19 January 2026, Monday

Related news

January 18, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 16, 2026
January 16, 2026
January 16, 2026
January 15, 2026
January 15, 2026

സൂപ്പര്‍ ലീഗ് കേരളയില്‍ നാളെ ഉത്രാടപ്പോര്

മലബാര്‍ ഡര്‍ബിയില്‍ പെരുംപോരാട്ടം
Janayugom Webdesk
മഞ്ചേരി
September 13, 2024 9:42 pm

ഉത്രാടപ്പാച്ചിലവസാനിപ്പിച്ച് കാല്‍പന്താരധാകര്‍ നാളെ രാത്രി പയ്യനാട് സ്റ്റേഡിയത്തിലെത്തും.തിരുവോണതലേന്നുള്ള നാട്ടങ്കത്തിന് സാക്ഷികുയാവാന്‍. സൂപ്പര്‍ ലീഗ് കേരളയിലെ വീറും വാശിയും ഏറുന്ന പോരാട്ടത്തില്‍ മലപ്പുറം എഫ്‌സിയും കാലിക്കറ്റ് എഫ്‌സിയും നേര്‍ക്കുനേര്‍ വരുമ്പോള്‍ ആവേശം ഇരട്ടിയാകും. ആരാധകക്കരുത്തിലും താരസമ്പത്തിലും ഒപ്പത്തിനൊപ്പം നില്‍ക്കുന്നവര്‍ തമ്മിലുള്ള മുഖാമുഖം ടൂര്‍ണമെന്റിലെ മലബാര്‍ ഡര്‍ബിയായി മാറും. തുടര്‍ജയത്തിലൂടെ ടൂര്‍ണമെന്റില്‍ ആധിപത്യം തുടരാനാണ് മലപ്പുറം ബൂട്ട് കെട്ടുന്നതെങ്കില്‍ എതിരാളികളെ അവരുടെ തട്ടകത്തില്‍ വീഴ്ത്തി ആദ്യജയം സ്വന്തമാക്കാനാണ് കോഴിക്കോടന്‍ കരുത്തര്‍ കളത്തിലെത്തുന്നത്. രാത്രി ഏഴിനാണ് പെരുംപോരാട്ടത്തിന്റെ കിക്കോഫ്.
ഇരുടീമുകള്‍ക്കും വമ്പന്‍ ഫാന്‍ ബെയ്‌സുള്ളതിനാല്‍ ഉത്രാടദിനത്തില്‍ ഗ്യാലറി നിറഞ്ഞൊഴുകും. ടിക്കറ്റുകളുടെ വില്പന ഓണ്‍ലൈനിലും ഓഫ് ലൈനിലും തകര്‍ക്കുകയാണ്.

ഹോം ടീമായ മലപ്പുറം എഫ്‌സിയുടെ ആരാധക സംഘം ‘അള്‍ട്രാസ് ’ മത്സരത്തിനായി വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നത്. സര്‍പ്രൈസ് ആഘോഷങ്ങളും ഗ്യാലറിയില്‍ നടക്കുമെന്ന് ഉറപ്പ്. കാണികളെ എത്തിക്കാന്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് വാഹനസൗകര്യം ഉള്‍പ്പെടെ ഏര്‍പ്പെടുത്തിയിട്ടുണ്ട് അള്‍ട്രാസ്. മലപ്പുറം എഫ്‌സി സ്വന്തം തട്ടകത്തില്‍ ആദ്യ കളിക്കിറങ്ങുമ്പോള്‍ അതിനെ അവിസ്മരണീയമാക്കാനാണ് ’ അള്‍ട്രാസ് ’ പദ്ധതിയിടുന്നത്. കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന മഹീന്ദ്ര സൂപ്പര്‍ ലീഗ് കേരളയുടെ ഉദ്ഘാടന മത്സരത്തില്‍ മലപ്പുറവും കൊച്ചിയും ഏറ്റുമുട്ടിയപ്പോള്‍ സാക്ഷിയാവാനായി പതിനായിരക്കണക്കിന് സാധാരണക്കാര്‍ പോലും മലപ്പുറത്ത് നിന്ന് കൊച്ചിയില്‍ എത്തി. അവര്‍ കൂടുതല്‍ കരുത്തോടെ നാളെ പയ്യനാട് ഉണ്ടാവും. ‘ബീക്കണ്‍സ് ബ്രിഗേഡ് ’ എന്ന പേരില്‍ അറിയപ്പെടുന്ന കാലിക്കറ്റ് എഫ്‌സിയുടെ ആരാധകപ്പടയും ചില്ലറക്കാരല്ല. അവരും വനിതാ ആരാധകരെ ഉള്‍പ്പെടെ ആയിരങ്ങളെ ഗ്യാലറിയില്‍ എത്തിക്കും.

