രണ്ടു വര്‍ഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവില്‍ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് ജാമ്യം. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് യുപി പൊലീസിന്റെ ശക്തമായ എതിര്‍പ്പുകള്‍ തള്ളിക്കൊണ്ട് കാപ്പന് ജാമ്യം അനുവദിച്ചത്.
ഹത്രാസ് ബലാത്സംഗ കൊലപാതക കേസ് റിപ്പോര്‍ട്ടു ചെയ്യാനുള്ള യാത്രക്കിടെ 2020 ഒക്ടോബര്‍ ആറിനാണ് യു പി പൊലീസ് കാപ്പനെ അറസ്റ്റ് ചെയ്തത്. മറ്റ് മൂന്നു പേര്‍ക്കൊപ്പം കസ്റ്റഡിയിലെടുത്ത കാപ്പനെതിരെ ഹത്രാസില്‍ കലാപം സൃഷ്ടിക്കാന്‍ ഗൂഢാലോചന നടത്തിയെന്നോരോപിച്ച് യുഎപിഎ ചുമത്തിയതോടെയാണ് ജാമ്യം നിഷേധിക്കപ്പെട്ടത്. മഥുര വിചാരണ കോടതിയെയും ശേഷം അലഹാബാദ് ഹൈക്കോടതിയെയും സമീപിച്ചെങ്കിലും ജാമ്യം നിഷേധിക്കുകയാണുണ്ടായത്. അലഹാബാദ് ഹൈക്കോടതി ഉത്തരവിനെതിരെ കാപ്പന്‍ സമര്‍പ്പിച്ച അപ്പീലിലാണ് ഇന്നലെ സുപ്രീം കോടതി ജാമ്യം അനുവദിച്ചത്.
5000 പേജോളം വരുന്ന കുറ്റപത്രമാണ് യുപി പൊലീസ് കേസില്‍ തയ്യാറാക്കിയത്. ജാമ്യം നല്കുന്നതിനെതിരെ ശക്തമായ നിലപാടാണ് യുപി പൊലീസ് ഇന്നലെ സുപ്രീം കോടതിയിലും സ്വീകരിച്ചത്. എന്നാല്‍ വാദങ്ങള്‍ സുപ്രീം കോടതി നിരാകരിക്കുകയാണുണ്ടായത്.
അഭിപ്രായ സ്വാതന്ത്യത്തിന് എല്ലാവര്‍ക്കും അവകാശമുണ്ട്. ഹത്രാസിലെ ഇരയ്ക്കുവേണ്ടി ശബ്ദമുയര്‍ത്തുന്നതും അവര്‍ക്ക് നീതി ലഭിക്കണമെന്ന് പറയുന്നതും കുറ്റമാണോ എന്ന് വാദത്തിനിടെ ചീഫ്ജസ്റ്റിസ് ചോദിച്ചു. ഇന്ത്യാ ഗേറ്റില്‍ നിര്‍ഭയയ്ക്കുവേണ്ടി ഉയര്‍ന്ന പ്രതിഷേധങ്ങള്‍ ബലാത്സംഗ കേസുകളിലെ നിയമങ്ങളില്‍ മാറ്റത്തിന് കാരണമായെന്ന് ജസ്റ്റിസ് ഭട്ടും ചൂണ്ടിക്കാട്ടി.
കാപ്പനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലും ഹാരിസ് ബീരാനുമാണ് ഹാജരായത്. യുപി സര്‍ക്കാരിനുവേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഹാജരായിരുന്നതെങ്കിലും മറ്റൊരു കേസിന്റെ വാദത്തിലായതിനാല്‍ പകരം മുതിര്‍ന്ന അഭിഭാഷകന്‍ മഹേഷ് ജഠ്‌മലാനിയാണ് ഇന്നലെ കോടതിയിലെത്തിയത്.
ഉപാധികളോടെയാണ് കാപ്പന് ജാമ്യം അനുവദിച്ചിരിക്കുന്നത്. ആദ്യത്തെ ആറാഴ്ച ഡല്‍ഹിയില്‍ താമസിച്ച് ജങ്പുര പൊലീസ് സ്‌റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഇതിനു ശേഷം കേരളത്തിലേക്കു മടങ്ങാം. അവിടെ പ്രാദേശിക പൊലീസ് സ്‌റ്റേഷനില്‍ എല്ലാ തിങ്കളാഴ്ചയും ഒപ്പിടണം. വിചാരണ കോടതിയില്‍ കാപ്പനോ അദ്ദേഹത്തിന്റെ അഭിഭാഷകനോ കേസിന്റെ വിചാരണ വേളയില്‍ എല്ലാ ദിവസവും ഹാജരാകണം. കസ്റ്റഡിയില്‍നിന്ന് മോചിതനാകുന്നതിനു മുമ്പ് കാപ്പന്‍ പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യണമെന്നും ഉത്തരവിലുണ്ട്. കാപ്പനെതിരെ ചുമത്തിയിരിക്കുന്ന കള്ളപ്പണ കേസില്‍ ജാമ്യം തേടാന്‍ കോടതി അനുമതി നല്‍കി.
ഇന്നലെ ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് കാപ്പന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ഭാര്യ റൈഹാനത്തും കോടതിയിലുണ്ടായിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ മൂലം കാപ്പന്റെ മക്കള്‍ കോടതി മുറിക്ക് പുറത്ത് കാത്തുനില്‍ക്കുകയായിരുന്നു.
English Summary: Supreme Court grants bail to Siddique Kappan
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.