കേരളം കടം കൊണ്ട് മുങ്ങിത്താഴുകയാണെന്നും ജനങ്ങള്‍ കടക്കെണിയിലാകുമെന്നും സംസ്ഥാനത്തെ പ്രതിപക്ഷവും അവര്‍ക്ക് ഓശാനപാടുന്ന കുത്തക മാധ്യമങ്ങളും കുറച്ചുകാലമായി പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. കേന്ദ്ര ഗ്രാന്റ്, നികുതിവിഹിതം എന്നിവയ്ക്കായി സംസ്ഥാന സര്‍ക്കാരിന് പലതവണ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കേണ്ടി വന്നതിനെ പിച്ചച്ചട്ടിയുമായി യാചിക്കാന്‍ നടക്കുന്നുവെന്ന് പരിഹസിച്ചവരാണ് ഇക്കൂട്ടര്‍. ഇവരുടെ വായടപ്പിക്കുന്ന ഒരു റിപ്പോര്‍ട്ട് കഴിഞ്ഞയാഴ്ച പുറത്തുവന്നിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ തന്നെ ഭരണ സംവിധാനമായ സിഎജി റിപ്പോർട്ടാണത്. 10 വർഷത്തെ സംസ്ഥാനങ്ങളുടെ കണക്കുകൾ പരിശോധിച്ച് തയ്യാറാക്കിയ റിപ്പോർട്ടില്‍ പറയുന്നത് കടമെടുപ്പിൽ കേരളം അപകടാവസ്ഥയിലല്ലെന്നാണ്. മൊത്ത ആഭ്യന്തര ഉല്പാദനം (ജിഎസ്ഡിപി) — കടം അനുപാതത്തിൽ കേരളം 28 സംസ്ഥാനങ്ങളില്‍ 15-ാം സ്ഥാനത്താണെന്നും റിപ്പോർട്ട് പറയുന്നു. 2022–23ലെ കണക്കുവച്ച് രാജ്യത്തെ സംസ്ഥാനങ്ങളുടെ ധനസ്ഥിതി പരിശോധിച്ചാണ് റിപ്പോർട്ട് ഇറക്കിയത്. 2013 — 14 മുതൽ 2022 — 23 വരെയുള്ള ഒരു ദശകത്തിലെ ധന പ്രവണതകളും വിശകലനം ചെയ്‌തു. സംസ്ഥാനങ്ങളുടെ ധനസ്ഥിതിയിലെ ദീർഘകാല പ്രവണതയാണ് സിഎജി വലയിരുത്തിയത്. ആകെ സംസ്ഥാനങ്ങളിൽ എട്ടെണ്ണത്തിന് 30 ശതമാനത്തിലധികമാണ് പൊതുകടം. അതില്‍ കേരളമില്ല. 14 സംസ്ഥാനങ്ങളുടെ പൊതുകടം 20നും 30നും ഇടയിലാണ്. ഇതിലാണ് കേരളം വരുന്നത്. അതില്‍ ഏഴാം സ്ഥാനത്തുള്ള കേരളത്തിന്റെ കടം 24.71 ശതമാനമാണ്. 2023 — 24ൽ കേരളത്തിന്റെ പൊതുകടം 23.38 ശതമാനമായും 24–25ൽ 23.33 ശതമാനമായും കുറഞ്ഞുവെന്ന് ബജറ്റ് രേഖകളിലും പറഞ്ഞിരുന്നു.
