22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 18, 2024
December 17, 2024
December 17, 2024
December 16, 2024
December 12, 2024
December 12, 2024
December 9, 2024
December 2, 2024
November 29, 2024

സുപ്രീം കോടതി ഇടപെടല്‍ ഫലം കണ്ടു; കര്‍ണാടകയ്ക്ക് വരള്‍ച്ചാസഹായമായി കേന്ദ്രത്തിന്റെ 3454 കോടി

Janayugom Webdesk
ന്യൂഡല്‍ഹി
April 27, 2024 11:04 pm

സുപ്രീം കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് കര്‍ണാടകയ്ക്ക് 3454 കോടി രൂപ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രം നല്‍കി. ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള ഉന്നതാധികാര സമിതിയാണ് ധനസഹായം വിതരണം നല്‍കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
കര്‍ണാടകയില്‍ കഴിഞ്ഞ വര്‍ഷം അവസാനം ആരംഭിച്ച വരള്‍ച്ചയില്‍ നാശനഷ്ടം നേരിടുന്ന കര്‍ഷകര്‍ക്ക് ദുരിതാശ്വാസം വിതരണം ചെയ്യുന്നതിനുള്ള 5662 കോടി ഉള്‍പ്പെടെ 18,174 കോടി അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. ബിജെപി ഇതര സംസ്ഥാന സര്‍ക്കാരുകളോട് കാണിക്കുന്ന പക്ഷപാതപരമായ പെരുമാറ്റത്തിന്റെ ഭാഗമായി കേന്ദ്രം ധനസഹായ വിതരണം വൈകിപ്പിച്ചതോടെ കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. 

കേരളം, തമി‌ഴ്‌നാട്, പശ്ചിമബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളും സമാന ആവശ്യവുമായി കേന്ദ്രത്തിനെതിരെ പ്രതിഷേധം നടത്തുകയും സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ദുരിതാശ്വാസമുള്‍പ്പെടെയുള്ള ഫണ്ടുകളുടെ പേരില്‍ കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം ഏറ്റുമുട്ടുന്ന പ്രവണതയെ വിമര്‍ശിച്ച സുപ്രീം കോടതി ഫണ്ട് കൈമാറുന്ന കാര്യത്തില്‍ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ മത്സരമല്ല സഹകരണമാണ് ആവശ്യമെന്നും നിര്‍ദേശിച്ചിരുന്നു. ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, സന്ദീപ് മെഹ്ത, ആര്‍ വെങ്കിട്ടരമണി, തുഷാര്‍ മെഹ്ത എന്നിവരടങ്ങിയ ബെഞ്ചാണ് കര്‍ണാടകയുടെ റിട്ട് ഹര്‍ജി പരിഗണിച്ചത്.
സംസ്ഥാനത്താകെയുള്ള 236 താലൂക്കുകളിൽ 216 താലൂക്കുകളിലും വരൾച്ചാ രൂക്ഷമായി ബാധിച്ചിട്ടുണ്ട്. മുളക് കർഷകർക്ക് മാത്രം ഇത്തവണ 2000 കോടിയുടെ നഷ്ടമുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. 

വേനൽക്കാലത്ത് സാധാരണ കേന്ദ്രസർക്കാർ നൽകുന്ന സാമ്പത്തിക സഹായം വരൾച്ച ഇത്രയും കടുത്തിട്ടും നൽകിയില്ലെന്നാരോപിച്ചാണ് കർണാടക സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. കേന്ദ്ര‑സംസ്ഥാന മന്ത്രിമാരുൾപ്പെടുന്ന മന്ത്രിതല സംഘം നൽകുന്ന റിപ്പോർട്ടിനനുസരിച്ചാണ് കേന്ദ്രസർക്കാർ നിലപാടെടുക്കേണ്ടത്. എന്നാൽ സംഘം വരൾച്ച പഠിച്ച് 2023 ഡിസംബറിൽ തന്നെ റിപ്പോർട്ട് നൽകിയെങ്കിലും യാതൊരു നടപടിയും കേന്ദ്രം സ്വീകരിച്ചിരുന്നില്ല. 

Eng­lish Sum­ma­ry: Supreme Court inter­ven­tion paid off; 3454 crores from the Cen­ter as drought relief for Karnataka

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.