
രേണുകാസ്വാമി കൊലക്കേസിൽ കന്നഡ നടൻ ദർശന് കർണാടക ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീം കോടതി റദ്ദാക്കി. ജസ്റ്റിസുമാരായ ജെബി പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. ഹൈക്കോടതിയുടെ ഉത്തരവിനെ തലതിരിഞ്ഞതെന്നും തികച്ചും അനാവശ്യവുമായ ഒന്ന് എന്നുമാണ് സുപ്രീംകോടതി വിശേഷിപ്പിച്ചത്. 2024 ഡിസംബർ 13‑നാണ് ദർശന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് വന്നത്.
ഇത് നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. കൂടാതെ ഇത് വിവേചനാധികാരത്തിന്റെ യുക്തിരഹിതമായ പ്രയോഗമാണെന്നും കോടതി വ്യക്തമാക്കി. ജാമ്യം നൽകാൻ നിയമപരമായ കാരണങ്ങളൊന്നുമില്ല, എന്ന് നിരീക്ഷിച്ച ബെഞ്ച്, ദർശന്റെ സ്വാതന്ത്ര്യം നീതിനിർവഹണത്തെ വഴിതെറ്റിക്കാൻ സാധ്യതയുണ്ടെന്നും കൂട്ടിച്ചേർത്തു. നിയമത്തിന് മുകളിലല്ല ഒരു മനുഷ്യനും എന്നും നിയമം അനുസരിക്കുന്നത് ഔദാര്യമല്ല എന്നും ജസ്റ്റിസ് പർദിവാല ഊന്നിപ്പറഞ്ഞു. കസ്റ്റഡിയിൽ ദർശന് പ്രത്യേക പരിഗണനയൊന്നും നൽകരുതെന്ന് ബെഞ്ച് സംസ്ഥാന, ജയിൽ അധികൃതർക്ക് മുന്നറിയിപ്പ് നൽകി.
പ്രതിക്ക് ജയിലിനുള്ളിൽ പഞ്ചനക്ഷത്ര സൗകര്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് അറിഞ്ഞാൽ, അന്നുതന്നെ ജയിൽ സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്യുമെന്ന് ജസ്റ്റിസ് പർദിവാല പറഞ്ഞു. ജയിലിൽ പുകവലിക്കാനോ മദ്യപിക്കാനോ അനുവദിക്കുന്നതിനെതിരെയും അദ്ദേഹം മുന്നറിയിപ്പ് നൽകി. ദർശനെ അടിയന്തരമായി കസ്റ്റഡിയിലെടുക്കാൻ ഉത്തരവിട്ട കോടതി, ജനാധിപത്യത്തിൽ എല്ലാവർക്കും നിയമത്തിന് മുന്നിൽ തുല്യതയുണ്ട് എന്ന് ആവർത്തിച്ചു. നടനെതിരായ ആരോപണങ്ങളും ഫോറൻസിക് തെളിവുകളും ജാമ്യം റദ്ദാക്കേണ്ടതിന്റെ ആവശ്യകത ഊട്ടിയുറപ്പിക്കുന്നുവെന്നും ബെഞ്ച് പറഞ്ഞു. ജൂലൈ 24‑ന് കേസ് പരിഗണിക്കവെ, ഇത്രയും ഗൗരവമേറിയ ഒരു കേസിൽ ജാമ്യം അനുവദിക്കുന്നതിന് മുൻപ് ഹൈക്കോടതി വിവേകപൂർവ്വം ചിന്തിച്ചിട്ടുണ്ടോ എന്ന് സുപ്രീംകോടതി ചോദിച്ചുരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.