വമ്പും കൊമ്പുമായി ഇറങ്ങിയ ഫോഴ്‌സാ കൊച്ചിയെ അവരുടെ തട്ടകത്തില്‍ രണ്ടുഗോളുകള്‍ക്ക് കശാപ്പ് ചെയ്താണ് മലപ്പുറം എഫ്‌സി സൂപ്പര്‍ ലീഗ് കേരളയില്‍ പൂജകുറിച്ചത്. രണ്ടാം മത്സരവും ജയിച്ച് പോയിന്റ് പട്ടികയില്‍ പോള്‍ പോസിഷനില്‍ തുടരാനാവും ഇന്ത്യന്‍ താരം അനസ് എടത്തൊടിക നയിക്കുന്ന മലപ്പുറം പടയുടെ ലക്ഷ്യം. ഇംഗ്ലീഷ് കോച്ച് ജോണ്‍ ഗ്രിഗറി തന്ത്രങ്ങള്‍ ഒരുക്കുന്ന മലപ്പുറം എഫ്‌സിയില്‍ നാട്ടുകാര്‍ക്ക് പ്രിയങ്കരായ മിഥുന്‍, ഫസലു, റിസ്വാന്‍ അലി, അജയ്, ജാസിം തുടങ്ങിയവര്‍ ബൂട്ടുകെട്ടുന്നു. ഒപ്പം ഐ ലീഗ് സ്റ്റാര്‍ അലക്‌സ് സാഞ്ചസ്, ബാര്‍ബോസ തുടങ്ങിയ വിദേശ താരങ്ങളും പറന്നുകളിക്കും.
യൂറോപ്യന്‍ ഫുട്‌ബോളിന്റെ പരിചയസമ്പത്തുള്ള ഇയാന്‍ ആന്‍ഡ്രൂ ഗിലാന്‍ ഒരുക്കുന്ന കാലിക്കറ്റ് എഫ്‌സി ആദ്യമത്സരത്തില്‍ തിരുവനന്തപുരം കൊമ്പന്‍സിനോട് 1–1 ന് സ്വന്തം ഗ്രൗണ്ടില്‍ സമനില വഴങ്ങിയിരുന്നു. കിരീട നേട്ടത്തിലേക്ക് കണ്ണെറിയുന്ന മലബാറിന്റെ തലസ്ഥാന നഗരിയില്‍ നിന്നുള്ള ടീമിന് രണ്ടാം മത്സരം ജയിക്കാ­തെ വയ്യ. അതിനാല്‍ പയ്യനാട്ടെ യുദ്ധം ജയിക്കാന്‍ എല്ലാ പടക്കോപ്പുകളും അവര്‍ പുറത്തെടുക്കും. കേരളത്തിന്റെ സന്തോഷ് ട്രോഫി നായകന്‍ ജിജോ ജോസഫ് നായകന്റെ ആം ബാന്‍ഡ് അണിയുന്ന ടീമില്‍ വിശാല്‍, ഹക്കു, ഗനി, ബ്രിട്ടോ, അഷ്‌റഫ് തുടങ്ങിയ നാട്ടുകരുത്തും പടവെട്ടും. വിദേശതാരങ്ങള്‍ക്കൊപ്പം ഇന്ത്യന്‍ ഫുട്‌ബോളിന്റെ നഴ്‌സറിയായ നോര്‍ത്ത് ഈസ്റ്റ് ബൂട്ടുകളും ടീമിന്റെ വജ്രായുധങ്ങളാണ്.
ഒളിമ്പ്യന്‍ റഹ്‌മാന്‍, എന്‍ എം നജീബ്, പ്രേംനാഥ് ഫിലിപ്പ്, സേതുമാധവന്‍ തുടങ്ങിയ ഇതിഹാസ താരങ്ങളുടെ ഓര്‍മ്മകള്‍ കരുത്താക്കി കാലിക്കറ്റ് എഫ്‌സി പടക്കളത്തില്‍ ഇറങ്ങുമ്പോള്‍ മലപ്പുറം എഫ്‌സിക്കുമുണ്ട് അതിനൊപ്പം നില്‍ക്കുന്ന പാരമ്പര്യം. ഇന്ത്യക്കും പാകിസ്ഥാനും കളിച്ച മൊയ്തീന്‍ കുട്ടിമാര്‍, എം ആര്‍ സി അബൂബക്കറും കൊറ്റനും കുഞ്ഞനും. ഒപ്പം ഷറഫലിയും ജാബിറും നയിച്ച പോരാട്ടങ്ങളും മലപ്പുറം എഫ്‌സിക്കും കരുത്താവും. ഫുട്‌ബോളിനെ ജീവിതമാക്കിയ രണ്ടു നാട്ടുകാരുടെ പ്രതീക്ഷകളുടെ ഭാരവും പേറിയെത്തുന്ന പുത്തന്‍ താരനിരയുടെ മിന്നും പ്രകടനത്തിനായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് ഒരൊറ്റ പ്രാര്‍ത്ഥനയേ ഉള്ളൂ. ആരു ജയിച്ചാലും മഴ മാറിനിന്നുള്ള മുഴുവന്‍ സമയ മത്സരം കണ്ടാസ്വദിക്കണമെന്നതുമാത്രം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.