18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

November 13, 2024
October 9, 2024
September 24, 2024
September 24, 2024
September 18, 2024
September 15, 2024
September 15, 2024
September 14, 2024
September 14, 2024
September 14, 2024

ഓണക്കാലത്ത് ആശ്വാസമേകാന്‍ സപ്ലൈകോ


*സംസ്ഥാന വ്യാപകമായി അഞ്ച് മുതൽ 14 വരെ ഓണം ഫെയറുകള്‍
*പ്രമുഖ ബ്രാൻഡുകളുടെ 200 ലധികം നിത്യോപയോഗ സാധനങ്ങൾക്ക് വൻവിലക്കുറവ്
*ആറ് ശബരി ഉല്പന്നങ്ങളുമായി ശബരി സിഗ്നേച്ചർ കിറ്റ്
സ്വന്തം ലേഖിക
തിരുവനന്തപുരം
September 2, 2024 3:44 pm

ഓണക്കാലത്ത് സാധാരണക്കാര്‍ക്ക് ആശ്വാസമേകാന്‍ സപ്ലൈകോ ഓണം മേളകള്‍. സംസ്ഥാന വ്യാപകമായി അഞ്ച് മുതൽ 14 വരെ ഓണം മേളകള്‍ സംഘടിപ്പിക്കും. ഓണം മേളകളുടെ സംസ്ഥാനതല ഉദ്ഘാടനം അഞ്ചിന് വൈകുന്നേരം അഞ്ചിന് കിഴക്കേകോട്ട ഇ കെ നായനാർ പാർക്കിൽ പ്രത്യേകം സജ്ജമാക്കിയിട്ടുള്ള വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ആറ് മുതൽ 14 വരെ ജില്ലാതല ഫെയറുകളും 10 മുതൽ 14 വരെ താലൂക്ക് / നിയോജകമണ്ഡലാടിസ്ഥാനത്തിലുള്ള ഫെയറുകളും സംഘടിപ്പിക്കും. 13 ഇനം സബ്സിഡി സാധനങ്ങൾക്ക് പുറമെ ശബരി ഉല്പന്നങ്ങൾ, എഫ്എംസിജി ഉല്പന്നങ്ങൾ എന്നിവ 10 മുതൽ 50 ശതമാനം വരെ വിലക്കുറവിൽ ഓണം ഫെയറുകളിലൂടെ വില്പന നടത്തും. ഇതിന് പുറമെ പ്രമുഖ കമ്പനികളുടെ ബ്രാന്റഡ് ഉല്പന്നങ്ങൾക്ക് ആകർഷകമായ ഓഫർ നൽകിയും വില്പന നടത്തും. പഴം, പച്ചക്കറികൾ, മിൽമ ഉല്പന്നങ്ങൾ, കുടുംബശ്രീ ഉല്പന്നങ്ങൾ, എംഎസ്എംഇ ഉല്പന്നങ്ങൾ, കൈത്തറി ഉല്പന്നങ്ങൾ എന്നിവ സപ്ലൈകോയുടെ സംസ്ഥാനതല ഫെയറിൽ ലഭ്യമാകും. കർഷകരിൽ നിന്നും നേരിട്ട് സംഭരിച്ച ജൈവ പച്ചക്കറികൾ വിതരണം ചെയ്യുന്നതിന് ആവശ്യമായ ക്രമീകരണങ്ങളും ഒരുക്കും.

ഓണക്കാലത്തെ വിപണി ഇടപെടലിനായുള്ള 13 ഇനം സബ്സിഡി സാധനങ്ങളുടെ ടെണ്ടർ നടപടികൾ സപ്ലൈകോ പൂർത്തിയാക്കിയിട്ടുണ്ട്. 13 ഇനം അവശ്യസാധനങ്ങളുടെ ലഭ്യത സപ്ലൈകോയുടെ എല്ലാ ഓണം ഫെയറുകളിലും മറ്റ് ഔട്ട് ലെറ്റുകളിലും ഉറപ്പാക്കും. ഓണക്കാല വിപണി ഇടപെടലിനായി 300 കോടി രൂപ വിലമതിക്കുന്ന അവശ്യസാധനങ്ങൾക്ക് സപ്ലൈകോ പര്‍ച്ചേസ് ഓർഡർ നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. സപ്ലൈകോ വഴിയുള്ള ഓണക്കിറ്റ് വിതരണത്തിനായി 34.29 കോടി രൂപ സർക്കാർ ചെലവഴിക്കും. നിലവിൽ സപ്ലൈകോ വില്പനശാലകളിൽ ദൗർലഭ്യം നേരിട്ടിരുന്ന പഞ്ചസാരയുടെ ലഭ്യത ഓണത്തോടനുബന്ധിച്ച് ഉറപ്പാക്കും.
പ്രമുഖ ബ്രാൻഡുകളുടെ 200 ലധികം നിത്യോപയോഗ സാധനങ്ങൾക്ക് വൻവിലക്കുറവ് നൽകിയാണ് സപ്ലൈകോ ഓണം മാർക്കറ്റുകളിൽ എത്തിക്കുന്നത്. നെയ്യ്, തേൻ, കറിമസാലകൾ, മറ്റു ബ്രാൻഡഡ് ഭക്ഷ്യ ഉല്പന്നങ്ങൾ, പ്രധാന ബ്രാൻഡുകളുടെ ഡിറ്റർജെന്റുകൾ, ഫ്ലോർ ക്ലീനറുകൾ, ടോയ്‌ലറ്ററീസ് തുടങ്ങി ഉല്പന്നങ്ങൾക്ക് 45 ശതമാനം വരെ വിലക്കുറവ് നൽകുന്നുണ്ട്. 255 രൂപയുടെ ആറ് ശബരി ഉല്പന്നങ്ങൾ 189 രൂപയ്ക്ക് നൽകുന്ന ശബരി സിഗ്നേച്ചർ കിറ്റ് എന്ന പ്രത്യേക പാക്കേജും ഓണത്തോട് അനുബന്ധിച്ച് സപ്ലൈകോ അവതരിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.

