9 December 2025, Tuesday

Related news

December 6, 2025
December 6, 2025
December 5, 2025
December 5, 2025
December 4, 2025
December 4, 2025
December 3, 2025
December 3, 2025
December 2, 2025
December 2, 2025

വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട അനാഥരായ കുട്ടികളുടെ കണക്കെടുക്കണം; സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതി നിര്‍ദേശം

Janayugom Webdesk
ന്യൂഡൽഹി
August 6, 2025 10:49 pm

വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട അനാഥരായ കുട്ടികളുടെ കണക്കെടുക്കാൻ സുപ്രീം കോടതി നിർദേശിച്ചു. 2009 ലെ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസ അവകാശം നിലനിൽക്കെ വിദ്യാഭ്യാസം ലഭിക്കാത്ത അനാഥരായ കുട്ടികളുടെ വിവരങ്ങൾ തേടുന്നതിന് എല്ലാ സംസ്ഥാനങ്ങളും സർവേ നടത്തണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. 2027ലെ സെൻസസിൽ അത്തരം കുട്ടികളുടെ ഡാറ്റ ഉൾപ്പെടുത്തുന്നത് പരിഗണിക്കണമെന്ന് സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ അനാഥ ജനസംഖ്യ കണക്കാക്കുന്നതിനുള്ള സര്‍വേ, നിലവാരമുള്ള വിദ്യാഭ്യാസം, സംവരണം എന്നിവ നടപ്പാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകയായ പൗലോമി പവിനി ശുക്ല സമര്‍പ്പിച്ച ഹർജി പരിഗണിക്കവെയാണ് ഉത്തരവ്. 

അനാഥരുടെ സംരക്ഷണത്തിനും പരിചരണത്തിനുമായി കേന്ദ്ര‑സംസ്ഥാന സർക്കാരുകളുടെ പദ്ധതികൾ അപര്യാപ്തമാണെന്നും അവരുടെ കൃത്യമായ സംഖ്യ പോലും കേന്ദ്രസര്‍ക്കാരിന്റെ പക്കലില്ലെന്നും ഹർജിക്കാരി കോടതിയെ അറിയിച്ചു. സമൂഹത്തിലെ ദുർബല വിഭാഗത്തോടുള്ള രാജ്യത്തിന്റെ നിസംഗതയാണ് ഇത് കാണിക്കുന്നത്. ഇന്ത്യയിൽ 2.96 കോടി അനാഥരായ കുട്ടികളുണ്ടെന്ന് കണക്കാക്കുന്ന യൂണിസെഫ് പോലുള്ള സംഘടനകളിൽ നിന്നുമാണ് വിശ്വസനീയമായ കണക്കുകള്‍ ലഭിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി. 

എത്ര അനാഥ കുട്ടികള്‍ക്ക് സ്കൂളുകളില്‍ പ്രവേശനം നിഷേധിച്ചുവെന്നും എന്തുകൊണ്ടാണെന്നും കോടതി ആരാഞ്ഞു. ഇക്കാര്യത്തില്‍ ഒരു സര്‍വേ നടത്തി വിവരങ്ങള്‍ ശേഖരിക്കണം. ഒപ്പം അർഹരായ കുട്ടികൾക്ക് അടുത്ത സ്കൂളുകളിൽ പ്രവേശനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ശ്രമിക്കണമെന്നും കോടതി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. മേഘാലയ, സിക്കിം, അരുണാചല്‍ പ്രദേശ്, ഗുജറാത്ത്, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇതുസംബന്ധിച്ച് വിജ്ഞാപനങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നും ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. അത്തരം നടപടിക്രമങ്ങള്‍ നാലാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് മറ്റ് സംസ്ഥാനങ്ങള്‍ക്ക് കോടതി നിര്‍ദേശം നല്‍കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.