സംസ്ഥാനത്ത് വേനൽ ചൂട് ഉയരുന്ന സാഹചര്യത്തിൽ ജാഗ്രത നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഉഷ്ണതരംഗ സാധ്യത ഉണ്ടെന്നും വകുപ്പുകൾ ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങൾ നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. , മഴക്കാല പൂർവ ശുചീകരണം, ആരോഗ്യ ജാഗ്രത — പകർച്ചവ്യാധി പ്രതിരോധ നടപടികൾ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി വിളിച്ചു ചേർത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വേനൽ മഴ ലഭിക്കുന്നതിനാൽ വൈകിട്ടത്തെ ചൂടിൽ കുറവ് വരുമെങ്കിലും ജാഗ്തയിൽ കുറവുണ്ടാകാൻ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതു സ്ഥലങ്ങളിൽ ശുദ്ധമായ കുടിവെള്ള സംവിധാനം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഓട്ടോ – ടാക്സി ഡ്രൈവർമാർ, ഓൺലൈൻ ഭക്ഷണ വിതരണ തൊഴിലാളികൾ, ഹോട്ടലുകളുടെ മുന്നിൽ സെക്യൂരിറ്റിയായി നിൽക്കുന്നവർ തുടങ്ങിയവർക്കും ശുദ്ധമായ ദാഹജലം ഉറപ്പാക്കണം. വിനോദ സഞ്ചാരികൾക്കിടയിലും ജാഗ്രതാ നിർദ്ദേശം എത്തിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.
താലൂക്ക് തലത്തിലുള്ള ആശുപത്രികളിൽ ഉഷ്ണ തരംഗം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് ചികിത്സാ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഒപ്പം തന്നെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ പ്രാഥമിക ശുശ്രൂഷ നൽകുന്നതിനുള്ള നടപടികളും സ്വീകരിക്കും. തീപിടുത്ത സാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്തി ആവസ്യമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വളർത്തു മൃഗങ്ങൾക്ക് ചൂടിൽ നിന്ന് സംരക്ഷണം നൽകുന്നത് പോലെ തന്നെ അലഞ്ഞു തിരിയുന്ന മൃഗങ്ങളുടെ കാര്യത്തിലും ശ്രദ്ധ ഉണ്ടാകണം. അവയ്ക്കാവശ്യമായ ശുദ്ധജലം ഉറപ്പാക്കണം.
വഴിയോരക്കച്ചവടക്കാർ, വ്യാപാരികൾ എന്നിവർക്കും ജാഗ്രതാ നിർദ്ദേശം നൽകണം. സമീപ ഹോട്ടലുകളുമായി സഹകരിച്ച് ഇവർക്കാവശ്യമായ കുടിവെള്ള ലഭ്യത ഉറപ്പാക്കണം. കിടപ്പുരോഗികൾ, പ്രായമായവർ എന്നിവരെ വീടിനുള്ളിൽ പ്രത്യേക ശ്രദ്ധ നൽകി പരിചരിക്കണം. ആശ, ആരോഗ്യപ്രവർത്തകരുട നിരീക്ഷണ ടീമുകൾ രൂപീകരിച്ച് ഇവരുടെ വിശദാംശങ്ങ8 ശേഖരിക്കണം. ഇതുമായി ബന്ധപ്പെട്ട് പാലിയേറ്റീവ് കെയർ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പ്രത്യേക നിർദ്ദേശം നൽകണം. വീടില്ലാതെ താമസിക്കുന്നവരുടെ കാര്യത്തിൽ ജാഗ്രത ഉണ്ടാകണമെന്നും ഇവർക്ക് അഭയം നൽകേണ്ടി വന്നാൽ അത് പരിഗണിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചൂട് കൂടുന്ന ഇക്കാലയളവിൽ തണലുള്ളതും വൃക്ഷങ്ങളുള്ളതുമായ പാർക്കുകൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങൾ പൊതു ജനങ്ങൾക്ക് വിശ്രമിക്കുന്നതിനായി തുറന്നു നൽകണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. കെ.രാജൻ, കെ.എൻ ബാലഗോപാൽ, വി.ശിവൻകുട്ടി, വീണാ ജോർജ്, എ.കെ. ശശീന്ദ്രൻ, ജെ.ചിഞ്ചുറാണി, ആർ.ബിന്ദു, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, വിവിധ വകുപ്പ് മേധാവികൾ, ദുരന്തനിവാരണ മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.