അധിക വിലക്കുറവ് നൽകുന്ന ഡീപ്പ് ഡിസ്കൗണ്ട് അവേഴ്സ്
ഓണം ഫെയറുകളിലും സപ്ലൈകോയുടെ സൂപ്പർ മാർക്കറ്റുകളിലും വിവിധ ബ്രാന്റഡ് ഉല്പന്നങ്ങൾക്ക് നിലവിൽ നൽകി വരുന്ന വിലക്കുറവിന് പുറമെ 10 ശതമാനം വരെ അധിക വിലക്കുറവ് നൽകുന്ന ഡീപ്പ് ഡിസ്കൗണ്ട് അവേഴ്സ് എന്ന സെയിൽസ് സ്കീം ഉണ്ടായിരിക്കും. ഉച്ചയ്ക്ക് രണ്ട് മണി മുതൽ നാല് മണി വരെ ആയിരിക്കും ഇത്. കൂടാതെ പ്രമുഖ ബ്രാന്റഡ് ഉല്പന്നങ്ങൾക്ക് ആകർഷകമായ കോമ്പോ ഓഫറുകൾ ഉൾപ്പെടെയുള്ള ഓഫറുകളും (50 ശതമാനം വരെ വിലക്കിഴിവിൽ) ബൈ വൺ ഗെറ്റ് വൺ ഓഫറും ലഭ്യമാണ്.

ഓണത്തിന് മുന്‍പ് സപ്ലൈകോ അ‌ഞ്ച് വില്പനശാലകള്‍
തിരുവനന്തപുരം ജില്ലയിൽ ഓണത്തിന് മുമ്പ് സപ്ലൈകോയുടെ അഞ്ച് പുതിയ വില്പന ശാലകൾ ആരംഭിക്കുമെന്ന് മന്ത്രി ജി ആര്‍ അനില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തിരുവനന്തപുരം കോർപറേഷൻ പരിധിയിലെ കളിപ്പാങ്കുളം, നെടുമങ്ങാട് താലൂക്കിൽ കോട്ടൂർ, അയിരൂപ്പാറ എന്നിവിടങ്ങളിൽ പുതിയ സൂപ്പർ മാവേലി സ്റ്റോറുകളും കാട്ടാക്കട താലൂക്കിൽ കുടപ്പനമൂട്ടിൽ പുതിയ സൂപ്പർ മാർക്കറ്റും പോത്തൻകോട് സിവിൽ സ്റ്റേഷൻ ബിൽഡിംഗിൽ പുതിയ സപ്ലൈകോ മെഡിക്കൽ സ്റ്റോറും ഇതിൽ ഉൾപ്പെടുന്നു. കോട്ടയം ജില്ലയിലെ കൂരാളിയിലെ മാവേലി സ്റ്റോർ അപ്ഗ്രേഡ് ചെയ്ത് സൂപ്പർ മാർക്കറ്റായി കഴിഞ്ഞ മാസം 31 ന് പ്രവർത്തനം ആരംഭിച്ചു.

