
പൊതുവിപണിയില്‍ അവശ്യവസ്തുക്കളുടെ വിലക്കയറ്റം രൂക്ഷമായതോടെ പരമാവധി വിലകുറച്ച് സാധനങ്ങള്‍ നല്‍കി ജനങ്ങള്‍ക്ക് കൈത്താങ്ങായ സപ്ലൈകോയുടെ വിറ്റുവരവില്‍ വന്‍ കുതിച്ചു ചാട്ടം. ഒറ്റ ദിവസം കൊണ്ട് 17 കോടി രൂപയുടെ വില്പന നടത്തിയും സപ്ലൈകോ ചരിത്രം കുറിച്ചു. ഓണക്കാലത്ത് ജനങ്ങള്‍ക്ക് ആശ്വാസമാകുന്നതോടൊപ്പം വിപണി ഇടപെടലിന്റെ കേരള മോഡൽ കൂടിയാണ് സപ്ലൈകോയുടെ ഈ നേട്ടത്തിലൂടെ രചിക്കപ്പെടുന്നത്.
വെള്ളിയാഴ്ച മാത്രം സപ്ലൈകോയ്ക്ക് വിറ്റു വരവായി ലഭിച്ചത് 17,91,50,744 കോടിയാണ്. സപ്ലൈകോയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഈ റെക്കോര്‍ഡ് നേട്ടം. ഈ ഓണക്കാലം ആരംഭിച്ചതു മുതല്‍ ഇന്നലെ വൈകിട്ട് വരെ സപ്ലൈകോയിലെ വില്പന 280.84 കോടി രൂപയാണ്. ഇന്നലെ വൈകിട്ട് അഞ്ച് മണി വരെ 15.04 കോടി രൂപയുടെ വില്പനയാണ് നടന്നത്.
ഓഗസ്റ്റ് മാസം ഇന്നലെ വരെ ആകെ 43.47 ലക്ഷം ഉപഭോക്താക്കളാണ് സപ്ലൈകോയിലെത്തിയത്. സബ്സിഡി ഉല്പന്നങ്ങളുടെ വിൽപനയില്‍ 158.2 കോടി രൂപയും നോൺ സബ്സിഡി ഉല്പന്നങ്ങളില്‍ 122.5 കോടി രൂപയുമാണ് ലഭിച്ചത്.
ഓണത്തോടനുബന്ധിച്ചുള്ള ജില്ലാ ഫെയറുകൾ ആരംഭിച്ച 25 മുതൽ 29 വരെ സപ്ലൈകോ നേടിയത് 73 കോടിയിലധികം രൂപയുടെ വിറ്റുവരവാണ്. ഇതിൽ ജില്ലാ ഫെയറുകളിൽ നിന്നും മാത്രമുള്ള വിറ്റു വരവ് രണ്ടു കോടിയിൽ അധികമാണ്. ഈ ദിവസങ്ങളില്‍ 10 ലക്ഷത്തിലധികം ഉപഭോക്താക്കളാണ് സപ്ലൈകോ വില്പനശാലകൾ സന്ദർശിച്ചത്.
റെക്കോര്‍ഡിലെത്തിയ വെളിച്ചെണ്ണ വില വര്‍ധനവ് പിടിച്ചു നിര്‍ത്താന്‍ സപ്ലൈകോ മികച്ച ഇടപെടലാണ് നടത്തിയത്. 457 രൂപ വിലയിലുള്ള കേര വെളിച്ചെണ്ണ 429 രൂപയിലേക്ക് കുറച്ചു. സപ്ലൈകോയുടെ സ്വന്തം ബ്രാന്‍ഡായ ശബരിയുടെ ഒരു ലിറ്റര്‍ സബ്സിഡി വെളിച്ചെണ്ണ 349 രൂപയ്ക്ക് നല്‍കിയിരുന്നത് ഇപ്പോള്‍ 339 രൂപയായും സബ്സിഡിയിതര ശബരി വെളിച്ചെണ്ണ 429 രൂപയില്‍ നിന്നും 389 രൂപയായും കുറവു വരുത്തിയാണ് വില്പന നടത്തുന്നത്.
