
ഇരു ചക്രവാഹനത്തിലെ ഡ്രൈവര്‍ക്കും പിന്‍സീറ്റിലിരിക്കുന്നവര്‍ക്കും ഹെല്‍മെറ്റും നാല് ചക്രവാഹനങ്ങളില്‍ എല്ലാവര്‍ക്കും സീറ്റ് ബെല്‍റ്റും നിര്‍ബ്ധമാക്കണമെന്ന് മഹാരാഷ്ട്ര സര്‍ക്കാരിനോട് സുപ്രിംകോടതി മേല്‍നോട്ടത്തിലുള്ള റോഡ് സുരക്ഷാ ഹൈപവര്‍ കമ്മിറ്റി. സമിതിയും ചീഫ് സെക്രട്ടറി രാജേഷ് കുമാറും നടത്തിയ യോഗത്തിലാണ് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
റോഡ് അപകട സ്ഥിതിവിവരക്കണക്കുകളുടെ വെളിച്ചത്തില്‍ കര്‍ശനമായ നടപ്പാക്കല്‍ അടിയന്തരമായി ആവശ്യമാണെന്ന് വിരമിച്ച സുപ്രീംകോടതി ജഡ്ജി എ.എം. സപ്രെ അധ്യക്ഷനായ സമിതി ഊന്നിപ്പറഞ്ഞു. സംസ്ഥാനത്തെ റോഡപകടങ്ങളില്‍ 70 ശതമാനവും ഇരുചക്രവാഹനങ്ങളും കാല്‍നടയാത്രക്കാരുമാണ്. റോഡ് സുരക്ഷ സംബന്ധിച്ച സുപ്രീംകോടതി ഉത്തരവുകളുടെ നടപ്പാക്കല്‍ അവലോകനം ചെയ്യുന്നതിനായി സമിതി നിലവില്‍ അഞ്ചുദിവസത്തെ മഹാരാഷ്ട്ര സന്ദര്‍ശനത്തിലാണ്.
യോഗത്തിനുശേഷം,എല്ലാ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളും അവരുടെ വാര്‍ഷിക ബജറ്റിന്റെ ഒരു ശതമാനം റോഡ് സുരക്ഷ, ഗതാഗത അച്ചടക്കം, പൊതു അവബോധ പ്രചാരണങ്ങള്‍ എന്നിവയ്ക്കായി നീക്കിവെയ്ക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. 74,427 കോടി രൂപയുടെ വാര്‍ഷിക ബജറ്റുള്ള മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി) ഇനി റോഡ് സുരക്ഷാ സംരംഭങ്ങള്‍ക്കായി 744 കോടി രൂപ നീക്കിവെയ്‌ക്കേണ്ടതുണ്ട്. ട്രാഫിക് പൊലീസ്, ഗതാഗതം, പൊതുമരാമത്ത്, സ്‌കൂള്‍ വിദ്യാഭ്യാസം, ഗ്രാമവികസനം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. മുംബൈയ്ക്കും മുംബൈ മെട്രോപൊളിറ്റന്‍ മേഖലയ്ക്ക് പുറത്തും ഹെല്‍മെറ്റ് ഫലപ്രദമായി നടപ്പാക്കുന്നില്ലെന്നും സമിതി ആശങ്കപ്രകടിപ്പിച്ചു.
കൂടാതെ, മോശം റോഡ് രൂപകല്പന, അപര്യാപ്തമായ അറ്റകുറ്റപ്പണികള്‍ എന്നിവ മൂലമുണ്ടാകുന്ന അപകടങ്ങള്‍ക്ക് ഉത്തരവാദികളായ കരാറുകാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.റോഡപകടങ്ങള്‍ 35 ശതമാനം കുറയ്ക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം മഹാരാഷ്ട്രയില്‍ 2024‑ല്‍ 14,565 മാരകമായ അപകടങ്ങളുണ്ടാകുകയും 15,715 പേര്‍ മരിക്കുകയും 22,000‑ത്തിലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയുംചെയ്തു. 2025 ജനുവരിക്കും സെപ്റ്റംബറിനുമിടയില്‍ 11,532 പേരുടെ ജീവന്‍ അപഹരിച്ച 10,720 മാരകമായ അപകടങ്ങള്‍ ഇതിനകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.