18 December 2024, Wednesday
KSFE Galaxy Chits Banner 2

സപ്ലൈകോ അമ്പതാം വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് പ്രൗഢോജ്ജ്വല തുടക്കം

സ്വന്തം ലേഖിക
തിരുവനന്തപുരം
June 25, 2024 8:00 am

സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന്റെ (സപ്ലൈകോ) സുവർണ ജൂബിലി ആഘോഷങ്ങൾക്കു തുടക്കമായി. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ തിരുവനന്തപുരം അയ്യന്‍കാളി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
വിപണിയുടെ ഘടന വലിയ മാറ്റങ്ങൾക്ക് വിധേയമാകുന്ന കാലമാണിത്. ഈ മാറ്റങ്ങളെ ഉൾക്കൊള്ളാൻ സപ്ലൈകോ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾക്ക് കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിനു വലിയ ചർച്ചകളും അഭിപ്രായ സ്വാംശീകരണവുമുണ്ടാകണം. ഈ ലക്ഷ്യത്തോടെ വിവിധ വിഷയങ്ങളിൽ സപ്ലൈകോയുടെ നേതൃത്വത്തിൽ സെമിനാറുകൾ സംഘടിപ്പിക്കും. ജില്ലയിൽ ഒന്ന് എന്ന കണക്കിൽ ഒരു വർഷംകൊണ്ട് ഇതു പൂർത്തിയാക്കും. സെമിനാറുകളിൽ ലഭിക്കുന്ന ക്രിയാത്മക നിർദേശങ്ങൾ സപ്ലൈകോയുടെ ഭാവി പ്രവർത്തനത്തിനു മുതൽക്കൂട്ടാകും.

അര നൂറ്റാണ്ടുകൊണ്ട് കേരളീയരുടെ നിത്യജീവിതത്തിന്റെ ഭാഗമാകാൻ സപ്ലൈകോയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഭക്ഷ്യസാധനങ്ങൾ ഏറ്റവും വിലക്കുറവിൽ ലഭിക്കുന്നത് എവിടെ എന്ന ചോദ്യത്തിന് സപ്ലൈകോ എന്ന ഒറ്റ ഉത്തരമേയുള്ളൂ. ശബരി ബ്രാൻഡ് ഉല്പന്നങ്ങൾ കേരളത്തിന് പ്രിയപ്പെട്ടതായി മാറിയത് സപ്ലൈകോയുടെ വിശ്വാസ്യതയ്ക്കുള്ള അംഗീകാരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആഘോഷങ്ങളോടനുബന്ധിച്ച് സപ്ലൈകോ പുറത്തിറക്കുന്ന കോർപറേറ്റ് വീഡിയോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു.

50-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 11 കർമ പദ്ധതികൾക്കു സപ്ലൈകോ രൂപം നൽകിയിട്ടുണ്ടെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. ജില്ലാ കേന്ദ്രങ്ങളിൽ പുതുതായി ആരംഭിക്കുന്ന സിഗ്നേച്ചർ മാർട്ടുകൾക്കു പുറമേ 50 പുതിയതും നവീകരിച്ചതുമായ ഔട്ട്‌ലെറ്റുകൾ തുറക്കും. വിവിധ പദ്ധതികൾ നടപ്പാക്കി സപ്ലൈകോയുടെ ഉയർത്തെഴുന്നേൽപ്പിന്റെ വർഷമായി വരുന്ന ഒരു വർഷത്തെ മാറ്റിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. 50/50 പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി ചടങ്ങിൽ നിർവഹിച്ചു.
മേയർ ആര്യ രാജേന്ദ്രൻ, എംഎൽഎമാരായ കടകംപള്ളി സുരേന്ദ്രൻ, ആന്റണി രാജു, ഡെപ്യൂട്ടി മേയർ പി കെ രാജു, കൗൺസിലർ പാളയം രാജൻ തുടങ്ങിയവർ പങ്കെടുത്തു.

Eng­lish Summary:Supplyco 50th Anniver­sary Launch Today
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.