
മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജാതി വിവേചനം ശക്തമായതോടെ ഇടപെട്ട് സുപ്രീം കോടതി. പീഡനങ്ങളും വിവേചനങ്ങളും തടയുന്നതിനുള്ള പുതിയ നിയന്ത്രണങ്ങള്‍ക്ക് അന്തിമരൂപം നല്‍കുമ്പോള്‍ ജാതി വിവേചനം തടയുന്നതിനുള്ള സുരക്ഷാ നടപടികളും പരിഗണിക്കണമെന്ന് സുപ്രീം കോടതി ഇന്നലെ യൂണിവേഴ‍്സിറ്റി ഗ്രാന്റ് കമ്മിഷനോട് (യുജിസി) നിര്‍ദേശിച്ചു. രണ്ട് മാസത്തിനുള്ളില്‍ വേണമെന്നും ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്‍മല്യ ബാഗ‍്ചി എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു. ജാതീയമായ പീഡനങ്ങളെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത, ദളിത് വിദ്യാര്‍ത്ഥികളായ രോഹിത് വെമുലയുടെയും പായല്‍ തദ‍്‍വിയുടെയും അമ്മമാര്‍ 2019ല്‍ സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു ബെഞ്ച്.
2012ലെ യുജിസി ചട്ടങ്ങള്‍ കര്‍ശനമായി നടപ്പിലാക്കണമെന്നും കാമ്പസുകളിലെ ജാതി വിവേചനം പരിഹരിക്കുന്നതിനുള്ള പ്രത്യേക നടപടികള്‍ സ്വീകരിക്കണമെന്നും ഹര്‍ജികളില്‍ ആവശ്യപ്പെട്ടിരുന്നു. പ്രശ്നം പരിഹരിക്കുന്നതിന് യുജിസി കരട് ചട്ടങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും 391 നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഇവ പരിശോധിക്കാന്‍ വിദഗ്ധസമിതി രൂപീകരിച്ചിട്ടുണ്ടെന്നും അവരുടെ റിപ്പോര്‍ട്ട് സജീവപരിഗണനയിലാണെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. കേസ് അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാന്‍ അനുവദിക്കരുതെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്സിങ് ആവശ്യപ്പെട്ടു. ഈ കേസ് ജാതി വിവേചനത്തെ കുറിച്ചാണെന്ന് അവര്‍ എടുത്ത് പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്യുന്നത് തടയണം. 2012ലെ യുജിസി ചട്ടങ്ങള്‍ നടപ്പാക്കാത്തതിനാലാണ് കോടതിയെ സമീപിച്ചതെന്നും വ്യക്തമാക്കി.
വിവേചനങ്ങള്‍ക്ക് ശക്തമായ നിരോധനം, മാനസികാരോഗ്യ കൗണ്‍സിലിങ്ങ്, സോഷ്യല്‍ ഓഡിറ്റിങ്ങ് എന്നിവ ഉള്‍പ്പെടെ പരിഹരിക്കേണ്ട പത്ത് പ്രധാന വിഷയങ്ങള്‍ ഇന്ദിരാ ജയ്സിങ്ങിന്റെ രേഖാമൂലമുള്ള കുറിപ്പില്‍ നിന്ന് എടുത്തിട്ടുണ്ടെന്ന് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. വിഷയം യുജിസിയുടെ പരിഗണനയിലായതിനാല്‍ ഇക്കാര്യം കണക്കിലെടുക്കണമെന്ന് നിര്‍ദേശിക്കുന്നു എന്നും പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ സമയപരിധി വേണമെന്ന് ഇന്ദിരാ ജെയ്സിങ് ആവശ്യപ്പെട്ടു. ബെഞ്ച് അത് സമ്മതിച്ചു.
എല്ലാ വിവേചനങ്ങളും നിരോധിക്കുക, ഹോസ്റ്റലുകളിലോ ക്ലാസ് മുറികളിലോ വേര്‍തിരിവ് ഉണ്ടാകാന്‍ അനുവദിക്കരുത്, സ്കോളര്‍ഷിപ്പ് ഫണ്ടുകള്‍ വൈകി വിതരണം ചെയ്യുന്നത് തടയാന്‍ ഡിജിറ്റൈസ‍്ഡ് സംവിധാനം, എസ‍്സി-എസ‍്ടി-പിന്നാക്ക സമുദായങ്ങളില്‍ നിന്നുള്ള 50% അംഗങ്ങളും അതേ സമുദായത്തിലെ ചെയര്‍പേഴ‍്സണും ഉള്‍പ്പെടുന്ന പരാതി പരിഹാര സമിതികള്‍, ദേശീയ എസ‍്സി-എസ‍്ടി കമ്മിഷനില്‍ അപ്പീലുകള്‍ സമര്‍പ്പിക്കണം, പരാതിക്കാര്‍ക്ക് സംരക്ഷണം ഒരുക്കണം, പിന്നാക്ക സമുദായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക മാനസികാരോഗ്യ കൗണ്‍സിലിങ്ങ്, ഇവ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കുള്ള ഗ്രാന്റുകള്‍ പിന്‍വലിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഇന്ദിരാ ജെയസിങ് തയ്യാറാക്കി നല്‍കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.