27 January 2026, Tuesday

Related news

January 27, 2026
January 17, 2026
January 13, 2026
January 11, 2026
December 30, 2025
December 11, 2025
December 1, 2025
November 29, 2025
November 26, 2025
November 23, 2025

സൂപ്പര്‍ സിക്സില്‍ സൂപ്പര്‍ ജയം

Janayugom Webdesk
ബുലാവായോ
January 27, 2026 9:38 pm

അണ്ടർ 19 ഏകദിന ലോകകപ്പിലെ നിർണായകമായ സൂപ്പർ സിക്സ് പോരാട്ടത്തിൽ സിംബാബ്‌വേയ്‌ക്കെതിരെ ഇന്ത്യക്ക് 204 റണ്‍സിന്റെ പടുകൂറ്റന്‍ ജയം. ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 352 റൺസ് അടിച്ചെടുത്തു. മറുപടി ബാറ്റിങ്ങില്‍ 37.4 ഓവറില്‍ 148 റണ്‍സിന് സിംബാബ്‌വെ ഓള്‍ഔട്ടായി. 62 റണ്‍സ് നേടിയ ലിയോറി ചിവൗളയാണ് സിംബാ‌ബ്‌വെയുടെ ടോപ് സ്കോറര്‍. ഇന്ത്യക്കായി ഉദവ് മോഹനും ആയുഷ് മാത്രയും മൂന്ന് വിക്കറ്റ് നേടി. മത്സരത്തിന്റെ തുടക്കത്തിൽ ത­ന്നെ യുവതാരം വൈഭവ് സൂര്യവംശി സിംബാബ്‌വേ ബൗളർമാരെ കടന്നാക്രമിച്ചു. 30 പന്തിൽ നിന്ന് നാല് ഫോറുകളും നാല് സിക്‌സറുകളും ഉൾപ്പെടെ 52 റൺസ് നേടിയാണ് വൈഭവ് മടങ്ങിയത്. മലയാളി താരവും ഓപ്പണറുമായ ആരോണ്‍ ജോര്‍ജ് 16 പന്തില്‍ 23 റണ്‍സ് നേടി പുറത്തായി. ഇടവേളകളില്‍ വിക്കറ്റുകൾ നഷ്ടമായെങ്കിലും അഞ്ചാം വിക്കറ്റിൽ ഒന്നിച്ച വിഹാൻ മൽഹോത്രയും അഭിഗ്യാൻ കുൺഡുവും ചേർന്ന് ഇന്ത്യയെ തകർച്ചയിൽ നിന്ന് രക്ഷിച്ചു. ഇരുവരും ചേർന്ന് 113 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. അഭിഗ്യാൻ 61 റൺസെടുത്ത് പുറത്തായി.

ഒരറ്റത്ത് വിക്കറ്റുകൾ വീഴുമ്പോഴും നിലയുറപ്പിച്ചു കളിച്ച വിഹാൻ മൽഹോത്ര സെഞ്ചുറിയോടെ ഇന്ത്യൻ ഇന്നിങ്‌സിന്റെ നെടുംതൂണായി മാറി. 107 പന്തിൽ നിന്ന് 109 റൺസ് നേടിയ വിഹാൻ പുറത്താവാതെ നിന്നു. അവസാന ഓവറുകളിൽ ഖിലാൻ പട്ടേൽ (30), ആർ എസ് അംബ്രിഷ് (21) എന്നിവർ നൽകിയ പിന്തുണയോടെയാണ് ഇന്ത്യ 350 കടന്നത്. മറ്റൊരു മത്സരത്തില്‍ പാകിസ്ഥാനോട് തോറ്റ് ന്യൂസിലാന്‍ഡ് സെമിഫൈനല്‍ കാണാതെ പുറത്ത്. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 111 റണ്‍സ് വിജയലക്ഷ്യം പാകിസ്ഥാന്‍ 17.1 ഓവറിൽ മറികടന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.