
ഇസ്രയേലിന്റെ സൈനിക, അധിനിവേശ സമ്പദ്വ്യവസ്ഥയെ പിന്തുണയ്ക്കുന്നതില്‍ ഇന്ത്യന്‍ കമ്പനികളും ഇന്ത്യന്‍ സര്‍ക്കാരും നിര്‍ണായകമായ പങ്ക് വഹിക്കുന്നതായി സെന്റര്‍ ഫോര്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടബിലിറ്റി (സിഎഫ്എ) യുടെ റിപോര്‍ട്ട്.
പ്രതിരോധം, സാങ്കേതികവിദ്യ തുടങ്ങി കൃഷി, തൊഴില്‍, അടിസ്ഥാന സൗകര്യങ്ങള്‍ വരെ, ഇസ്രയേലിന്റെ സൈനിക നടപടികളെയും കുടിയേറ്റ‑കൊളോണിയല്‍ രീതികളെയും നിലനിര്‍ത്തുന്ന കമ്പനികളുമായും പദ്ധതികളുമായും ഇന്ത്യന്‍ മൂലധനം നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് കണ്ടെത്തല്‍. പ്രോഫിറ്റ് ആന്റ് ജെനോസൈഡ്: ഇന്ത്യന്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇന്‍ ഇസ്രയേല്‍ എന്ന റിപ്പോര്‍ട്ടിലാണ് കണ്ടെത്തല്‍. ഗസയില്‍ വംശഹത്യ നടന്നു കൊണ്ടിരിക്കുമ്പോള്‍ തന്നെ ഇസ്രയേലില്‍ ഇന്ത്യ നടത്തുന്ന നിക്ഷേപങ്ങള്‍ വളര്‍ന്നുകൊണ്ടിരിക്കുന്നതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ഇസ്രയേലി പ്രതിരോധ കമ്പനികളുടെ കയറ്റുമതിയുടെ ഏറ്റവും വലിയ മാര്‍ക്കറ്റുകളില്‍ ഒന്നായി ഇന്ത്യ ഉയര്‍ന്നുവന്നിട്ടുണ്ട്. ഹൈദരാബാദ് ആസ്ഥാനമായുള്ള അഡാനി-എല്‍ബിറ്റ് അഡ്വാന്‍സ്ഡ് സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡും ഇതില്‍ ഉള്‍പ്പെടുന്നു. ഹെര്‍മിസ് 900 മീഡിയം ആള്‍ട്ടിറ്റിയൂഡ് ലോങ് എന്‍ഡുറന്‍സ് ഡ്രോണ്‍ നിര്‍മ്മിക്കുന്നത് ഈ കമ്പനിയാണ്. ഗാസയെ നിരീക്ഷിക്കാനും ആക്രമിക്കാനും ഇസ്രായോല്‍ ഇത് ഉപയോഗിക്കുന്നു.
ഇസ്രയേലിലെ ഹൈഫ തുറമുഖം 118 കോടി ഡോളറിന് അഡാനി പോര്‍ട്ട്‌സ് ഏറ്റെടുത്തതും റിപ്പോര്‍ട്ടിലുണ്ട്. ഇസ്രയേലിലെ ഏറ്റവും തിരക്കേറിയ വാണിജ്യ തുറമുഖമാണെങ്കിലും, അവരുടെ നാവികസേനയുടെ അന്തര്‍വാഹിനി കപ്പലിന്റെ താവളമായും ഹൈഫ പ്രവര്‍ത്തിക്കുന്നു. ഇന്ത്യന്‍ ടെക് ഭീമന്മാരായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), ഇന്‍ഫോസിസ്, റിലയന്‍സ് ജിയോ എന്നിവര്‍ ഇസ്രയേലി ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറുമായി ബന്ധപ്പെട്ടിരിക്കുന്നു. പലസ്തീനികളെ നിരീക്ഷിച്ചതില്‍ വ്യാപകവിമര്‍ശനം നേരിട്ട ആമസോണും മൈക്രോസോഫ്റ്റും ഉള്‍പ്പെടുന്ന ക്ലൗഡ് സംരംഭമായ പ്രോജക്റ്റ് നിംബസുമായി ടിസിഎസിന് ബന്ധമുണ്ട്.
ഇസ്രയേലി ജല കമ്പനിയായ മെക്കോറോട്ടുമായുള്ള ഇന്ത്യയുടെ പങ്കാളിത്തവും റിപ്പോര്‍ട്ടില്‍ ഇടംനേടി. ഗാസയിലേക്കുള്ള കുടിവെള്ളത്തിന്റെ ഒഴുക്ക് മനഃപൂര്‍വ്വം കുറയ്ക്കുകയും ശുദ്ധമായ കുടിവെള്ളം നിഷേധിക്കുകയും ചെയ്തുകൊണ്ട് ജലത്തെ ആയുധമാക്കുന്നതായി മെക്കോറോട്ടിനെതിരെ ആരോപണമുണ്ട്. കര്‍ണാടക പോലുള്ള സംസ്ഥാനങ്ങളിലെ ജല പദ്ധതികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യന്‍ കമ്പനികളില്‍ മെക്കോറോട്ടിന് പങ്കാളിത്തമുണ്ട്. അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യ ഫലസ്തീനിന് നല്‍കുന്ന പിന്തുണയും അതോടൊപ്പംതന്നെ ഇസ്രയേലിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് ധനസഹായം നല്‍കുന്നതും തമ്മിലുള്ള വൈരുദ്ധ്യവും റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.