ഓണക്കിറ്റുകൾ റേഷൻ കടകൾ വഴി ഒന്‍പത് മുതൽ വിതരണമാരംഭിക്കും
സംസ്ഥാനത്തെ ആറ് ലക്ഷത്തോളം വരുന്ന എഎവൈ (മഞ്ഞ) കാർഡുടമകൾക്കുള്ള വിതരണം റേഷൻ കടകൾ വഴി ഒന്‍പത് മുതൽ വിതരണം ആരംഭിക്കും. വിവിധ ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാരായ എൻപിഐ കാർഡുടമകൾക്കും വയനാട് ദുരന്തബാധിത മേഖലയിലെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സൗജന്യ ഓണക്കിറ്റുകൾ വിതരണം ചെയ്യും. ക്ഷേമ സ്ഥാപനങ്ങളിൽ താമസിക്കുന്നവരിൽ നാല് പേർക്ക് ഒരു കിറ്റ് എന്ന രീതിയിലാണ് വിതരണം ചെയ്യുക. 10 മുതൽ ഉദ്യോഗസ്ഥർ കിറ്റുകൾ നേരിട്ട് ക്ഷേമ സ്ഥാപനങ്ങളിൽ എത്തിക്കും.
ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, മിൽമ നെയ്യ്, കശുവണ്ടിപ്പരിപ്പ്, വെളിച്ചെണ്ണ, സാമ്പാർപൊടി, മുളക്പൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, തേയില, ചെറുപയർ, തുവരപ്പരിപ്പ്, പൊടിയുപ്പ് എന്നീ അവശ്യസാധനങ്ങളും തുണിസഞ്ചി ഉൾപ്പെടെ 14 ഇനങ്ങൾ അടങ്ങിയതാണ് ഓണക്കിറ്റ്. മുൻവർഷങ്ങളിലേതു പോലെ, സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങൾക്ക് പ്രാധാന്യം കൊടുത്തു കൊണ്ടാണ് കിറ്റിലെ ഉല്പന്നങ്ങൾ നിശ്ചയിച്ചിട്ടുള്ളതെന്ന് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.
പൊതുമേഖലാ സ്ഥാപനമായ മിൽമ ഉല്പാദിപ്പിക്കുന്ന നെയ്യ്, സേമിയ പായസം മിക്സ്, ക്യാഷ്യു ഡവലപ്പ്മെന്റ് കോർപറേഷനിൽ നിന്നുള്ള കശുവണ്ടിപ്പരിപ്പ്, കേരള കോക്കനട്ട് ഡവലപ്പ്മെന്റ് കോർപറേഷന്റെ വെളിച്ചെണ്ണ (കേരജം), സഹകരണ സ്ഥാപനമായ റെയ്ഡ്കോയുടെ ശബരി ബ്രാന്റ് മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞൾപൊടി, ശബരി ബ്രാന്റ് തേയില എന്നിവ ഓണക്കിറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

നീല, വെള്ള കാര്‍ഡുകാര്‍ക്ക് സ്പെഷ്യൽ അരി
ഓണത്തിനോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ എൻപിഎസ് (നീല), എൻപിഎൻഎസ് (വെള്ള) കാർഡുടമകൾക്കും 10 കിലോ അരി 10.90 രൂപ നിരക്കിൽ സ്പെഷ്യലായി വിതരണം ചെയ്യും. സെപ്റ്റംബർ മാസത്തെ റേഷനോടൊപ്പമാണ് മുൻഗണനേതര വിഭാഗക്കാർക്ക് സ്പെഷ്യൽ അരി ലഭ്യമാകുന്നത്. സംസ്ഥാനത്തെ 22.62 ലക്ഷം നീല കാർഡുകാർക്കും 29.76 ലക്ഷം വെള്ള കാർഡുകാർക്കും ഉൾപ്പെടെ ആകെ 52.38 ലക്ഷം കാർഡുടമകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

