസ്ഥലം, വാക് വേ, ഫുഡ് സ്റ്റാളുകൾ തുടങ്ങി നിരവധി പ്രത്യേകതകളോടെയാണ് ഒരുങ്ങുക. ജൂലായ് മൂന്നിന് വൈകീട്ട് അഞ്ചിന് ബേപ്പൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് സ്മാരക മന്ദിരത്തിന് തറക്കല്ലിടും. 

സംസ്ഥാന വിനോദസഞ്ചാര വകുപ്പ് 7.37 കോടി രൂപ മുതൽ മുടക്കിലാണ് ആദ്യ ഘട്ടം നിർമ്മാണം പൂർത്തിയാക്കുക. ബിസി റോഡിൽ വർഷങ്ങളായി ഉപയോഗിക്കാത്ത ബേപ്പൂർ കമ്മ്യൂണിറ്റി ഹാൾ പൊളിച്ചു മാറ്റിയാണ് സ്മാരകം ഒരുക്കുക. ഹാളിന്റെ തെക്ക് ഭാഗത്ത് കോർപ്പറേഷൻ കൈവശമുള്ള 82.69 സെന്റ് സ്ഥലം കൂടി ഇതിനായി പ്രയോജനപ്പെടുത്തും. ഇതിന് പുറമെ സമീപത്തെ 14 സെന്റ് സ്ഥലം കൂടി കോർപ്പറേഷൻ ഏറ്റെടുക്കും. നേരത്തെ എൽഡിഎഫ് സർക്കാർ സ്മാരക നിർമ്മാണത്തിനായി ഉപദേശക സമിതി രൂപീകരിക്കുകയും നിർമ്മാണത്തിന് നീക്കം ആരംഭിക്കുകയും ചെയ്തിരുന്നു. 

എന്നാൽ സ്ഥല ലഭ്യത ഉൾപ്പെടെയുള്ള പ്രശ്നങ്ങളാൽ പദ്ധതി യാഥാർത്ഥ്യമായില്ല. തുടർന്നാണ് കഴിഞ്ഞ വർഷം ടൂറിസം വകുപ്പ് കോർപ്പറേഷനെ പങ്കാളികളാക്കി പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്. ഇതിനായി പ്രത്യേക ഫണ്ടും വകയിരുത്തി. തറക്കല്ലിടൽ ചടങ്ങിൽ മേയർ ബീന ഫിലിക്ക് അധ്യക്ഷത വഹിക്കും. കലക്ടർ എൻ തേജ് ലോഹിത് റെഡ്ഡി മുഖ്യാതിഥിയാവും. അനീസ് ബഷീർ, ഷാഹിന ബഷീർ തുടങ്ങിയവർ സംബന്ധിക്കും. ജൂലെെ അഞ്ചിനാണ് ബഷീറിന്റെ ചരമവാർഷിക ദിനം.

Eng­lish Summary:Sultan of sto­ries gets memo­r­i­al in Beypur
You may also like this video

TOP NEWS

December 24, 2024
December 24, 2024
December 24, 2024
December 24, 2024
December 24, 2024
December 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.