റവന്യു വരുമാനത്തിന്റെ 60 ശതമാനത്തിന് മുകളിൽ തനത് വരുമാനമുള്ള എട്ട് സംസ്ഥാനങ്ങളിലൊന്നാണ് കേരളം. കർണാടക, തമിഴ്‌നാട്, ഗോവ, കേരളം എന്നിവയുടെ സ്വന്തം വരുമാനം 60 — 70% ആണ്. ആന്ധ്ര, രാജസ്ഥാൻ, പഞ്ചാബ്, ഛത്തീസ്‌ഗഢ് എന്നിവയുടെ തനത് റവന്യു വരുമാനത്തിന്റെ 50 മുതൽ 60% വരെയും ഝാർഖണ്ഡ്, മധ്യപ്രദേശ്, യുപി, പശ്ചിമ ബംഗാൾ, ഉത്തരാഖണ്ഡ് എന്നിവയുടെ റവന്യു വരുമാനം 40 — 50% വരെയുമാണ്. കേരളത്തിന്റെ തനത് വരുമാനം കൃത്യമായി പറഞ്ഞാല്‍ 65.61 ശതമാനമാണ്. അതായത് 34.4% മാത്രമാണ് കേന്ദ്ര വിഹിതം. ഇത് 2022 — 23ലെ കണക്കാണ്. 2023 — 24ൽ 27 ശതമാനവും 24 — 25ൽ 19 ശതമാനവും മാത്രമാണ് കേന്ദ്ര വിഹിതം. 2013 — 14 മുതൽ 2022 — 23 വരെ കേരളത്തിന്റെ തനത് വരുമാനം ഇരട്ടിയിലേറെയായി വളർന്നു. 2024 — 25ൽ ആകെ റവന്യു വരുമാനമായ 1,33,000 കോടിയിൽ ഒരു ലക്ഷത്തിലധികം കോടി സംസ്ഥാന വരുമാനമാണ്. 15-ാം ധനക്കമ്മിഷൻ കാലത്താണ് സംസ്ഥാനത്തിനുള്ള നികുതി വിഹിതം 2.5 ശതമാനത്തിൽ നിന്നും 1.9 ശതമാനമായി കുറച്ചത് എന്നാണ് പൊതുവിൽ ധാരണ. ധനമന്ത്രി കെ എന്‍ ബാലഗോപാലും സംസ്ഥാന സര്‍ക്കാര്‍ വൃത്തങ്ങളും ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്ന കാര്യവുമാണ്. എന്നാല്‍ അതിനെക്കാള്‍ ഞെട്ടിക്കുന്ന വിവരമാണ് സിഎജി ചൂണ്ടിക്കാട്ടിയത്. ഒരു ദശാബ്ദക്കാലം ആകെ സംസ്ഥാനങ്ങൾക്ക് കൈമാറിയ നികുതി, ഗ്രാന്റ് തുടങ്ങിയവയുടെ 1.9 ശതമാനമേ കേരളത്തിന് കിട്ടിയിട്ടുള്ളൂ എന്നാണ് സിഎജി പറയുന്നത്.
സാമ്പത്തിക തകര്‍ച്ചയില്‍പ്പെട്ട് ശ്രീലങ്കയെപ്പോലെ തകരാന്‍ പോവുകയാണ് എന്ന് സംഘ്പരിവാര്‍ ഹാന്‍ഡിലുകളും യുഡിഎഎഫും എന്തിന്, കുത്തക മാധ്യമങ്ങള്‍ പോലും പ്രചരണം നടത്തി കേരളത്തെ അപമാനിക്കുന്നതിനിടയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സി തന്നെ സംസ്ഥാന സര്‍ക്കാരിന്റെ കണക്കുകള്‍ ശരിവയ്ക്കുന്ന റിപ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നത്. കേരളവും ശ്രീലങ്കയും തമ്മിലുള്ള താരതമ്യം അത് നടത്തുന്നവരുടെ വിവരമില്ലായ്മ കൊണ്ടാണ് എന്നുപറയാനാകില്ല. മനഃപൂര്‍വമുള്ള വ്യാജപ്രചരണമെന്ന ഗീബല്‍സിയന്‍ തന്ത്രം മാത്രമാണ്. ശ്രീലങ്ക ഒരു പരമാധികാര രാജ്യമാണെന്നും അത് സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ടത് വിദേശ നാണ്യശേഖരത്തിലെ കുറവ് മൂലമാണ് എന്നും കേരളത്തെ ഇകഴ്ത്തുന്നവര്‍ക്ക് അറിയാതിരിക്കില്ല. കേരളം ഇന്ത്യയെന്ന പരമാധികാര രാഷ്ട്രത്തിലെ ഒരു സംസ്ഥാനം മാത്രമാണെന്നും അതിനുണ്ടാവുന്ന കടം ആഭ്യന്തരം മാത്രമാണെന്നും ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതിന് പകരമാണ് ഇക്കൂട്ടര്‍ ഇടതുപക്ഷ സര്‍ക്കാരിനെ താറടിക്കാന്‍ വേണ്ടി മാത്രം കള്ളം പ്രചരിപ്പിച്ചുകൊണ്ടിരുന്നത്. അത്തരം കാപട്യങ്ങളുടെ വായടപ്പിക്കുന്നതാണ് 2022–23ലെ സിഎജി റിപ്പോര്‍ട്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.