ഓണത്തിന് 300 കോടി രൂപയുടെ വിറ്റുവരവാണ് സപ്ലൈകോ പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി ജി ആര്‍ അനില്‍ നേരത്തെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. സാധനങ്ങള്‍ പരമാവധി വില കുറച്ച് ജനങ്ങള്‍ക്ക് നല്‍കി ആശ്വാസമായപ്പോള്‍ തിരുവോണത്തിനു മുമ്പേ ലക്ഷ്യത്തിലെത്താന്‍ സപ്ലൈകോയ്ക്ക് സാധിക്കുമെന്നാണ് ഇന്നലെ വരെയുള്ള വിറ്റു വരവ് ചൂണ്ടിക്കാട്ടുന്നത്.
ഓണത്തിനായി രണ്ടര ലക്ഷത്തോളം ക്വിന്റല്‍ ഭക്ഷ്യധാന്യങ്ങള്‍ സപ്ലൈകോ സംഭരിച്ചിട്ടുണ്ട്. ഒരു ലക്ഷത്തിലധികം ക്വിന്റല്‍ അരിയും 16000 ക്വിന്റല്‍ ഉഴുന്നും, 45000 ക്വിന്റല്‍ പഞ്ചസാരയും സംഭരിച്ചിട്ടുണ്ട്. ഒരു റേഷന്‍ കാര്‍ഡിന് എട്ട് കിലോഗ്രാം അരിയാണ് സബ്സിഡി നിരക്കില്‍ സപ്ലൈകോ വില്പനശാലകളിലൂടെ വിതരണം ചെയ്തു വന്നിരുന്നത്. ഓണക്കാലത്ത് ഇതിനുപുറമെ കാര്‍ഡൊന്നിന് 20 കിലോ പച്ചരി/ പുഴുക്കലരി 25 രൂപ നിരക്കില്‍ സ്പെഷ്യല്‍ അരിയായി ലഭ്യമാക്കും. സബ്സിഡി നിരക്കില്‍ നല്‍കുന്ന മുളകിന്റെ അളവ് അര കിലോയില്‍ നിന്നും ഒരു കിലോയായി വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതു കൂടാതെ 250 ലധികം ബ്രാന്‍ഡഡ് നിത്യോപയോഗ സാധനങ്ങള്‍ക്ക് ഓഫറുകളും വിലക്കുറവും നല്‍കുന്നുണ്ട്. സപ്ലൈക്കോ പുറത്തിറക്കിയ ഓണം ഗിഫ്റ്റ് പദ്ധതിക്കും വലിയ പ്രതികരണമാണ് ഉണ്ടായിട്ടുള്ളത്. ഓണത്തിന് മുന്നോടിയായി ശബരി ബ്രാന്‍ഡില്‍ അഞ്ച് പുതിയ ഉല്പന്നങ്ങളും സപ്ലൈകോ പുറത്തിറക്കി. അരിപ്പൊടി ( പുട്ടുപൊടി, അപ്പംപൊടി) പായസം മിക്സ് (സേമിയ/ പാലട 200 ഗ്രാം പാക്കറ്റുകള്‍) പഞ്ചസാര, ഉപ്പ് (കല്ലുപ്പ്,പൊടിയുപ്പ്), പാലക്കാടന്‍ മട്ട ( വടിയരി, ഉണ്ടയരി) എന്നിവയാണ് പുതിയ ഉല്പന്നങ്ങള്‍.
നാളെയും ഉത്രാടത്തിനും പ്രവര്‍ത്തിക്കും
തിരുവനന്തപുരം : സപ്ലൈകോ വില്പനശാലകളും ഓണച്ചന്തകളും നാളെയും ഉത്രാട ദിനത്തിലും തുറന്നു പ്രവർത്തിക്കും. ഓണവിപണിയിലെ തിരക്കും ഉപഭോക്താക്കളുടെ സൗകര്യവും കണക്കിലെടുത്താണ് ഈ ക്രമീകരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.