ഒമ്പത് മാസങ്ങൾക്ക് ശേഷം ഐഎസ്എസ് കമാൻഡർ സുനിത വില്യംസ് ഭൂമിയിലേക്ക് പറന്നിറങ്ങുമ്പോൾ അത് ചരിത്രത്തിലേക്കുള്ള ഒരു ചുവടുവയ്പായി മാറും. ഒട്ടേറെ സുവർണ നേട്ടങ്ങള്‍ കരസ്ഥമാക്കിയാണ് ഈ ഇന്ത്യൻ വംശജയുടെ മടങ്ങിവരവ്. ഈ കാലത്തിനുള്ളിൽ 200 ഓളം പരീക്ഷണങ്ങൾ പൂർത്തിയാക്കിയ സുനിത 570 ദിവസത്തിലേറെയാണ് ബഹിരാകാശത്ത് ജീവിച്ചത്. ബഹിരാകാശത്ത് ചെലവഴിച്ച ഏറ്റവും പരിചയ സമ്പന്നരായ യുഎസ് ബഹിരാകാശയാത്രികരുടെ പട്ടികയില്‍ സുനിത വില്യംസ് രണ്ടാം സ്ഥാനത്തെത്തി. ബഹിരാകാശത്ത് ഏറ്റവും കൂടുതൽ സമയം നടന്ന വനിത എന്ന റെക്കോഡ് സുനിത സ്വന്തമാക്കി. ഒമ്പത് തവണയായി 62 മണിക്കൂറിലധികമാണ് സുനിത ബഹിരാകാശത്ത് നടന്നത്.
ബഹിരാകാശ നിലയത്തിൽ കുടുങ്ങി എട്ടുമാസത്തിന് ശേഷമാണ് സുനിത വില്യംസും, ബുച്ച് വിൽമോറും ആദ്യമായി നടന്നത്. 10 ബഹിരാകാശ നടത്തങ്ങളിലൂടെ 60 മണിക്കൂർ 21 മിനിറ്റ് ചെലവഴിച്ച പെഗ്ഗി വിറ്റ്സൺ എന്ന അമേരിക്കൻ വനിതയുടെ റെക്കോഡാണ് സുനിത മറികടന്നത്. ബോയിങ് സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിന്റെ പ്രഥമ ദൗത്യത്തിന്റെ പൈലറ്റ് ക്യാപ്റ്റൻ കൂടിയായിരുന്നു സുനിത. പുതിയ പേടകത്തിന്റെ ദൗത്യത്തിൽ പറക്കുന്ന ആദ്യ വനിതയെന്ന ബഹുമതിയും ഇതോടെ സുനിതയ്ക്ക് സ്വന്തമായി. 2006ലെ സുനിത വില്യംസിന്റെ ആദ്യ ബഹിരാകാശയാത്ര തന്നെ ലോകത്താകെ ചർച്ചയായി. പിന്നീട് 2012ൽ രണ്ടാമതും ബഹിരാകാശ യാത്ര നടത്തി. ഈ ദൗത്യങ്ങളിലായി സുനിത 322 ദിവസങ്ങളാണ് ബഹിരാകാശത്ത് ചെലവഴിച്ചത്.
സ്റ്റാർ ലൈനറിന്റെ മനുഷ്യരെയും വഹിച്ചുകൊണ്ടുള്ള ആദ്യ പരീക്ഷണത്തിന്റെ ഭാഗമായാണ് 2024 ജൂൺ ഏഴിന് സുനിത വില്യംസും ബുച്ച് വിൽമോറും ബഹിരാകാശത്തെത്തിയത്. ജൂൺ 13 മടങ്ങാനായിരുന്നു പദ്ധതി. എന്നാൽ സ്റ്റാർ ലൈനർ പേടകത്തിന്റെ തകരാറുകൾ മൂലം യാത്ര നീണ്ടു. 286 ദിവസങ്ങൾക്ക് ശേഷമാണ് ഇവർ മടങ്ങിവരാൻ ഒരുങ്ങുന്നത്. ബഹിരാകാശ രംഗത്ത് അമേരിക്കയുടെ മുന്നേറ്റത്തിനൊപ്പം ഇന്ത്യയുടെ പേരും എഴുതിച്ചേർത്ത സുനിത വില്യംസിന്റെ ജീവിതകഥ ആകാശയാത്രയെ സ്നേഹിക്കുന്ന ആർക്കും പ്രചോദനമാണ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഒന്നിലധികം തവണ സഞ്ചരിച്ച് റെക്കോഡുകൾ സൃഷ്ടിച്ച ഇന്ത്യൻ വംശജയായ സുനിതയ്ക്ക് 1983ൽ യുഎസ് നേവൽ അക്കാദമിയിൽ ചേർന്നതാണ് ജീവിതത്തിൽ വഴിത്തിരിവായത്. നാവികസേനയിൽ നിന്ന് ബഹിരാകാശ യാത്രികയിലേക്കുള്ള മാറ്റം അവരെ ചരിത്രത്തിന്റെ ഭാഗമാക്കി. 1998 ജൂണിൽ ആണ് നാസ ബഹിരാകാശയാത്രികയായി സുനിതയെ തെരഞ്ഞെടുക്കുന്നത്. ഓറിയന്റേഷൻ ബ്രീഫിങ്ങുകൾക്കും ടൂറുകൾക്കും പുറമെ ശാസ്ത്ര സാങ്കേതിക രംഗത്തെ പ്രമുഖരുമായി ഇടപെടാനും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ സംവിധാനങ്ങൾ പരിശീലിക്കാനും ഒക്കെ മികച്ച അവസരം ലഭിച്ചു.
എക്സ്പെഡിഷൻ 32ന്റെ ഫ്ലൈറ്റ് എന്‍ജിനീയർ, എക്സ്പെഡിഷൻ 33 ഇന്റർനാഷണൽ സ്പേസ് സ്റ്റേഷൻ കമാൻഡർ എന്നീ നിലയിൽ പ്രവർത്തിച്ചു. ബഹിരാകാശ പര്യവേഷണ ചരിത്രത്തിലെ സുപ്രധാന അധ്യായങ്ങളാണ് സുനിതാ വില്യംസിന്റെ ദൗത്യങ്ങൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.