പീഡനക്കേസില്‍ ഇരയ്ക്കെതിരായ അലഹബാദ് ഹൈക്കോടതിയുടെ വിവാദ പരാമര്‍ശത്തെ വിമര്‍ശിച്ച് സുപ്രീംകോടതി. അത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഒരിക്കലും ഉണ്ടാകരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത കേസില്‍ കുറ്റാരോപിതനായ ആള്‍ക്ക് ജാമ്യം അനുവദിച്ച അലഹബാദ് ഹൈക്കോടതി ഇരയായ സ്ത്രീ സ്വയം കുഴപ്പങ്ങള്‍ ക്ഷണിച്ചുവരുത്തിയതാണെന്ന്പരാമര്‍ശം നടത്തിയിരുന്നു.ഇതിനെതിരെയാണ് ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, എ ജി മസിഹ് എന്നിവരുടെ ബെഞ്ച് രൂക്ഷ വിമര്‍ശനം നടത്തിയത്.
ജാമ്യം അനുവദിക്കാം. പക്ഷേ, അവള്‍തന്നെ കുഴപ്പങ്ങള്‍ ക്ഷണിച്ചുവരുത്തിയതാണെന്നതാണോ ഇവിടുത്തെ ചര്‍ച്ച. അത്തരം കാര്യങ്ങള്‍ പറയുമ്പോള്‍ ശ്രദ്ധിക്കണം, പ്രത്യേകിച്ച് ഈ വശത്ത് (ജഡ്ജിമാര്‍)’, ജസ്റ്റിസ് ബി.ആര്‍.ഗവായ് പറഞ്ഞു. അലഹബാദ് ഹൈക്കോടതിയുടെ തന്നെ മറ്റൊരു വിവാദ പരാമര്‍ശം പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതി ഇത്തരമൊരു വിമര്‍ശനം നടത്തിയത്. മാറിടത്തില്‍ പിടിക്കുന്നത് ബാലത്സംഗമാകില്ലെന്ന പരാമര്‍ശത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജിയായിരുന്നു കോടതി കേട്ടിരുന്നത്. എന്ത് സന്ദേശമാണ് ഇത്തരം പരാമര്‍ശങ്ങളിലൂടെ നല്‍കുന്നതെന്നും വിവാദങ്ങളില്‍ സുപ്രീംകോടതി വാക്കാല്‍ ചോദിച്ചു. നാലാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.
കുട്ടികളെ കടത്തുന്നതുമായി ബന്ധപ്പെട്ട കേസിലും സുപ്രീംകോടതിയില്‍നിന്ന് അലഹബാദ് ഹൈക്കോടതിക്ക് വിമര്‍ശനമുണ്ടായി. ജസ്റ്റിസുമാരായ ജെബി പര്‍ദിവാല ആര്‍.മഹാദേവന്‍ എന്നിവരുടെ ബെഞ്ചാണ് ഈ കേസില്‍ വിമര്‍ശിച്ചത്. യുപി സര്‍ക്കാരിനും കോടതിയുടെ വിമര്‍ശനമേല്‍ക്കേണ്ടിവന്നു.ജാമ്യ അപേക്ഷകളില്‍ ഹൈക്കോടതിയുടെ നടപടികള്‍ കാരണം നിരവധി പ്രതികളെ ഒളിവില്‍ പോകാന്‍ പ്രേരിപ്പിച്ചു. ഈ പ്രതികള്‍ സമൂഹത്തിന് ഗുരുതരമായ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ജാമ്യം അനുവദിക്കുമ്പോള്‍ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്ന ഏറ്റവും കുറഞ്ഞ കാര്യം എല്ലാ ആഴ്ചയും പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് വ്യവസ്ഥ ചെയ്യുക എന്നതായിരുന്നു. അതുണ്ടായില്ലെന്നും കോടതി വ്യക്തമാക്കി. യുപി സര്‍ക്കാര്‍ കുട്ടികളെ കടത്തുന്ന കേസുകളെ ഗൗരവമായി എടുത്തില്ലെന്നും അത് നിരാശയുണ്ടാക്കുന്ന നടപടിയാണെന്നും കോടതി വിമര്‍ശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.