7 December 2025, Sunday

Related news

October 31, 2025
October 25, 2025
September 18, 2025
September 16, 2025
September 6, 2025
September 4, 2025
September 3, 2025
September 3, 2025
August 31, 2025
August 30, 2025

ജനങ്ങളോടൊപ്പം മുന്നേറി സപ്ലൈകോയുടെ സര്‍വകാല റെക്കോഡ്; 386.19 കോടിയുടെ വില്പന

ഓണം സീസണില്‍ 56.73 ലക്ഷം ഉപഭോക്താക്കള്‍
ഗിരീഷ് അത്തിലാട്ട്
തിരുവനന്തപുരം
September 6, 2025 11:01 pm

പ്രതിസന്ധികളിലെല്ലാം ജനങ്ങളോടൊപ്പം നിലകൊണ്ട എല്‍ഡിഎഫ് സര്‍ക്കാരിന് മറ്റൊരു പൊന്‍തൂവലായി ഓണവിപണിയിലെ സപ്ലൈകോയുടെ ഇടപെടല്‍. ഓണക്കാലത്ത് വലിയ വിലക്കുറവില്‍ നിത്യോപയോഗ സാധനങ്ങള്‍ യഥേഷ്ടം ലഭ്യമാക്കിയതോടെ ജനങ്ങള്‍ സപ്ലൈകോ വില്പനശാലകളിലേക്ക് ഒഴുകിയെത്തി. ആകാശം മുട്ടെ കുതിച്ചുകൊണ്ടിരുന്ന വെളിച്ചെണ്ണവില പിടിച്ചുനിര്‍ത്താന്‍ സബ്സിഡി, നോണ്‍ സബ്സിഡി വിഭാഗങ്ങളില്‍ വലിയ വിലക്കുറവ് നല്‍കി സപ്ലൈകോ വില്പനശാലകളിലൂടെ നല്‍കിയതോടെ ജനങ്ങള്‍ക്ക് ഏറെ ആശ്വാസമായി. ഇതോടെ പൊതുവിപണിയില്‍ വെളിച്ചെണ്ണ വില കുറയുകയും ചെയ്തു. വലിയ വിലക്കുറവില്‍ സാധനങ്ങള്‍ ലഭ്യമാക്കിയതോടെ ജനങ്ങള്‍ക്ക് ആശ്വാസമേകുകയും അതോടൊപ്പം വിറ്റുവരവില്‍ സര്‍വകാല റെക്കോഡ് സൃഷ്ടിക്കുകയും ചെയ്തുകൊണ്ട് പുതിയ കേരള മാതൃകയാണ് സപ്ലൈകോ മുന്നോട്ടുവയ്ക്കുന്നതെന്ന് ഭക്ഷ്യ‑പൊതുവിതരണമന്ത്രി ജി ആര്‍ അനില്‍ ജനയുഗത്തോട് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഓണത്തിന് 183 കോടിയുടെ വില്പനയാണ് സപ്ലൈകോയില്‍ നടന്നത്. ഇത്തവണ 300 കോടിയിൽ കുറയാത്ത വില്പനയാണ് ലക്ഷ്യമിട്ടതെങ്കിലും അഭൂതപൂര്‍വമായ ജനത്തിരക്കാണ് സപ്ലൈകോ വില്പനശാലകളിലുണ്ടായത്. അതിനനുസരിച്ച് എല്ലായിടത്തും എല്ലാ സാധനങ്ങളും നേരത്തേ ആവശ്യത്തിന് ലഭ്യമാക്കിയിരുന്നു. ഓണം സീസണില്‍ 386.19 കോടിയുടെ വില്പനയാണ് സപ്ലൈകോ വില്പനശാലകളില്‍ നടന്നത്. 56,73,960 ഉപഭോക്താക്കള്‍ വില്പനശാലകളിലെത്തി. സബ്സിഡി ഉല്പന്നങ്ങളുടെ വില്പനയിലൂടെ 180 കോടി രൂപയുടെയും സബ്സിഡി ഇതര ഉല്പന്നങ്ങളിലൂടെ 206 കോടി രൂപയുടെയും വിറ്റുവരവുണ്ടായി. 1.20 ലക്ഷം ക്വിന്റലിലധികം അരിയും 22 ലക്ഷത്തോളം ലിറ്റര്‍ വെളിച്ചെണ്ണയുമാണ് സപ്ലൈകോയില്‍ നിന്ന് ഉപഭോക്താക്കള്‍ വിലക്കുറവില്‍ വാങ്ങിയത്. 14 ജില്ലാ ഫെയറുകളിൽ മാത്രം 5,12,86,936 രൂപയുടെ വില്പന നടന്നു. സഞ്ചരിക്കുന്ന ഓണച്ചന്തകൾ വഴി 44,94,651 രൂപയുടെയും നിയോജകമണ്ഡല ഫെയറുകളിൽ 17,17,72,886 രൂപയുടെയും വില്പന നടന്നു. 

സംസ്ഥാനത്ത് ഒറ്റപ്പാലം, കണ്ണൂര്‍, മണ്ണാര്‍ക്കാട്, പാലക്കാട്, പുനലൂര്‍ എന്നീ സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരു കോടി രൂപയ്ക്ക് മുകളിലുള്ള വില്പന ഓണം സീസണില്‍ നടന്നു. ഒറ്റപ്പാലത്ത് 1.40 കോടി രൂപയുടെയും കണ്ണൂരില്‍ 1.32 കോടി രൂപയുടെയും വില്പനയുണ്ടായി. ആകെ 29 സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ 75 ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപ വരെ വിറ്റുവരവുണ്ടായി. 100 ഔട്ട്‌ലെറ്റുകളില്‍ 50 ലക്ഷം മുതൽ 75 ലക്ഷം വരെ വില്പന നടന്നു. 89,48,205 രൂപയുടെ വില്പനയാണ് തിരുവനന്തപുരം ജില്ലാ ഫെയറില്‍ നടന്നത്. 8,344 ഉപഭോക്താക്കളാണ് ഇവിടെയെത്തിയത്. പാലക്കാട് ജില്ലാ ഫെയറില്‍ 5,139 ഉപഭോക്താക്കളിലൂടെ 59,54,098 രൂപയുടെയും, തൃശൂരില്‍ 6,480 പേരില്‍ നിന്നായി 51,59,199 രൂപയുടെയും, കൊല്ലം ജില്ലാ ഫെയറില്‍ 5,046 ഉപഭോക്താക്കളില്‍ നിന്നായി 50,54,851 രൂപയുടെയും വില്പനയുണ്ടായി. സപ്ലൈകോയുടെ ഓണം ഫെയറുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളുള്‍പ്പെടെയുള്ള വില്പനശാലകളിലുമായി ആകെയുള്ള വിറ്റുവരവിലും തിരുവനന്തപുരം ജില്ല തന്നെയാണ് മുന്നില്‍. 53.3 കോടി രൂപയുടെ വില്പനയാണ് തിരുവനന്തപുരം ജില്ലയില്‍ നടന്നത്. കൊല്ലം ജില്ലയില്‍ 43.2 കോടി രൂപയുടെയും എറണാകുളത്ത് 36.4 കോടി രൂപയുടെയും വിറ്റുവരവുണ്ടായി. ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും 30 കോടി രൂപയ്ക്ക് മുകളിലുള്ള വില്പന സപ്ലൈകോ നേടി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.