21 November 2024, Thursday
KSFE Galaxy Chits Banner 2

സുന്ദർരാജ്: തട്ടകം തലസ്ഥാനമാക്കി ബാങ്ക് ജീവനക്കാര്‍ക്കായി പൊരുതിയ നേതാവ്

വി പി രാധാകൃഷ്ണൻ
തിരുവനന്തപുരം
May 14, 2023 4:08 pm

ബാങ്ക് ജീവനക്കാരുടെ ട്രേഡ് യൂണിയൻ പ്രസ്ഥാനമായ എഐബിഇഎയുടെ സംസ്ഥാന നേതാക്കളിൽ പ്രമുഖനായിരുന്നു എസ് ഡി സുന്ദർരാജ്. ആറു പതിറ്റാണ്ട് ബാങ്ക് ജീവനക്കാരുടെ സംഘടനാ പ്രവർത്തനങ്ങളുടെ അമരത്തുണ്ടായിരുന്ന സുന്ദർരാജ് കഴിഞ്ഞ ദിവസമാണ് വിടപറഞ്ഞത്. എഐബിഇഎയുടെ സംസ്ഥാന ഘടകമായ ഓള്‍ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്റെ അസിസ്റ്റന്റ് സെക്രട്ടറിയായും പിന്നീട് വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. ജീവനക്കാരുടെ സംഘടനയുടെ ഭാഗമല്ലാതിരുന്ന ബാങ്ക് ഓഫിസർമാരെ സംഘടിപ്പിച്ച് 1980ൽ എഐബിഒഎ രൂപീകരിക്കപ്പെട്ടപ്പോൾ സംസ്ഥാന സെക്രട്ടറിയായും അഖിലേന്ത്യാ അസിസ്റ്റന്റ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിലെ ആദ്യകാല ജീവനക്കാരൻ, പിന്നീട് ഓഫിസർ എന്നീ നിലകളിൽ നാല് പതിറ്റാണ്ടുകാലം ഔദ്യോഗികജീവിതം തുടർന്നു. അപ്പോഴെല്ലാം സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ എംപ്ലോയീസ് യൂണിയന്റെയും ഓഫിസേഴ്സ് യൂണിയന്റെയും നേതൃചുമതല ആ കരങ്ങളിൽ ഭദ്രമായിരുന്നു. 1962 ൽ ഇന്ത്യയിലെ ബാങ്കുകളുടെ ദേശവൽക്കരണത്തിനായി ടി കെ വേലായുധൻ നായരുടെ നേതൃത്വത്തിൽ പ്രമേയം പാസാക്കിയ തിരുവനന്തപുരത്ത് ചേർന്ന എഐബിഇഎയുടെ അഖിലേന്ത്യാ സമ്മേളനത്തിൽ പ്രതിനിധിയായിരുന്നു സുന്ദർരാജ്. തുടർന്ന് ബാങ്ക് ദേശസാൽക്കരണത്തിനായി നടന്ന ഐതിഹാസിക സമരങ്ങൾക്ക് സംസ്ഥാനത്ത് നേതൃത്വം നൽകുന്നതിൽ സുന്ദർരാജ് നിർണായക പങ്കുവഹിച്ചു. രണ്ട് വർഷക്കാലം നീണ്ടുനിന്ന ശക്തമായ സമരത്തെ തുടർന്ന് 1964ൽ 14 വൻകിട ബാങ്കുകൾ ദേശസാൽക്കരിക്കപ്പെട്ടു.

1989ൽ ആരംഭിച്ച് 1993ൽ അവസാനിച്ച ബാങ്ക് ജീവനക്കാരുടെ പെൻഷൻ സമരം എഐബിഇഎ സമരചരിത്രത്തിന്റെ മറ്റൊരു വെണ്മയാർന്ന ഏടാണ്. എഐബിഇഎയും എഐബിഒഎയും സംയുക്തമായി നയിച്ച ആ സമരത്തിന്റെ ഏകീകരണവും നേതൃത്വവും പി കെ മേനോൻ, ടി കെ വേലായുധൻ നായർ, എ വി ജി നായർ എന്നിവർക്കൊപ്പം സുന്ദര്‍രാജും ചേര്‍ന്നായിരുന്നു. നിസ്വാർത്ഥമായ സേവനം മുഖമുദ്രയാക്കി ആയാസകരമായ ലക്ഷ്യങ്ങളെപ്പോലും പ്രായോഗിക സമീപനങ്ങളിലൂടെ കൈപിടിയിലാക്കാൻ കഴിയുന്ന തന്ത്രശാലിയായ നേതാവ്. ഒരു വ്യാഴവട്ടക്കാലം തന്റെ പ്രവർത്തന തട്ടകം തിരുവനന്തപുരമായിരുന്നപ്പോൾ നിരന്തരം മൃഗീയമായ ചൂഷണത്തിന് വിധേയരായിരുന്ന കുളത്തൂപ്പുഴയിലെ പൊട്ടമാവ് ഗിരിവർഗ കോളനിയിലെ 158 കുടുംബങ്ങൾ ഉൾക്കൊള്ളുന്ന സെറ്റിൽമെന്റ് കോളനിയെ എഐബിഒഎയുടെ ആഭിമുഖ്യത്തില്‍ ദത്തെടുപ്പിച്ച് അവരുടെ സമഗ്രവികസനത്തിനും പുരോഗതിക്കുമായി സംഘടനയെ സാമൂഹ്യപരിവർത്തനമേഖലയിലും കയ്യൊപ്പ് ചാര്‍ത്താന്‍ സുന്ദർരാജിന്റെ നേതൃപാടവത്തിനായി. ജീവിതാവസാനം വരെ ലാളിത്യവും വിശ്വാസ്യതയും മുറുകെപ്പിടിച്ച് ഒരു കമ്മ്യൂണിസ്റ്റുകാരനായി ജീവിച്ച അദ്ദേഹം അഖിലേന്ത്യാ സമാധാന ഐക്യദാർഢ്യ പ്രസ്ഥാനത്തിന്റെയും ഇസ്‌ക്കസിന്റെയും പ്രവർത്തകനായിരുന്നു. ശകുന്തളയാണ് അദ്ദേഹത്തിന്റെ ഭാര്യ. രാജേഷ്, സൗമ്യ എന്നിവര്‍ മക്കളും അജിത, വിവേക് എന്നിവര്‍ മരുമക്കളുമാണ്.

Eng­lish Sam­mury: Com.S D Sund­har­raj: A leader who fought for bank employees

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 20, 2024
November 20, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.