
കെ സുധാകരന്‍ ഉയര്‍ത്തിയ കടുത്ത സമ്മര്‍ദത്തിനൊടുവില്‍ കെപിസിസിക്ക് സമവായ അധ്യക്ഷന്‍. തന്നെ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റി, ആന്റോ ആന്റണിയെ നിയോഗിക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്ന് തുറന്നുപ്രഖ്യാപിച്ച സുധാകരനെ തണുപ്പിക്കാനായി ഒടുവില്‍ സണ്ണി ജോസഫിനെയാണ് ദേശീയ നേതൃത്വം കണ്ടെത്തിയത്. ക്രിസ്ത്യന്‍ മതവിശ്വാസികളെ കൂടുതല്‍ അടുപ്പിക്കാനെന്ന പേരില്‍ അധ്യക്ഷസ്ഥാനത്തേക്ക് കരുക്കള്‍ നീക്കിയ ആന്റോ ആന്റണിയെ ഒഴിവാക്കാനായെന്നതും, സ്വന്തം ആളായ സണ്ണി ജോസഫാണ് അധ്യക്ഷ സ്ഥാനത്ത് എന്നതും സുധാകരന് ആശ്വാസമാകും. ദിവസങ്ങളായി നീണ്ടുനിന്ന തര്‍ക്കത്തില്‍ തന്റെ കൂടെ നില്‍ക്കുന്ന നിരവധി നേതാക്കളെ കണ്ടെത്താനായതും വരുംകാല പോരാട്ടങ്ങളില്‍ കരുത്തുപകരും. അനാരോഗ്യവും കഴിവുകേടും ആരോപിച്ച് തന്നെ അപമാനിച്ച് പുറത്താക്കാനാണ് ദേശീയ നേതൃത്വവും സംസ്ഥാനത്തെ ഒരു വിഭാഗവും നീക്കം നടത്തുന്നതെന്നാണ് കെ സുധാകരന്‍ പരാതിപ്പെട്ടിരുന്നത്.
ദേശീയ നേതൃത്വത്തിനെതിരെ തുറന്ന പോരാട്ടം തന്നെ നടത്തിയ കെ സുധാകരനെ പിന്തുണച്ച് സംസ്ഥാനത്തുടനീളം പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ഡല്‍ഹിയില്‍ നിന്ന് എതിര്‍പ്പൊന്നും അറിയിക്കാതെ മടങ്ങിയ സുധാകരന്‍ കേരളത്തില്‍ തിരിച്ചെത്തിയതിന് ശേഷം പരസ്യമായ വെല്ലുവിളി ഉയര്‍ത്തിയത് ദേശീയ നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. എ കെ ആന്റണിയും വി എം സുധീരനും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളെ നേരില്‍ക്കണ്ടും സുധാകരന്‍ പരാതി അറിയിച്ചു. തുടര്‍ന്ന് ആന്റണി ഉള്‍പ്പെടെയുള്ളവര്‍ സ്ഥിതി വഷളാക്കരുതെന്ന് ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നു. സുധാകരന്റെ സമ്മര്‍ദതന്ത്രത്തിന് വഴങ്ങരുതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനെ അനുകൂലിക്കുന്ന നേതാക്കള്‍ ആവശ്യപ്പെട്ടു. അതിനിടയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തിയ വിമര്‍ശനവും കോണ്‍ഗ്രസ് നേതൃത്വത്തിന് നാണക്കേടായി.
തുടര്‍ന്നാണ് ആന്റോ ആന്റണിയെ മാറ്റി, പകരം സണ്ണി ജോസഫിനെ അധ്യക്ഷനാക്കാമെന്ന ധാരണയിലേക്ക് നേതാക്കളെത്തിയത്. കെ സുധാകരന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവ് എന്ന പദവിയും നല്‍കി. അധ്യക്ഷ സ്ഥാനത്തേക്ക് ആദ്യഘട്ടത്തില്‍ ചരടുവലി നടത്തിയ അടൂര്‍ പ്രകാശിനെ യുഡിഎഫ് കണ്‍വീനറായി നിയമിച്ചു. പി സി വിഷ്ണുനാഥ്, എ പി അനില്‍കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരാണ് പുതിയ വര്‍ക്കിങ് പ്രസിഡന്റുമാര്‍. അതേസമയം, കിട്ടുമെന്ന് ഉറപ്പാക്കിയ അധ്യക്ഷസ്ഥാനം കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടമായതിന്റെ ഞെട്ടലിലാണ് ആന്റോ ആന്റണി. വിഷയത്തില്‍ പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല.
പ്രസിഡന്റ് മാറിയതുകൊണ്ട് സംസ്ഥാന കോണ്‍ഗ്രസിലെ പ്രതിസന്ധി തീരില്ല: ബിനോയ് വിശ്വം
കോൺഗ്രസ് നേരിടുന്ന പ്രതിസന്ധി തലപ്പത്തെ ആൾ മാറിയത് കൊണ്ട് മാത്രം പരിഹരിക്കാവുന്നതല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. അന്ധമായ ഇടതുപക്ഷ വിരോധം മൂലം ബിജെപിയോടും ജമാ അത്തെ ഇസ്ലാമിയോടും എസ്ഡിപിഐയോടും വരെ കൈകോർക്കുന്ന രാഷ്ട്രീയമാണ് കോൺഗ്രസിനെ കുഴപ്പത്തിലാക്കിയത്. ഗാന്ധി — നെഹ്രു മൂല്യങ്ങളെ അവർ മറന്നതും ഈ വർഗീയ ചങ്ങാത്തം മൂലമാണ്. ഇപ്പോഴത്തെ നേതൃമാറ്റം തൊലിപ്പുറത്തുള്ള മിനുക്കുപണി മാത്രമാണ്. “തല മാറട്ടെ” എന്ന കുട്ടിക്കഥയാണ് കോൺഗ്രസിലെ ഈ കസേര കളികൾ ഓർമ്മിപ്പിക്കുന്നതെന്നും ബിനോയ് വിശ്വം ഓർമ്മിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.