സപ്ലൈകോ വഴിയുള്ള അരി വിതരണം 10 കിലോയായി വര്‍ധിപ്പിച്ചു

റേഷൻ കടകളിലെ പഞ്ചസാര വിതരണം പുനഃസ്ഥാപിക്കും
തിരുവനന്തപുരം: സപ്ലൈകോ മുഖേന നിലവിൽ നൽകി വരുന്ന അരി ഓണത്തോടനുബന്ധിച്ച് 10 കിലോ ആയി വർധിപ്പിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. ജയ, മട്ട, കുറുവ, പച്ചരി എന്നീ ഇനങ്ങൾ എല്ലാം ചേർത്ത് പരമാവധി 10 കിലോ അരി സപ്ലൈകോ വില്പനശാലകളിൽ നിന്നും വിതരണം നടത്തും. റേഷൻ കടകളിലെ പഞ്ചസാര വിതരണം പുന:സ്ഥാപിക്കും. മഞ്ഞക്കാർഡുടമകൾക്ക് നൽകി വന്നിരുന്ന ഒരു കിലോ പഞ്ചസാര കഴിഞ്ഞ കുറേ മാസങ്ങളായി നൽകാൻ കഴിയാത്ത സാഹചര്യമാണ് ഉണ്ടായിരുന്നത്. സപ്ലൈകോ പൊതുവിപണിയിൽ നിന്ന് പഞ്ചസാര വാങ്ങിയാണ് റേഷൻകടകളിൽ വിതരണത്തിന് നൽകിയിരുന്നത്. പഞ്ചസാര വിലയിൽ ഉണ്ടായ വർധനവ് കാരണം ഒരു കിലോ പഞ്ചസാര വാങ്ങി നൽകുമ്പോൾ സപ്ലൈകോയ്ക്ക് നാല് രൂപയുടെ നഷ്ടം ഉണ്ടായിരുന്നു. ഇക്കാരണത്താൽ സപ്ലൈകോയ്ക്ക് പഞ്ചസാര വാങ്ങി നൽകാൻ കഴിഞ്ഞിരുന്നില്ല.
ഒരു കിലോ പഞ്ചസാര വിതരണത്തിനായി റേഷൻകടകളിൽ എത്തിക്കുന്നതിന് സപ്ലൈകോയ്ക്ക് 43 രൂപ ചെലവ് വരും. സപ്ലൈകോയ്ക്ക് തിരികെ ലഭിക്കുന്നത് 39 രൂപ മാത്രമാണ്. 2018 ലാണ് അവസാനമായി റേഷൻകടകളിലൂടെയുള്ള പഞ്ചസാരയുടെ വില വർധിപ്പിച്ചത്. അന്ന് 13.50 രൂപയിൽ നിന്നും 21 രൂപയായിട്ടാണ് വില വര്‍ധിപ്പിച്ചത്. അന്ന് സപ്ലൈകോ പഞ്ചസാര വാങ്ങിയിരുന്നത് കിലോയ്ക്ക് 31.61 രൂപ നിരക്കിലായിരുന്നു. നിലവിൽ സപ്ലൈകോ പഞ്ചസാര വാങ്ങുന്നത് 41.90 രൂപയ്ക്കാണ്. ഈ സാഹചര്യത്തിൽ റേഷൻകടകളിലൂടെ വില്പന നടത്തുന്ന പഞ്ചസാരയുടെ വില വർധിപ്പിക്കേണ്ടത് അനിവാര്യമായ സാഹചര്യമാണെന്ന് മന്ത്രി പറഞ്ഞു.

1000 കെ സ്റ്റോറുകൾ ലക്ഷ്യത്തിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിതരണ മേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി റേഷൻകടകളെ ആധുനികവത്കരിച്ച് ആരംഭിച്ച കെ സ്റ്റോറുകള്‍ 1000 എന്ന ലക്ഷ്യത്തിലേക്കെത്തുകയാണെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. റേഷന്‍കടകളുടെ പശ്ചാത്തല സൗകര്യങ്ങൾ വിപുലീകരിച്ച് കൂടുതൽ സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കി ആരംഭിച്ചവയാണ് കെ സ്റ്റോറുകൾ. ജനങ്ങൾക്കിടയിൽ വൻ സ്വീകാര്യതയാണ് ഇതിന് ലഭ്യമായത്. 2023 മേയില്‍ ആരംഭിച്ച കെ സ്റ്റോർ പദ്ധതിയാണ് ഓണത്തിന് മുമ്പ് 1000 എന്ന ലക്ഷ്യത്തിലേക്കെത്തുന്നത്.
തിരുവനന്തപുരം കാട്ടാക്കട അമ്പൂരിയിൽ പ്രവർത്തിക്കുന്ന എആർഡി 46 റേഷന്‍കടയാണ് 1000 മത്തെ കെ സ്റ്റോര്‍.
ഇതിന്റെ ഉദ്ഘാടനം ആറിന് നടക്കും. റേഷൻകടകളിലൂടെ ശബരി ഉല്പന്നങ്ങൾ, മിൽമ ഉല്പന്നങ്ങൾ, 10,000 രൂപ വരെയുള്ള ബാങ്കിംഗ് സേവനങ്ങൾ, സിഎസ്‌സി സേവനങ്ങൾ, ഛോട്ടു ഗ്യാസ്, വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള എംഎസ്എംഇ ഉല്പന്നങ്ങൾ എന്നിവ കെസ്റ്റോറുകളിലൂടെ ലഭ്യമാക്കി വരുന്നുണ്ട്. സാധാരണക്കാർക്ക് മികച്ച സേവനങ്ങളും റേഷൻ വ്യാപാരികൾക്ക് അധിക വരുമാനമാർഗം എന്ന ലക്ഷ്യത്തോടെയുമാണ് കെ സ്റ്റോർ ആരംഭിച്ചത്. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് തയ്യാറാക്കിയിട്ടുള്ള 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി പ്രഖ്യാപിച്ചിരുന്നതാണ് ഓണത്തിനു മുമ്പ് 1000 കെ സ്റ്റോറുകൾ നടപ്പാക്കുമെന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.